ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാക്കിസ്ഥാനിൽ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നത് പതിവ് സംഭവം ആയിട്ടുണ്ട്. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികളുമാണ് പാക്കിസ്ഥാനിലുള്ളത്. ഇതിനിടെ വിദേശകടം അടക്കം പെരുകി മൂക്കുമുട്ടിയ അവസ്ഥയിൽ നിന്നും കരകയറാൻ പാക്കിസ്ഥാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പലവഴികളാണ് പാക്കിസ്ഥാൻ ഇതിനായി തേടുന്നത്. സ്വകാര്യവൽക്കരണത്തിലൂടെ നയമാറ്റി പിടിച്ചു കയറാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്.

നിലവിലെ പരിതാപകരമായ അവസ്ഥയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിക്കാനാണ് തീരുമാനം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപരമായ സ്ഥാപനങ്ങൾ ഒഴികെയുള്ളവയാണ് സ്വകാര്യവൽക്കരിക്കാനാണ് നീക്കം. ഇന്ത്യ അടക്കം സ്വകാര്യ വൽക്കരണത്തിലൂടെ നേടിയ കുതിപ്പ് മാതൃകയാക്കാനാണ് ഈ വൈകിയ വേളയിൽ പാക്കിസ്ഥാന്റെ ശ്രമം. സർക്കാർ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

നഷ്ടമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ മാത്രം സ്വകാര്യവൽക്കരിക്കാനായിരുന്നു നേരത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷറീഫ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) യുമായി ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് എല്ലാ പൊതുമേഖല സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിക്കുന്ന തീരുമാനത്തിലേക്ക് പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്.

സർക്കാരിന്റെ ജോലി ബിസിനസ് നടത്തുകയല്ലെന്നും ബിസിനസിനും നിക്ഷേപത്തിനും അനുയോജ്യമായ കാലാവസ്ഥ ഒരുക്കുകയാണെന്നുമാണ് ഷെഹ്ബാസ് പറഞ്ഞത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കും. ഇതോടെ പാക്കിസ്ഥാനിലെ സാമ്പത്തിക മുരടിപ്പ് മാറ്റാൻ സാധിക്കുമെന്നാണ കണക്കുകൂട്ടൽ.

നേരത്തെ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങയിരുന്നു പാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അഥോറിറ്റി രീപവത്കരിക്കാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കിയിട്ടുണ്ട്. മെഡിക്കൽ, വ്യവസായിക ആവശ്യങ്ങൾക്കായുള്ള കഞ്ചാവ് കൃഷ് ചെയ്യുന്നതും, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന തുടങ്ങിയ പ്രക്രിയകൾക്കും ഈ റെഗുലേറ്ററി ബോർഡിനായിരിക്കും ഉത്തരവാദിത്വം. 13 അംഗങ്ങളാണ് ഇതിലുള്ളത്. വിവിധ സർക്കാർ ഡിപ്പാർട്‌മെന്റുകൾ, ഇന്റലിജൻസ് ഏജൻസികൾ, സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിലുള്ളവർ ഈ അഥോറിറ്റിയുടെ ഭാഗമാകും.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാണ് ഈ നടപടി. 2020 ലാണ് ഈ അഥോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച് ആദ്യമായി നിർദ്ദേശം വരുന്നത്. എന്നാൽ കഞ്ചാവും അതുമായി ബന്ധപ്പെട്ട് ആഗോളവിപണിയിൽ കടന്നുചെല്ലാനുള്ള പാക്കിസ്ഥാനെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കയറ്റുമതി,വിദേശനിക്ഷേപം,ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്.

2007 മുതൽ പാക്കിസ്ഥാന്റെ കടം കുമിഞ്ഞുകൂടുകയാണ്. കടം വാങ്ങുന്ന പണം ഉൽപ്പാദനക്ഷമതയും നേട്ടവും നൽകുന്ന തരത്തിൽ നിക്ഷേപിക്കാൻ സാധിക്കാത്തതാണ് പാക്കിസ്ഥാന് വിനയായത്. രാജ്യാന്തര ഏജൻസികളിൽ നിന്നു ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും പാക്കിസ്ഥാൻ സഹായം കൈപ്പറ്റിയത്. എന്നാൽ പൂർണമായും ഉപഭോഗ, ഇറക്കുമതി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയെന്ന നിലയിൽ കടം പെരുകുകയായിരുന്നു. പഴയ കടം വീട്ടാൻ പുതിയ കടം വാങ്ങുകയെന്ന ശൈലിയിലേക്ക് കാര്യങ്ങളെത്തി. സർക്കാർ വരുമാനത്തിന്റെ 57 ശതമാനത്തോളം പലിശയടയ്ക്കാനാണ് മാറ്റിവയ്ക്കുന്നത്.

അയൽ രാജ്യങ്ങളായ ഇന്ത്യയെയോ ബംഗ്ലാദേശിനെയോ പോലെ വളർച്ചാ നിരക്കിൽ സ്ഥിരത കൈവരിക്കാൻ പാക്കിസ്ഥാന് സാധിച്ചില്ല. മാത്രമല്ല രാഷ്ട്രീയപരമായ അസ്ഥിരതകളും അവർക്ക് വിനയായി. കയറ്റുമതി കൂട്ടുകയും നികുതി പിരിവ് കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് പാക്കിസ്ഥാനെ സംബന്ധിച്ച് അനിവാര്യതയായി മാറിയിരിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

വൻപണപ്പെരുപ്പമാണ് പാക്കിസ്ഥാൻ നേരിടുന്ന പ്രധാന പ്രശ്‌നം. ഇപ്പോഴും അത് 30 ശതമാനത്തോടടുത്താണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം കൂടി കഴിഞ്ഞതോടെ ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും വിലയിൽ വൻവർധനവാണുണ്ടായത്. ഐഎംഎഫ് ഉപദേശം കേട്ട് ഇന്ധന സബ്സിഡി വെട്ടിക്കുറച്ചത് വിലക്കയറ്റത്തം കുത്തനെ ഉയരാനും ഇടയാക്കി.

രാജ്യാന്തര നാണ്യനിധിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും പാക്കിസ്ഥാൻ നടത്തുന്നത്. ഇതിനായി ഐഎംഎഫ് സമ്മർദം ചെലുത്താൻ തുടങ്ങിയിട്ട് കാലം കുറേയായി. പുതിയ നയംമാറ്റം പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ പാതയിലെത്തിക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്. നിലവിൽ ഇന്ത്യയിലെ വൻകിട ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ വിപണി മൂല്യത്തിലും താഴെയാണ് പാക്കിസ്ഥാന്റെ ജിഡിപി എന്നാണ് കണക്കുകൾ. 365 ബില്യൺ ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം.