വാഷിങ്ടണ്‍: അമേരിക്ക വീണ്ടും ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്ന് സൂചിപ്പിച്ചു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ പരീക്ഷണങ്ങള്‍ സജീവമായി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍ എന്നു പറഞ്ഞാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ, ചൈന, ഉത്തരകൊറിയ, പാക്കിസ്താന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിനാല്‍ യു.എസും അത് ചെയ്യുന്നത് ഉചിതമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

''റഷ്യയും ചൈനയുമൊന്നും ഇതെ കുറിച്ച് തുറന്നു സംസാരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക ഒരു തുറന്ന പുസ്തകമാണ്.വ്യത്യസ്തരുമാണ്. അതിനാല്‍ അതിനെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. അവര്‍ക്ക് അതിനെക്കുറിച്ച് എഴുതാന്‍ പോകുന്ന റിപ്പോര്‍ട്ടര്‍മാര്‍ ഇല്ല''-എന്നാണ് സി.ബി.എസ് ന്യൂസിനോട് സംസാരിക്കവേ ട്രംപ് പറഞ്ഞത്.

മറ്റുള്ളവരെല്ലാം പരീക്ഷിക്കുന്നതിനാലാണ് ഞങ്ങള്‍ പരീക്ഷിക്കാന്‍ പോകുന്നത്. തീര്‍ച്ചയായും ഉത്തരകൊറിയ പരീക്ഷിക്കുന്നുണ്ട്. പാക്കിസ്താന്‍ പരീക്ഷിക്കുന്നുണ്ട്. ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന് പറയുന്ന ഈ ശക്തരായ രാജ്യങ്ങള്‍ അണ്ടര്‍ ഗ്രൗണ്ട് പരീക്ഷണങ്ങളാണ് നടത്തുന്നത്. അവിടത്തെ ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയില്ല. ഉത്തരകൊറിയ നിരന്തരം പരീക്ഷണം നടത്തുന്നു. മറ്റ് രാജ്യങ്ങളും പരീക്ഷണം നടത്തുന്നു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യം യു.എസാണ്. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യമാകാന്‍ ഞങള്‍ ആഗ്രഹിക്കുന്നില്ല-ട്രംപ് പറഞ്ഞു.

മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ യു.എസിന്റെ കൈവശമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ലോകത്തെ 150 തവണ തകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ യു.എസിന്റെ കൈവശമുണ്ട്. റഷ്യയുടെയും ചൈനയുടെയും കൈവശവും നിരവധി ആണവായുധങ്ങളുണ്ട്.റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും ആണവനിരായുധീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ അഭിമുഖത്തില്‍ മെയ് മാസത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നെന്നും, വ്യാപാരത്തിലൂടെയും തീരുവകളിലൂടെയും (ട്രേഡ് ആന്‍ഡ് താരിഫ്‌സ്) താന്‍ അത് തടഞ്ഞുവെന്നും ട്രംപ് പറഞ്ഞു. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യ പാക്കിസ്ഥാനുമായി ഒരു ആണവയുദ്ധം നടത്താന്‍ പോകുകയായിരുന്നു. ഡോണള്‍ഡ് ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചേനെ. അതൊരു മോശം യുദ്ധമായിരുന്നു. വിമാനങ്ങള്‍ എല്ലായിടത്തും വെടിവെച്ചിട്ടു. നിങ്ങള്‍ ഇത് നിര്‍ത്തിയില്ലെങ്കില്‍ യുഎസുമായി ഒരു ബിസിനസും ചെയ്യില്ലെന്ന് ഞാന്‍ ഇരു രാജ്യങ്ങളോടും പറഞ്ഞു' സിബിഎസ് അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

അതിരഹസ്യമായി ഭൂമിക്കടിയില്‍ നടത്തുന്ന ആണവ സ്‌ഫോടനങ്ങള്‍ മൂലം ഉണ്ടാകുന്ന ഭൂകമ്പം പോലെയുള്ള പ്രകമ്പനങ്ങള്‍ ആഗോള നിരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍, അത്തരം പരീക്ഷണങ്ങള്‍ രഹസ്യമായി നടത്താന്‍ കഴിയുമെന്നും, അത് കണ്ടെത്താന്‍ കഴിയില്ലെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ചൈനയും പാകിസ്ഥാനും ശരിക്കും ആണവായുധങ്ങള്‍ പരീക്ഷിക്കുന്നുണ്ടെങ്കില്‍, അത് ഇന്ത്യക്ക് ആശങ്ക തന്നെയാണ്. ഇന്ത്യയാകട്ടെ, ആദ്യം ഉപയോഗിക്കില്ല എന്ന നയം പിന്തുടരുകയും 1998ന് ശേഷം ആണവ പരീക്ഷണം നടത്താതിരിക്കുകയും ചെയ്യുന്ന രാജ്യമാണ്.

അതേസമയം, ഇപ്പോള്‍ യുഎസ് ആണവായുധങ്ങള്‍ പരീക്ഷിക്കാനുള്ള ട്രംപിന്റെ നീക്കവും, ചൈനയും പാകിസ്ഥാനും രഹസ്യമായി ഇത് ചെയ്യുന്നുവെന്ന അദ്ദേഹത്തിന്റെ വാദങ്ങളും, ഇന്ത്യക്ക് ഒരു പോഖ്റാന്‍-കകക പരീക്ഷണം നടത്താനുള്ള അവസരം തുറന്നിടുന്നുണ്ട്. ഇത് ഇന്ത്യയുടെ ഹൈഡ്രജന്‍ ബോംബിന്റെ കാര്യക്ഷമത സാധൂകരിക്കുന്നതിനും, അഗ്‌നി-ഢക ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ അല്ലെങ്കില്‍ കെ-5 അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകള്‍ എന്നിവയ്ക്കായി പോര്‍മുനകളുടെ വലുപ്പം കുറയ്ക്കുന്നതിനും സഹായിക്കും.