ഇസ്‌ലാമബാദ്: ഇന്ത്യയുടെ ശത്രുക്കളായവർ അജ്ഞാതരാൽ കൊല്ലപ്പെടുന്ന സംഭവം അടുത്തിടെ വർധിച്ചു വരികയാണ്. പാക്കിസ്ഥാനിൽ മാത്രം ഇരുപതിലേറെ ഭീകരർ അജ്ഞാതരാൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ കൊല്ലപ്പെട്ടവരെല്ലാം തന്നെ ഇന്ത്യയുടെ ഹിറ്റ്‌ലിസ്റ്റിൽ ഉള്ളവരായിരുന്നു ഏറ്റവും വിചിത്രമായ കാര്യം. അതോടെ ഈ അജ്ഞാതർ ഇന്ത്യക്കാർക്കും പ്രിയപ്പെട്ടവരായി മാറി. ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു ശത്രുവായ ഭീകരവും പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ജയിലിൽ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ കൊലയാളിയാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്.

ഇതോടെ അമീർ സർഫറാസ് ലാഹോറിൽ വെടിയേറ്റു മരിച്ചതിനു പിന്നിൽ ഇന്ത്യയ്ക്കു പങ്കുള്ളതായി സംശയിക്കുന്നെന്ന് പാക്ക് ആഭ്യന്തരമന്ത്രി മെഹ്സീൻ നഖ്വി ആരോപിച്ചു. മുൻപുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയിൽ തന്നെയാണ് അമീറും കൊല്ലപ്പെട്ടതെന്ന് നഖ്വി പറഞ്ഞു. പാക്ക് മണ്ണിൽ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും ഇന്ത്യയെ സംശയിക്കുന്നു. അന്വേഷണങ്ങൾ അവസാനിച്ചതിനു ശേഷം കൂടുതൽ പ്രസ്താവന നടത്തുമെന്നും നഖ്വി അറിയിച്ചു. അതേസമയം പാക്കിസ്ഥാന് തൽക്കാലം ചെവി കൊടുക്കാതിരിക്കയാണ് ഇന്ത്യൻ സർക്കാർ.

ഞായറാഴ്ച ലഹോറിലെ ഇസ്ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് അമീർ സർഫറാസിനെ വെടിവച്ചു കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ അക്രമികൾ കോളിങ് ബെൽ മുഴക്കി. വാതിൽ തുറന്ന് പുറത്തിറങ്ങിയ അമീറിനെ തൊട്ടടുത്തുനിന്നു വെടിവയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമീറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

ലഷ്‌കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീർ സർഫറാസ്. അമീറും കൂട്ടാളിയായ മുദാസിർ മുനീറും ചേർന്ന് കോട്ട് ലഖ്പത് ജയിലിൽ വച്ച് സരബ്ജിത് സിങ്ങിനെ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ചു ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. 2013 മെയ്‌ രണ്ടിന് ലഹോറിലെ ജിന്ന ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് സരബ്ജിത് സിങ്ങ് (49) മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം.

ലഹോറിലെ വൻ സുരക്ഷയിലുള്ള കോട്ട് ലഖ്പത് ജയിലിൽ വച്ച് അമീർ സർഫറാസ് അടക്കമുള്ള സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ഒരാഴ്ചയോളം സരബ്ജിത് സിങ് കോമയിലായിരുന്നു. 2018 ഡിസംബറിൽ സർഫറാസിനെയും മുദാസിറിനെയും ലഹോറിലെ കോടതി മോചിപ്പിച്ചിരുന്നു. എല്ലാ സാക്ഷികളും മൊഴിമാറ്റി പറഞ്ഞതോടെയാണ് ഇവർ കുറ്റവിമുക്തരായത്. അവിവാഹിതനായ അമീർ സഹോദരങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

1990ൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ബോംബ് ആക്രമണങ്ങളിൽ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 2001 പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റി രണ്ടു മാസത്തിനു ശേഷമാണ് സരബ്ജിത്ത് സിങ്ങിനെ ജയിലിൽ ആക്രമിച്ചത്.

1990ലാണ് പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ പാക് അധികൃതർ അറസ്റ്റ് ചെയ്യുന്നത്. ചാരവൃത്തിയും ബോംബ് സ്‌ഫോടനങ്ങളിലെ പങ്കും ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, പാക് ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു. കൃഷിയിൽ ഏർപ്പെട്ടിരുന്ന സരബ്ജിത്ത് അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് സരബ്ജിത്തുകൊല്ലപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് വധശിക്ഷക്കെതിരെ പലതവണ ദയാഹരജികൾ സമർപ്പിച്ചിരുന്നു. ഘാതകനായ സർഫറാസിനെ 2018 ഡിസംബറിൽ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.

അടുത്തിടെ ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികൾ വിവിധ വിദേശരാജ്യങ്ങളിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു. ലഷ്‌കറെ തയിബ ഭീകരൻ അദ്നാൻ അഹമ്മദ് അടക്കമുള്ളഴർ കൊല്ലപ്പെടടിട്ടുണ്ട്. രണ്ട് വർഷത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നതാണ് കൗതുകം. 2026നകം ഇന്ത്യയ്ക്കെതിരായ ഭീകരപ്രവർത്തനം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസംഗിച്ചത് ഇന്നലെയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുമെന്നും 2026നകം കശ്മീരിൽനിന്ന് ഭീകരത തുടച്ചുനീക്കുമെന്നുമായിരുന്നു പ്രസംഗം.

പാക്കിസ്ഥാനിലെ ദേര ഗസ്സി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സജിദ് മിർ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിലായത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. ലഷ്‌കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാക്കിസ്ഥാനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ജയിലിൽ വച്ചാണ് സജിദ് മിറിന്റെ ഉള്ളിൽ വിഷം ചെന്നത്.

അതിനും തൊട്ടുമുൻപ് ഡിസംബർ രണ്ടിനാണ് ഖലിസ്ഥാനി ഭീകരൻ ലക്‌ബിർ സിങ് റോഡ് ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ജയിലിൽവച്ച് മരിച്ചത്. നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ പ്രധാന നേതാവായിരുന്നു. പഞ്ചാബിലെ മോഗ സ്വദേശിയാണ്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാല, ലഖ്ബീർ സിങ്ങിന്റെ അമ്മാവനാണ്. 1984ൽ ഭിന്ദ്രൻവാല കൊല്ലപ്പെട്ടതിനുപിന്നാലെ ലഖ്ബീർ പാക്കിസ്ഥാനിലേക്കു കടന്നു. 1991 മുതൽ ലഹോർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. പഞ്ചാബിലേക്ക് ആയുധക്കടത്തും ഭീകരപ്രവർത്തനവും നടത്തിവരികയായിരുന്നു. വിട്ടുനൽകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട 20 ഭീകരരിൽ ഒരാളാണ്.