- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ലാഭിക്കാൻ പാക്കിസ്ഥാനിൽ 'നേരത്തെ ഉറങ്ങുക നേരത്തെ എണീക്കുക' നയം; മന്ത്രിസഭായോഗം പോലും പകൽവെളിച്ചത്തിൽ; സർക്കാർ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം; മാർക്കറ്റുകൾ രാത്രി എട്ടരക്ക് അടക്കണം; പാചകവാതകം പ്ലാസ്റ്റിക്ക് ബാഗിൽ; കൈയിലുള്ളത് ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള കരുതൽ ധനം; പാക്കിസ്ഥാൻ പാപ്പരാവുമ്പോൾ!
ഇസ്ലാമബാദ്: 'നേരത്തെ ഉറങ്ങുക നേരത്തെ എഴുനേൽക്കുക'- പാക്ക് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെടുന ്പുതിയ നയം ആണിത്. മാർക്കറ്റുകൾ നേരത്തെ അടക്കകുകയും, ആഡംബരങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കുന്നതുമൊക്കെ നാം കോവിഡ് കാലത്ത് കണ്ടതാണ്. പക്ഷേ പാക്കിസ്ഥാൻ ഇപ്പോൾ സമാനമായ അവസ്ഥ തിരിച്ചുവന്നിരിക്കയാണ്. ഇതിന് കാരണം കോവിഡിന്റെ പുതിയ തരംഗമൊന്നുമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. വൈദ്യുതി ലാഭിക്കാനായി ഷഹബാസ് ഷരീഫിന്റെ സർക്കാർ കോവിഡ് പ്രോട്ടോക്കോളിന് സമാനായ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പാക്കിസ്ഥാനിലെ വിഖ്യാതമായ ഡോൺ പത്രം റിപ്പോർച്ച് ചെയ്യുന്നു.
25 ശതമാനംവരെ പണപ്പെരുപ്പമാണ് പാക്കിസ്ഥാനിൽ. 55,500 കോടി രൂപയേ വിദേശനാണ്യ കരുതൽശേഖരത്തിലുള്ളൂ. ഒരുമാസത്തെ അവശ്യവസ്തുക്കൾ ഇറക്കുമതിചെയ്യാനേ ഇതു തികയൂ. കഴിഞ്ഞ രണ്ടുവർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് രാജ്യം കടന്നുപോകുന്നത്. അതിനിടെ കഴിഞ്ഞവർഷമുണ്ടായ മഹാപ്രളയം പാക്കിസ്ഥാന്റെ സാമ്പത്തികവളർച്ചയെ ബാധിച്ചു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയംമൂലമുണ്ടായത്. ഇതുമൂലം ശ്രീലങ്കക്ക് സമാനമായ പ്രതിസന്ധി നേരിടുന്ന രാഷ്ട്രം, ഗുരുതരമായ ഊർജ പ്രതിസദ്ധിയിലൂടെയും കടന്ന് പോവുകയാണ്.
മന്ത്രിസഭാ യോഗം പകൽ വെളിച്ചത്തിൽ
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാൻ ഊർജസംരക്ഷണത്തിനായി വിവിധ നടപടികൾ പ്രഖ്യാപിച്ചിക്കയാണ്. ഇതനുസരിച്ചാണ് നേരത്തെ ഉറങ്ങുക നേരത്തെ എഴുനേൽക്കുക' എന്ന നയം നടപ്പാക്കുന്നത്. ഇതോടെ മാർക്കെറ്റുകളെല്ലാം രാത്രി എട്ടരയ്ക്ക് അടയ്ക്കും. വിവാഹപരിപാടികൾ രാത്രി പത്തോടെ നിർത്തും. ഇതുവഴി 6000 കോടി രൂപ ലാഭിക്കാനാകുമെന്ന് സർക്കാർ തീരുമാനം പ്രഖ്യാപിച്ച പ്രതിരോധമന്ത്രി ഖവാജ ആസിഫ് പറഞ്ഞു.
കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഇൻകാൻഡസെന്റ് ബൾബുകളുടെ ഉത്പാദനം ഫെബ്രുവരി ഒന്നുമുതൽ നിർത്തുന്നതുൾപ്പെടെ മറ്റു നടപടികളും സർക്കാരിന്റെ ദേശീയ ഊർജസംരക്ഷണ പദ്ധതിയിലുണ്ട്. വൈദ്യുതി കൂടുതൽ വേണ്ടിവരുന്ന ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിർത്തും. ഇതുവഴി 2200 കോടി രൂപ ലഭിക്കാൻ കഴിയും. എല്ലാ സർക്കാർ മന്ദിരങ്ങളും ഓഫീസുകളും ഊർജോപയോഗം കുറയ്ക്കും. വീട്ടിലിരുന്നു ജോലിചെയ്യുന്നതിനുള്ള നയം പത്തുദിവസത്തിനുള്ളിലുണ്ടാക്കും.
ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗം പകലായിരുന്നെന്നും ഒരു വിളക്കുപോലും തെളിയിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകളിലെ വൈദ്യുതോപയോഗം 30 ശതമാനം കുറച്ച് 6200 കോടി രൂപ ലാഭിക്കാനും പദ്ധതിയുണ്ട്.ഈ വർഷം അവസാനത്തോടെ വൈദ്യുതബൈക്കുകൾ പാക്കിസ്ഥാനിൽ അവതരിപ്പിക്കും. ഇറക്കുമതിചെയ്യുന്ന ഇന്ധനത്തിന്റെ അളവ് കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനും ഇതു സഹായിക്കുമെന്ന് പ്രതിരോധമന്ത്രിക്കൊപ്പമുണ്ടായിരുന്ന കാലാവസ്ഥാ വ്യതിയാനകാര്യ മന്ത്രി ഷെറി റഹ്മാൻ പറഞ്ഞു.
