- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പില്‍ പാലസ്തീന്‍ വാദികള്‍ നിരോധനം ലംഘിച്ച് ഇന്ന് മാര്‍ച്ച് നടത്തും; പങ്കെടുക്കുന്നവരെല്ലാം രാജ്യദ്രോഹക്കേസില്‍ അകത്താവും; രാജ്യവ്യാപകമായി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ മുന്‍പില്‍ ഇന്നും നാളെയും പ്രതിഷേധം; യുകെയില്‍ കൂടുതല്‍ കുടിയേറ്റ വിരുദ്ധ പ്രകടനങ്ങള്‍
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പില്‍ പാലസ്തീന്‍ വാദികള്‍ നിരോധനം ലംഘിച്ച് ഇന്ന് മാര്‍ച്ച് നടത്തും
ലണ്ടന്‍: പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ പിന്തുണയ്ക്കുന്നവരും കുടിയേറ്റ വിരുദ്ധരും പ്രതിഷേധത്തിനിറങ്ങുന്നതോടെ, തെരുവില്‍ അരാജകത്വം നടമാടിയേക്കാവുന്ന ഒരു വാരാന്ത്യമാണ് യു കെയെ കാത്തിരിക്കുന്നത്. ഇന്ന് പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ പിന്തുണച്ചു കൊണ്ട് 500 ല്‍ അധികം പേര്‍ പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി പരിഗണിച്ച്, പ്രസ്തുത നിയമമനുസരിച്ച് കേസെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചില സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമ ശ്രമങ്ങളുടെ പേരില്‍ പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. നിരോധിത സംഘടനയില്‍ അംഗത്വം തുടരുന്നതും, സംഘടനക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും 2000 ലെ തീവ്രവാദ നിയമമനുസരിച്ച് ക്രിമിനല്‍ കുറ്റമാണ്. കേസ് തെളിഞ്ഞാല്‍ 14 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ഈ പ്രതിഷേധത്തോടൊപ്പം, രാജ്യത്ത് പലയിടങ്ങളിലായി കുടിയേറ്റ വിരുദ്ധ പ്രകടനങ്ങളും ഇന്ന് നടക്കും. കൗണ്‍സില്‍ ഓഫീസുകള്‍ക്കും അതുപോലെ, അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ക്കും മുന്നിലായിരിക്കും ഈ പ്രകടനങ്ങള്‍ നടക്കുക.
ഒരു 12 കാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വിവരങ്ങള്‍ പോലീസ് മറച്ചു വയ്ക്കുന്നു എന്ന ആരോപണമുള്ള നനീറ്റണിലായിരിക്കും ഏറ്റവും ശക്തമായ പ്രതിഷേധം പ്രതീക്ഷിക്കുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ തന്നെ പന്ത്രണ്ടോളം പട്ടണങ്ങളിലും നഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടന്‍ നഗരത്തില്‍ കാനറി ഫാര്‍ഫിലും ഐലിംഗ്ടണിലും അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്നിലായിരിക്കും പ്രതിഷേധം. മെറ്റ് പോലീസ് വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ഒരേ സമയം, ഒന്നിലധികം പ്രതിഷേധങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍, പോലീസിന് മേല്‍ സമ്മര്‍ദ്ദം ഏറുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
പാലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പിന്നീട് ഒരിക്കലും അമേരിക്ക സന്ദര്‍ശിക്കാനോ, അവിടെ ജോലി ചെയ്യുവാനോ പഠിക്കുവാനോ കഴിയില്ലെന്ന് ഇന്നലെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ, ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധവും ചിലയിടങ്ങളില്‍, പ്രാദേശികാടിസ്ഥാനത്തില്‍ ഉണ്ടായേക്കാമെന്നാണ് പോലീസ് കരുതുന്നത്.
അതിനിടയില്‍ പരിസ്ഥിതിവാദികളുടെ മിലിറ്റന്റ് ഗ്രൂപ്പ് നിരോധിക്കപ്പെട്ട പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ, ഇനി വരുന്ന മാസങ്ങളില്‍ ബ്രിട്ടനില്‍ പ്രതിഷേധങ്ങളും കലാപങ്ങളും ഒരു തുടര്‍ക്കഥയായേക്കാമെന്ന ആശങ്കയും വളര്‍ന്നിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജസ്റ്റ് സ്റ്റോപ്പ് ഓയില്‍, എക്സ്റ്റിംഗ്ഷന്‍ റെബെലിയണ്‍, ഇന്‍സുലേറ്റ് ബ്രിട്ടന്‍ തുടങ്ങിയ സംഘടനകള്‍, ഇന്ന് പാലസ്തീന്‍ ആക്ഷന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാര്‍ലമെന്റിന് മുന്‍പില്‍ നടത്തുന്ന പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.