നിക്കോഷ്യ: തുര്‍ക്കി റിപ്പബ്ലിക്കായ വടക്കന്‍ സൈപ്രസില്‍ ഇപ്പോള്‍ നടക്കുന്ന അമിതമായി ഇസ്ലാമികവത്ക്കരണത്തിന് എതിരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. ആയിരങ്ങളാണ് ഇതിന് എതിരെ തെരുവുകളില്‍ എത്തി പ്രതിഷേധിച്ചത്. രാജ്യം ഭരിക്കുന്ന വലതുപക്ഷ സര്‍ക്കാര്‍ മതേതരത്വം പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി സമരക്കാര്‍ കുറ്റപ്പെടുത്തി. തലസ്ഥാനമായ നിക്കോഷ്യയില്‍ നടന്ന പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചത് തൊഴിലാളി സംഘടനകളാണ്.

കഴിഞ്ഞ കുറേ നാളായി രാജ്യം ഭരിക്കുന്നവര്‍ മതേതരത്വം തകര്‍ക്കുന്നതായി ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. അവയില്‍ ഏറ്റവും ജനപങ്കാളിത്തമുള്ള സമരമാണ് കഴിഞ്ഞ ദിവസം നടന്നത്. സൈപ്രസിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഇപ്പോള്‍ വലിയ തോതില്‍ ഇസ്ലാമികവല്‍ക്കരണം നടക്കുകയാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇത് ഒരിക്കലും അനുവദിക്കുകയില്ല എന്നും സൈപ്രസ് മതേതര രാജ്യമായി തുടരും എന്നുമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് സംഘടനകള്‍ പ്രകടനം നടത്തിയത്.

കഴിഞ്ഞ മാസമാണ് സര്‍ക്കാരിന്റെ പുതിയ നിലപാടിനെതിരെ പ്രതിഷേധ സമരങ്ങള്‍ ശക്തമായത്. നേരത്തേ ഹൈസ്്ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇത് വിദ്യാഭ്യാസ മേഖലയിലും ഇസ്ലാമികവല്‍ക്കരണം ലക്ഷ്യമിട്ടുള്ള കടന്നുകയറ്റമായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ നടപടി സോഷ്യല്‍ എന്‍ജിനിയറിംഗ് നടത്താനും രാജ്യത്തിന് മേല്‍ തുര്‍ക്കിയുടെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അജണ്ട നടപ്പിലാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് സൈപ്രസിലെ അധ്യാപകരുടെ സംഘടയുടെ നേതാവായ എല്‍മ ഐലം ചൂണ്ടിക്കാട്ടി.

ഇതില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ശിരോവസ്ത്രത്തിന്റെ മാത്രം കാര്യമല്ല എന്നും ഇതിന് പിന്നിലെ ഹിഡന്‍ അജണ്ടകളയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആധിപത്യം നടപ്പിലാക്കാനുള്ള നീക്കങ്ങളെയാണ് തങ്ങള്‍ ചെറുക്കാന്‍ ശ്രമിക്കുന്നതെന്നും എല്‍മ ഐലം പറഞ്ഞു. തുര്‍ക്കിയിലെ ഭരണകക്ഷിയായ എ.കെ.പിയാണ് ഇതിന് പിന്നില്‍ എന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

സൈപ്രസിലെ ഭരണഘടനാ കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യാനാണ് തൊഴിലാളി

സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ദീര്‍ഘകാല നിയമപോരാട്ടം നടത്താന്‍ തന്നെയാണ് അവരുടെ തീരുമാനം. ശനിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ സൈപ്രസ് സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രതിഷേധം നടന്നത്.

സൈപ്രസിലെ തുര്‍ക്കിയുടെ അധീനതയില്‍ ഉള്ള മേഖലയിലെ സര്‍ക്കാര്‍ മന്ദിരങ്ങളുടെ സമുച്ചയം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നതിനും വിദ്വേഷം വളര്‍ത്തുന്നതിനുമാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്ന് എര്‍ദോഗാന്‍ ആരോപിച്ചു. തുര്‍ക്കി റിപ്പബ്ലിക്കായ വടക്കന്‍ സൈപ്രസില്‍ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കണമെന്ന

നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം സൂചന നല്‍കിയത്.

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറിലധികം തൊഴിലാളി സംഘടനകളാണ് നേതൃത്വം നല്‍കിയത്. വടക്കന്‍ സൈപ്രസ് ഒരു സ്വയം പ്രഖ്യാപിത പരമാധികാര രാഷ്ട്രമാണ്. ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം ടര്‍ക്കിഷ് റിപ്പബ്ലിക് ഓഫ് നോര്‍തേണ്‍ സൈപ്രസ് എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കന്‍ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. തുര്‍ക്കി മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്.