- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ ചെയ്യുന്നതാണ് അവിടെയും ചെയ്തത്; കാനഡ വിഷയത്തിൽ ഇന്ത്യയെ ചൊറിഞ്ഞു പാക്കിസ്ഥാൻ; നയതന്ത്ര ബന്ധം ഉലയുന്നതിനിടെ പാക്ക് ചാര ഏജന്റുമാർ ഖലിസ്ഥാനി ഗ്രൂപ്പുകളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തിൽ കാനഡയെ അനുകൂലിച്ച് പാക്കിസ്ഥാൻ. കാനഡ വിഷയം ചാരി ഇന്ത്യക്കെതിരെ രംഗത്തുവരികയാണ് പാക്കിസ്ഥാൻ. ഇന്ത്യ സ്ഥിരമായി തങ്ങളുടെ രാജ്യത്ത് ചെയ്യുന്നതാണ് കാനഡയിലും പോയി ചെയ്തതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രതികരിച്ചു.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയുന്നതിനിടെ, കാനഡയിലുള്ള പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയുടെ ഏജന്റുമാരും ഖലിസ്ഥാൻ ഭീകരസംഘടനകളുടെ തലവന്മാരും കാനഡയിലെ വാൻകൂവറിൽ വച്ച് അടുത്തിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അഞ്ചു ദിവസം മുൻപു നടന്ന കൂടിക്കാഴ്ചയിൽ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) തലവൻ ഗുർപത്വന്ത് സിങ് പന്നൂനും മറ്റു ഖലിസ്ഥാൻ സംഘടനാ മേധാവികളും പങ്കെടുത്തതായി രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇന്ത്യാവിരുദ്ധ പ്രചാരണം പരമാവധി പ്രചരിപ്പിക്കാൻ പദ്ധതിയിട്ടെന്നാണ് റിപ്പോർട്ട്.
'പ്ലാൻ-കെ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് ഐഎസ്ഐ വൻതോതിൽ ധനസഹായം നൽകുന്നുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി പോസ്റ്ററുകളും ബാനറുകളും നിർമ്മിക്കാനും ഈ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ജൂണിൽ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.
ഖലിസ്ഥാൻ വാദി നേതാക്കവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതാണ് ഇപ്പോഴത്തെ തർക്കങ്ങളുടെ തുടക്കം. അതേസമയം കാനഡിയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിന് വിസ അനുവദിക്കുന്നത് നിർത്തിയെന്ന മുൻ അറിയിപ്പ് പിൻവലിച്ച ശേഷം വീണ്ടും പ്രസിദ്ധീകരിച്ചു. വിസ നൽകുന്നത് കൈകാര്യം ചെയ്യുന്ന ബിഎൽഎസിന്റെ വെബ്‌സൈറ്റിൽ ആണ് ആദ്യം ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. പിന്നാലെ ഇത് പിൻവലിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.
അതിനിടെ തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉയരുന്നുണ്ടെന്ന് പറഞ്ഞ ഹൈക്കമ്മീഷൻ, ഇന്ത്യയിലെ കാനഡയുടെ നയതന്ത്ര സ്ഥാപനങ്ങൾ ഇപ്പോഴും തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുഖ്ദൂൽ സിങ് ഇന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരാവിദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് രംഗത്തെത്തി. ഇയാളുടെ സംഘാംഗങ്ങൾ ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലിലാണ് ലോറൻസ് ബിഷ്‌ണോയ് ഉള്ളത്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധക്കേസിലും ബിഷ്‌ണോയ് പ്രധാന പ്രതിയാണ്.
മറുനാടന് ഡെസ്ക്