- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെനറ്റർ അൻവാർ ഉൾ ഹഖ് കാക്കർ പാക്കിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി; തീരുമാനം ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും നടത്തിയ ചർച്ചയിൽ; കാക്കർ ബലൂചിസ്ഥാൻ അവാമി പാർട്ടിയിൽ നിന്നുള്ള സെനറ്റർ
ഇസ്ലാമാബാദ്: സെനറ്റർ അൻവാർ ഉൾ ഹഖ് കാക്കറിനെ പാക്കിസ്ഥാനിലെ കാവൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും, പ്രതിപക്ഷ നേതാവ് രാജ റിയാസിനെയും ഉദ്ധരിച്ച് ജിയോ ന്യൂസാണ് ഇതുറിപ്പോർട്ട് ചെയ്തത്.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷനേതാവ് രാജ റിയാസും രണ്ട് റൗണ്ടുകളായി നടത്തിയ ചർച്ചയിലാണ് അൻവാറിനെ കാവൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. വർഷാവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് കാക്കറിന്റെ നേതൃത്വത്തിലുള്ള കാവൽ സർക്കാരായിരിക്കും മേൽനോട്ടം വഹിക്കുക.
കാക്കറിനെ കാവൽ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചുള്ള കത്തിൽ ഷെഹബാസ് ഷരീഫും പ്രതിപക്ഷനേതാവും സംയുക്തമായി ഒപ്പുവെച്ചതായും പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, നിർദ്ദേശം പ്രസിഡന്റ് ആരിഫ് അൽവി അംഗീകരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബലൂചിസ്ഥാൻ അവാമി പാർട്ടിയിൽ നിന്നുള്ള സെനറ്ററാണ് കാക്കർ. 2018 മുതൽ പാക് സെനറ്റിൽ അംഗമാണ്. ബലൂചിസ്താന്റെ തെക്ക്- പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. കാവൽ മന്ത്രിസഭയെ കാക്കർ തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നിർദ്ദേശം നൽകിയത്.
സർക്കാർ പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്നാണ് പാക്കിസ്ഥാൻ ഭരണഘടന നിഷ്‌കർഷിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തീയതിയും മറ്റു കാര്യങ്ങളും തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കും
മറുനാടന് ഡെസ്ക്