പാചകവാതകം പ്ലാസ്റ്റിക്ക് ബാഗിൽ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിചിത്രമായ വാർത്തകളാണ് പാക്കിസ്ഥാനിൽനിന്ന് പുറത്തുവരുന്നത്. ആളുകൾ വലിയ പ്ലാസ്റ്റിക് ബാഗുകളിൽ പാചകവാതകം കൊണ്ടുപോകുന്ന ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു. പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത പ്രതിസന്ധി നേരിടുന്ന ഖൈബർ പഖ്തൂൺഖ പ്രവിശ്യയിലാണ് ആളുകൾ വലിയ പ്ലാസ്റ്റിക് ബലൂണുകളിൽ പാചകവാതകം നിറയ്ക്കുന്നത്. കുട്ടികൾ ഉൾപ്പെടെ ഇതു കൈകാര്യം ചെയ്യുന്നത് അപകടങ്ങൾക്കു കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
രാജ്യത്തെ പാചക വാതക ശൃംഖലയുമായി ബന്ധപ്പിച്ചിട്ടുള്ള കടകളിൽനിന്നാണ് സിലിണ്ടറിന്റെ കടുത്ത ക്ഷാമത്തെ തുടർന്ന് പ്ലാസ്റ്റിക് ബാഗുകളിൽ പാചക വാതകം നിറച്ചു നൽകുന്നത്. പാചകവാതകം ചോരുന്നത് ഒഴിവാക്കാൻ ബാഗ് വാൽവിട്ട് അടയ്ക്കുകയാണ് ചെയ്യുന്നത്. ഇതു വാങ്ങുന്ന ആളുകൾ ഒരു ഇലക്ട്രിക് പമ്പിന്റെ സഹായത്തോടെയാണ് പാചക വാതകം ഉപയോഗിക്കുന്നത്.
''പ്ലാസ്റ്റിക് ബാഗുകളിൽ പാചക വാതകം നിറയ്ക്കുന്നത് വൻ സ്ഫോടനത്തിനു വരെ കാരണമായേക്കാമെന്ന് മുന്നറിയിപ്പുള്ളതാണ്. പക്ഷേ, അത്തരം അപകടങ്ങളെക്കുറിച്ച് ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ല. ഇനി അത്തരമൊരു അപകടസാധ്യതയുണ്ടെങ്കിലും, സിലിണ്ടറുകളുടെ വൻ വില വച്ചു നോക്കുമ്പോൾ എന്നേപ്പോലുള്ള സാധാരണക്കാർക്ക് അത് താങ്ങാനാകില്ല' പ്ലാസ്റ്റിക് ബാഗിലെ പാചകവാതകം ഉപയോഗിക്കുന്ന ഒരാളെ ഉദ്ധരിച്ച് പാക്ക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്തു.
മൃഗശാലയിൽ നിന്ന് മൃഗങ്ങളെ വിൽക്കുന്നു
മൃഗങ്ങളെ പോറ്റാൻ കഴിയാതെ ആയതോടെ അവയെ വിൽക്കുന്നതും മ്യുസിയത്തിലെ പുരാവസ്തുക്കൾ ലേലം ചെയ്യുന്നതുമെല്ലാം പാക്കിസ്ഥാനിലെ പതിവായിരിക്കയാണ്. മൂൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ രണ്ടാമത്തെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകിയിരുന്നു. കട ബാധ്യതകൾ നേരിടുന്ന രാജ്യത്തിന് വരുമാനം ഉണ്ടാക്കാനാണ് ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലെ വസതി വാടകയ്ക്ക് നൽകിയത്. ഫാഷൻ ഷോകൾ, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികൾ എന്നിവ നടത്താനായാണ് വീട് വാടകയ്ക്ക് നൽകിയിരിക്കുന്നത്. ഇത് പുതിയ ഷഹബാസ് ഷരീഷ് സർക്കാരും തുടരുകയാണ്.
അതുപോലെ പ്രധാനമന്ത്രി ഭവനിൽ വളർത്തിയിരുന്ന എട്ട് പോത്തുകളെ സർക്കാർ ലേലം ചെയ്തത് 23 ലക്ഷം രൂപ നേടിയിരുന്നു.അതുപോലെ തന്നെ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും കൈയിലുള്ള 61 ലക്ഷ്വറി കാറുകൾ ലേലം ചെയ്തു. ഏകദേശം 20 കോടി രൂപ ഇതുവഴി സർക്കാർ സമാഹരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉൾപ്പെടെ 102 മിച്ച കാറുകളും ക്യാബിനറ്റ് ഡിവിഷൻ ഉപയോഗിക്കുന്ന നാല് ഹെലികോപ്റ്ററുകളും പിന്നാലെ ലേലം ചെയ്തിരുന്നു. ഇങ്ങനെ കിട്ടാവുന്ന എല്ലാ വഴിയിലും പണം ഉണ്ടാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. പക്ഷേ എന്നിട്ടും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്നില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