- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ ആരു ഭരിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നത് വൈകുകയാണ്. അടിമുടി അട്ടിമറി നടന്നുവെന്ന് കരുതുന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥികൾ 93 മണ്ഡലങ്ങളിൽ ജയിച്ചു. 74 സീറ്റ് നേടിയ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിംലീഗ് സഖ്യ സർക്കാർ രൂപീകരിക്കാൻ ശ്രമം തുടങ്ങി.
പോളിങ്ങ് അവസാനിച്ച് 48 മണിക്കൂർ പിന്നിട്ടിട്ടും പാക്കിസ്ഥാനിൽ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. തെരഞ്ഞെടുപ്പ് നടന്ന 265 ൽ 253 മണ്ഡലങ്ങളിലെ ഫലമാണ് പുറത്തുവന്നത്. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. 93 ഇടത്ത് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫിന്റെ സ്വതന്ത്രർക്കാണ് ജയം. നവാസ് ശരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗിന് നേടാനായത് 74 സീറ്റ് മാത്രമാണ്. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപിൾസ് പാർട്ടിക്ക് 51 സീറ്റിൽ ജയിക്കാനായി.
ഇനി ഫലം വരാനുള്ള മുഴുവൻ സീറ്റിൽ ജയിച്ചാലും കേവല ഭൂരിപക്ഷം നേടാൻ ഒരു പാർട്ടിക്കും സാധിക്കില്ല. തെരഞ്ഞെടുപ്പിൽ ജയം തങ്ങൾക്കാണെന്ന വാദവുമായി നവാസ് ശരീഫ് രംഗത്തെത്തി. മുൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോയുമായും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായും കൂടിക്കാഴ്ച നടത്തി. എന്നാൽ, ഷരീഫിന് പകരം തന്നെ പ്രധാനമന്ത്രിയാക്കണെന്ന നിലപാടിലാണ് ബിലാവൽ. യുവനേതാവായ തന്നെ പ്രധാനമന്ത്രിയാക്കുന്നത് പാക്കിസ്ഥാന് ഗുണം ചെയ്യുമെന്നുാണ് വാദം. എന്നാൽ, ഉപപ്രധാനമന്ത്രി സ്ഥാനം നൽകി തർക്കം പരിഹരിക്കുമെന്നാണ് സൂചനകൾ.
കേന്ദ്രത്തിലും പഞ്ചാബ് പ്രവിശ്യയിലും സഖ്യ സർക്കാർ രൂപീകരിക്കാൻ പാക്കിസ്ഥാൻ മുസ്ലിം ലീഗും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും തമ്മിൽ തീരുമാനമായെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ തെഹ്രീകെ ഇൻസാഫിന്റെ ജയം പ്രഖ്യാപിച്ച് ഇംറാൻ ഖാന്റെ എ.ഐ സന്ദേശം പി.ടി.ഐ പുറത്തുവിട്ടു. അതേസമയം, ഫലം വൈകുന്നതിൽ റിട്ടേണിങ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരോട് ചെയർമാൻ ഗോഹാർ അലി ഖാൻ ആഹ്വാനം ചെയ്തു. സഖ്യ സാധ്യതകൾ പരിശോധിക്കാൻ തെഹ്രീകെ ഇൻസാഫ് നേതൃത്വം ഇന്ന് യോഗം ചേരും. ഇംറാൻ ഖാനെ ജയിലിൽ ചെന്ന് കണ്ട് തീരുമാനത്തിലെത്താനാണ് പാർട്ടി നീക്കം.
പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ തന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പിന്തുണയോടെ വിജയിച്ച സ്വതന്ത്രരോട് ഇമ്രാൻ നിർദേശിച്ചു.
നിർമ്മിതബുദ്ധിയുടെ സഹായത്തോടെ തയാറാക്കിയ വിഡിയോ സന്ദേശവും ഇമ്രാൻ പുറത്തുവിട്ടു. മുഖ്യഎതിരാളിയായ നവാസ് ഷരീഫിനെ വിഡിയോയിൽ 'വിഡ്ഢി' എന്നാണു സംബോധന ചെയ്തത്. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇമ്രാൻഖാന്റെ പാർട്ടിയും നവാസ് ഷരീഫിന്റെ മുസ്ലിം ലീഗ്നവാസും (പിഎംഎൽഎൻ) വിജയം അവകാശപ്പെട്ടിരുന്നു.
ഇതേസമയം, തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് പാക്ക് സേനാമേധാവി അസിം മുനീർ സർക്കാരിനെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പു വിജയകരമായി പൂർത്തിയാക്കിയെന്ന് വിദേശകാര്യവകുപ്പും അവകാശപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പു പ്രക്രിയയിൽ ആശങ്ക പ്രകടിപ്പിച്ച യുഎസും യുകെയും യൂറോപ്യൻ യൂണിയനും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു.