യുണൈറ്റഡ് നേഷൻസ്: യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ. കഴിഞ്ഞ മാസം യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ സുരക്ഷാസമിതിയിൽ യു.എസ് വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എൻ അംഗത്വത്തിൽ ഫലസ്തീന് പിന്തണ അറയിച്ചു കൊണ്ട് ഇന്ത്യ രംഗത്തെത്തിയത്.

ഫലസ്തീന് യു.എന്നിൽ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ പ്രതിനിധി പറഞ്ഞു. യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ സുരക്ഷാസമിതി അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഇന്ത്യക്ക് ദീർഘകാലമായി ഒരു നിലപാടുണ്ട്. ഫലസ്തീന്റെ അപേക്ഷയിൽ പുനഃപരിശോധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എന്നിൽ ഫലസ്തീൻ സ്ഥിരാംഗം ആകുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഇന്ത്യയുടെ യു.എൻ അംബാസിഡർ രുചിര കാംബോജ് പറഞ്ഞു.

ദ്വിരാഷ്ട്രം മാത്രമാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാനുള്ള പോംവഴി. സ്വതന്ത്ര ഫലസ്തീനെ ഇന്ത്യ പിന്തുണക്കുന്നു. എത്രയും പെട്ടെന്ന് ഇസ്രയേലും ഫലസ്തീനും സമാധാന ചർച്ചകൾ പുനഃരാരംഭിക്കണമെന്നും ഇന്ത്യൻ അംബാസിഡർ ആവശ്യപ്പെട്ടു. 1988ൽ തന്നെ ഫലസ്തീൻ രാജ്യം ഇന്ത്യ അംഗീകരിച്ചിരുന്നു. 1996ൽ ഗസ്സയിൽ ഇന്ത്യ പ്രതിനിധി ഓഫീസ് തുറന്നിരുന്നു. പിന്നീട് ഇത് ഗസ്സയിൽ നിന്നും റാമള്ളയിലേക്ക് ഓഫീസ് മാറ്റുകയായിരുന്നു. 2003ലാണ് ഓഫീസ് റാമള്ളയിലേക്ക് മാറ്റിയത്.നിലവിൽ യു.എന്നിൽ ഫലസ്തീൻ സ്ഥിരാംഗമല്ല. നിരീക്ഷക പദവിയാണ് ഫലസ്തീന് നൽകിയിരിക്കുന്നത്. യു.എന്നിലെ നടപടിക്രമങ്ങളിൽ പ?ങ്കെടുക്കാൻ ഫലസ്തീന് അധികാരമു?ണ്ടെങ്കിലും പ്രമേയങ്ങളിൽ വോട്ടവകാശമില്ല. ഫലസ്തീൻ കഴിഞ്ഞാൽ വത്തിക്കാൻ മാത്രമാണ് യു.എന്നിൽ നിരീക്ഷക പദവിയുള്ള രാജ്യം.

ഫലസ്തീന് യു.എന്നിൽ പൂർണ്ണാംഗത്വം നൽകുന്നതിന് വേണ്ടി കൊണ്ട് വന്ന പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തിരുന്നു. സുരക്ഷാസമിതിയിൽ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ നിലപാട് എടുത്തില്ല. യു.എസ് പ്രമേയത്തിന് എതിരായി നിലപാട് എടുക്കുകയും വീറ്റോ ചെയ്യുകയും ചെയ്തു.

193 അംഗ യു.എന്നിന്റെ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം സുരക്ഷാസമിതിയിലെത്തിയത്. യു.എന്നിന്റെ 194ാം അംഗമായി ഫലസ്തീനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷം അംഗങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതുകൊണ്ട് പ്രമേയം പാസാവുമായിരുന്നു. എന്നാൽ, ഇതിന് മുമ്പ് തന്നെ യു.എസ് പ്രമേയത്തെ വീറ്റോ ചെയ്യുകയായിരുന്നു.

അതിവനിടെ യു.എസിലെ വിവിധ സർവകലാശാലകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭം കരുത്താർജിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്താനാണ് പൊലീസ് ശ്രമം. 24 മണിക്കൂറിനിടെ വിദ്യാർത്ഥികളുൾപ്പെടെ നാനൂറോളം പേരെ അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിലും സിറ്റി ക്യാമ്പസിലും കൂട്ട അറസ്റ്റുണ്ടായി. കൊളംബിയ സർവകലാശാലയിൽ 109 വിദ്യാർത്ഥികളെയും സിറ്റി കാമ്പസിൽ 173 വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു.

ടെക്സസ് യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി, ലോസാഞ്ചലസ് യൂണിവേഴ്സിറ്റി തുടങ്ങി അമേരിക്കയിലെ മുഴുവൻ കാമ്പസുകളിലും പൊലീസ് കയറുകയും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാൻ ഇസ്രയേൽ അനുകൂല സംഘവും എത്തുന്നുണ്ട്. ഇത് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷം ഗസയിൽ ഇസ്രയേൽ ആരംഭിച്ച മാരകമായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസ മുനമ്പിൽ 34,000 ഫലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.