ന്യൂഡൽഹി: തുർക്കിയിലെയും, സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശത്തേക്ക് ദുരിതാശ്വാസ സഹായവുമായി യാത്ര തിരിച്ച ഇന്ത്യൻ വിമാനത്തിന് യാത്രാനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. എന്തുകൊണ്ടാണ് പാക് വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ അനുമതി നൽകാതിരുന്നതെന്ന് വ്യക്തമല്ല.

രണ്ടു വിമാനങ്ങളാണ് ഇന്ത്യ അയച്ചത് ഒരു വിമാനം തിങ്കളാഴ്ച രാത്രിയും, രണ്ടാമത്തേത് ചൊവ്വാഴ്ച രാവിലെയും. പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതോടെ വഴി മാറി സഞ്ചരിച്ചാണ് ഇന്ത്യൻ വ്യോമസേന വിമാനത്തിന് തുർക്കിയിലെ അദാന വിമാനത്താവളത്തിൽ ഇറങ്ങാനായത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ തിരച്ചിൽ, രക്ഷാപ്രവർത്തക ടീമുകൾ, പ്രത്യേകം പരിശീലനം കിട്ടിയ ഡോഗ് സ്‌കാഡുകൾ, മരുന്നുകൾ, ഡ്രില്ലിങ് മെഷീനുകൾ, മറ്റ് അവശ്യ ഉപകരണങ്ങൾ എന്നിവയാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്.

ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെ സൈന്യം സജ്ജമാക്കിയിട്ടുണ്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് ടീമുകൾ ഉൾപ്പെടുന്നതാണ് സംഘം. പ്രധാന മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാൻ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിന് ഇന്ത്യൻ വിമാനത്തിന് അനുമതി നിഷേധിക്കുന്നത്. 2021 ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോൾ, യുദ്ധം താറുമാറാക്കിയ ആ രാജ്യത്തേക്ക് 50,000 മെട്രിക് ടൺ ഗോതമ്പ് അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ജീവൻ രക്ഷാ മരുന്നുകളും ഇതിനൊപ്പം അയയ്ക്കാൻ തീരുമാനിച്ചിരുന്നു. വാഗാ അതിർത്തി വഴി ട്രക്കിൽ അഫ്ഗാനിസ്ഥാനിലേക്ക് സാധനങ്ങൾ കൊണ്ടുപോകാമെന്നായിരുന്നു പാക്കിസ്ഥാന്റെ ബദൽ നിർദ്ദേശം. തുർക്കിയിലെ ഭൂകമ്പ പശ്ചാത്തലത്തിലുള്ള പാക്കിസ്ഥാന്റെ കടുംപിടുത്തം രാജ്യാന്തരതലത്തിൽ വിമർശത്തിന് ഇടയാക്കിയേക്കും.

അതേസമയം, ഇന്ത്യ നൽകുന്ന സഹായങ്ങൾക്ക് തുർക്കി നന്ദി അറിയിച്ചു. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത് സുനൽ ആണ് സഹായങ്ങൾക്ക് ഇന്ത്യക്ക് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചത്. ആവശ്യത്തിന് ഉപകരിക്കുന്ന സുഹൃത്താണ് യഥാർത്ഥ സുഹൃത്ത് എന്ന അർത്ഥം വരുന്ന തുർക്കി ഭാഷയിലുള്ള പഴഞ്ചൊല്ലും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിയിലും തുർക്കി ഭാഷയിലും ദോസ്ത് എന്നത് പൊതുവാക്ക് ആണെന്നും ഇന്ത്യക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം തുർക്കി എംബസി സന്ദർശിച്ചിരുന്നു. വ്യോമസേനയുടെ സി - 17 എയർക്രാഫ്റ്റാണ് തുർക്കിയിൽ ലാൻഡ് ചെയ്തിരിക്കുന്നത്.

സിറിയയിലേക്കും സഹായം എത്തിക്കുമെന്നു് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടർമാരും ഡോഗ്സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. തുർക്കിയിലെയും സിറിയയിലേയും ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളും. ദുരന്തം മറികടക്കാൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

അതേസമയം ഭൂകമ്പത്തിൽ മരണസംഖ്യ 5000 ആയി ഉയർന്നിട്ടുണ്ടത്. സിറിയയിലും തുർക്കിയിലുമായി ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേർക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സിറിയയിൽ മാത്രം ആയിരത്തോളം പേരാണ് ഭൂചനത്തിൽ കൊല്ലപ്പെട്ടത്.

തുർക്കിയിൽ 2,379 മരിക്കുകയും 14,483 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിൽ 1,444 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ എൻഡിആർഎഫ് സംഘത്തെ തുർക്കിയിലേക്കയച്ചു. 7.8 ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുർക്കിയിൽ തുടരെ ഭൂചനങ്ങൾ ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്.

ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.