- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബുര്‍ഖ നിരോധിക്കൂ'; പ്രതിഷേധവുമായി തീവ്രവലത് സെനറ്റര്‍ ബുര്‍ഖ ധരിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍; ക്ഷമ പറയില്ലെന്ന നിലപാട് എടുത്തതോടെ പോളിന്‍ ഹാന്സന് പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഷന്‍
'ബുര്‍ഖ നിരോധിക്കൂ'; പ്രതിഷേധവുമായി തീവ്രവലത് സെനറ്റര്‍ ബുര്‍ഖ ധരിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍
കാന്‍ബെറ(ഓസ്ട്രേലിയ): പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ അടക്കമുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയന്‍ തീവ്ര വലതുപക്ഷ സെനറ്റര്‍ പോളിന്‍ ഹാന്‍സണ്‍ പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തി. പാര്‍ലമെന്റിലും പുറത്തും ഇത് രൂക്ഷമായ ആരോപണങ്ങള്‍ക്ക് ഇടയാക്കി. ഇതിന് പിന്നാലെ നേതാവിനെ സസ്‌പെന്റ് ചെയ്തു. ഡിസംബര്‍ അവസാനം വരെ മുഴുവന്‍ പാര്‍ലമെന്റ് നടപടികളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി.
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും മറ്റ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും നിയമവിരുദ്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അവതരിപ്പിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശരീരം മുഴുവന്‍ മറയ്ക്കുന്ന ഈ വസ്ത്രം ധരിച്ച് ഹാന്‍സണ്‍ സെനറ്റ് ചേംബറിലേക്ക് പ്രവേശിച്ചത്.
ഇത്തരമൊരു നിരോധനത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ ഹാന്‍സണ്‍ പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തുന്നത് ഇത് രണ്ടാം തവണയാണ്.ഹാന്‍സണ്‍ ബുര്‍ഖ ധരിച്ച് ചേംബറിലേക്ക് പ്രവേശിച്ചതോടെ സെനറ്റില്‍ ബഹളമുണ്ടായി. അത് അഴിച്ചുമാറ്റാന്‍ അവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
'ഇതൊരു വംശീയവാദിയായ സെനറ്ററാണ്, നഗ്നമായ വംശീയതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.' ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തുനിന്നുള്ള ഗ്രീന്‍സ് സെനറ്ററായ മെഹ്‌റീന്‍ ഫാറൂഖി പറഞ്ഞു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സ്വതന്ത്ര സെനറ്റര്‍ ഫാത്തിമ പൈമാന്‍ ഈ പ്രവൃത്തിയെ 'അപമാനകരം' എന്നാണ് വിശേഷിപ്പിച്ചത്.
താന്‍ മുന്നോട്ടുവച്ച ബില്‍ സെനറ്റ് തള്ളിയതിലുള്ള പ്രതിഷേധമായാണ് ബുര്‍ഖ ധരിച്ചതെന്ന് പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റില്‍ ഹാന്‍സണ്‍ പറഞ്ഞു. 'അതുകൊണ്ട് പാര്‍ലമെന്റ് ഇത് നിരോധിക്കുന്നില്ലെങ്കില്‍, നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന് കാരണമാകുന്നതുമായ, അടിച്ചമര്‍ത്തലിന്റെയും തീവ്രവാദത്തിന്റെയും പ്രതീകമായ, മതപരമല്ലാത്ത ഈ ശിരോവസ്ത്രം ഞാന്‍ നമ്മുടെ പാര്‍ലമെന്റിന്റെ സഭയില്‍ പ്രദര്‍ശിപ്പിക്കും. അതിലൂടെ ഓരോ ഓസ്‌ട്രേലിയക്കാരനും എന്താണ് അപകടത്തിലായിരിക്കുന്നതെന്ന് അറിയാന്‍ കഴിയും.' ഹാന്‍സണ്‍ പറഞ്ഞു.
ക്വീന്‍സ് ലാന്‍ഡില്‍നിന്നുള്ള സെനറ്ററായ ഹാന്‍സണ്‍, ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റത്തോടും അഭയാര്‍ത്ഥികളോടുമുള്ള കടുത്ത എതിര്‍പ്പിന്റെ പേരിലാണ് 1990-കളില്‍ ശ്രദ്ധ നേടുന്നത്. തന്റെ പാര്‍ലമെന്ററി ജീവിതത്തിലുടനീളം ഇസ്ലാമിക വസ്ത്രങ്ങള്‍ക്കെതിരെ അവര്‍ പ്രചാരണം നടത്തിയിട്ടുണ്ട്. 2017-ലും അവര്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പങ്കെടുക്കുകയും രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അനാദരവുള്ള പ്രഹസനം നടത്തിയതായി ആരോപിച്ചാണ് സെനറ്റര്‍ക്കെതിരെ നടപടി എത്തിരിക്ുന്നത്. സംഭവത്തില്‍ തിങ്കളാഴ്ച ഒരു ദിവസത്തേക്ക് പൗളിനെ സസ്പെന്‍ഡ് ചെയ്തു. ക്ഷമ പറയാന്‍ തയാറാകാത്തതോടെ ഈ വര്‍ഷം അവസാനിക്കുന്നതുവരെ സെനറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സെനറ്റര്‍ക്കെതിരെ സെന്‍സര്‍ പ്രമേയം പാസാക്കി. സെനറ്റ് അംഗങ്ങളില്‍ പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ 55 പേരാണ് നടപടി പ്രമേയത്തെ പിന്തുണച്ചത്. ഒരു വിഭാഗം ആളുകളെ ക്രൂരന്മാരായി ചിത്രീകരിക്കാനുള്ള നീചമായ പ്രവര്‍ത്തിയാണ് പൗളിന്‍ ചെയ്തതെന്ന് സെനറ്റ് അംഗീകരിച്ചു.
ഏഴ് ദിവസത്തേക്കാണ് ഈ വര്‍ഷത്തെ സെനറ്റ് ചേരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ലമെന്റ് പുനരാരംഭിക്കുമ്പോള്‍ പൗളിന്‍ ഹാന്‍സന്റെ സസ്പെന്‍ഷന്‍ തുടരും. സഹപ്രവര്‍ത്തകരല്ല, 2028 ലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണ് തന്നെ വിലയിരുത്തുക എന്ന് സെനറ്റര്‍ പ്രതികരിച്ചു.




