ന്യൂയോർക്ക്: മൂന്നുദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. പ്രവാസി ഇന്ത്യാക്കാരുടെ ആവേശമാണ് എടുത്തുപറയേണ്ടത്. ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിയെ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. ന്യൂയോർക്കിലെ മോദി താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഗുജറാത്തിലെ ഗർബ നൃത്തവും അരങ്ങേറി.

ബുധനാഴ്ച യുഎൻ ആസ്ഥാനത്ത് നടത്തുന്ന അന്താരാഷ്ട്ര യോഗാദിനാചരണം നയിക്കുന്നത് മോദിയാണ്. ഇതാദ്യമായാണ് യോഗാദിനത്തിൽ പ്രധാനപരിപാടി വിദേശത്ത് വച്ച് നടത്തുന്നത്. 9 വർഷം മുമ്പ് യുഎൻ പൊതുസഭയിലെ പ്രസംഗത്തിലാണ് യോഗാ വാർഷിക ദിനാചരണത്തിനായി പ്രധാനമന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചത്.

മസ്‌ക് എന്തുപറയും?

ന്യൂയോർക്കിൽ വച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌കുമായുള്ള കൂടിക്കാഴ്ചയും സുപ്രധാനമാണ്. ട്വിറ്ററിന്റെ തലപ്പത്ത് മസ്‌ക് എത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. 2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ്ലയുടെ കാലിഫോർണിയയിലെ ടെസ്ല ഫാക്ടറി സന്ദർശിച്ചിരുന്നു. അന്ന് പക്ഷെ മസ്‌ക് ട്വിറ്ററിന്റെ ഉടമ ആയിരുന്നില്ല.

ഇലക്ട്രോണിക് കാറുകൾ ഉൾപ്പെടെ നിർമ്മിക്കുന്ന ഫാക്ടറി ഇന്ത്യയിൽ സ്ഥാപിക്കാൻ ടെസ്ല ആലോചിക്കുന്നതിനിടെയാണ് മസ്‌കും മോദിയും ഇത്തവണ കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഒരു അഭിമുഖത്തിൽ മസ്‌കിനോടു ചോദിച്ചപ്പോൾ, 'തീർച്ചയായും' എന്നായിരുന്നു മറുപടി. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ഫാക്ടറിക്കായുള്ള സ്ഥലം തീരുമാനിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവർമാരുള്ള വ്യക്തികളിലൊരാളായ മസ്‌ക് ഫോളോ ചെയ്യുന്ന ചുരുക്കം നേതാക്കളിൽ മോദിയുമുണ്ട്.

ന്യൂയോർക്ക് സന്ദർശനത്തിനിടെ മോദി വിവിധ മേഖലകളിൽ നിന്നുള്ള വിവിധ മേധാവികളെയും നേതാക്കളേയും കാണുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നൊബേൽ ജേതാക്കൾ, സാമ്പത്തിക വിദഗ്ദർ, ചിത്രകാരന്മാർ, ശാസ്ത്രജ്ഞർ, സംരംഭകർ, അക്കാദമിക രംഗത്തുള്ളവർ, ആരോഗ്യ വിദഗ്ദർ ഉൾപ്പടെയുള്ളവർ അക്കൂട്ടത്തിലുണ്ടാവും.

അമേരിക്കൻ ഫിസിസ്റ്റ്‌ നീൽ ഡിഗ്രാസെ ടൈസൺ, മുതിർന്ന ലോക ബാങ്ക് ഉദ്യോഗസ്ഥൻ പോൾ റോമർ, ലെബനീസ്-അമേരിക്കൻ എഴുത്തുകാരൻ നസിം നിക്കോളാസ് തലബ്, നിക്ഷേപകൻ റെയ് ദാലിയോ, തുടങ്ങിയവരെയും കാണും.

യുഎസ് കോൺഗ്രസിൽ രണ്ടാം വട്ടം

ന്യൂയോർക്കിലെ പരിപാടിക്ക് ശേഷം മോദി വാഷിട്ണിലേക്ക് തിരിക്കും.അവിടെ പ്രസിഡന്റ് ജോ ബൈഡനുമായും ഭാര്യ ജിൽ ബൈഡനുമായും കൂടിക്കാഴ്ച നടത്തും.

വ്യാഴാഴ്ച മോദിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകും. ഫ്രാൻസിന്റെ ഇമ്മാനുവൽ മക്രോണിനും, ദക്ഷിണ കൊറിയയുടെ യൂൺ സുക് യോളിനും ശേഷം ബൈഡൻ വിരുന്ന് നൽകുന്ന മന്നാമത്തെ ലോക നേതാവാണ് മോദി. അന്നുതന്നെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി രണ്ടാംവട്ടം അഭിസംബോധന ചെയ്യും.

2016ൽ ഒബാമ ഭരണകൂടത്തിന്റെ സമയത്തും മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. വിൻസ്റ്റൺ ചർച്ചിലിനും, നെൽസൺ മണ്ടേലയ്ക്കും ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ അവസരം കിട്ടുന്ന മൂന്നാമനാണ് മോദി.

വെള്ളിയാഴ്ച വാഷിങ്ടൻ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിങ് ആൻഡ് ഇന്റർനാഷനൽ ട്രേഡ് സെന്ററിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. 23ന് ഉച്ചഭക്ഷണത്തിന് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് 
ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുക്കും.

മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ഇന്ത്യയും, യുഎസും നിർണായകമായ പ്രതിരോധ ഉടമ്പടികൾ മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമെടുത്തേക്കും. ജി ഇ എവിയേഷന്റെ എ414 എഞ്ചിൻ നിർമ്മിക്കാനും 31 എംക്യു സായുധ ഡ്രോണുകൾ വാങ്ങുന്നതുമായും ബന്ധപ്പെട്ടാണ് കരാറുകൾ.

യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെത് നിഷ്പക്ഷമായ നിലപാട്

യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെത് നിഷ്പക്ഷമായ നിലപാട് അല്ലെന്നും സമാധാനത്തിന്റെ ഭാഗത്താണ് രാജ്യം നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിനു മുന്നോടിയായി അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിനു നൽകിയ അഭിമുഖത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ - യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. സമാധാനത്തിനാണ് ഇന്ത്യ മുഖ്യ പരിഗണന നൽകുന്നതെന്നു ലോകത്തിന് അറിയാമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി.

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കാത്തതിൽ യുഎസിൽ വിമർശനമുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു നരേന്ദ്ര മോദി. ''ഇത്തരമൊരു ധാരണ യുഎസിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. ഈ വിഷയത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകത്തിനാകെ നന്നായി അറിയാം. സമാധാനമാണ് ഇന്ത്യയുടെ മുഖ്യ പരിഗണനയെന്നതിൽ ലോകത്തിനു പൂർണ വിശ്വാസമുണ്ട്'' മോദി വ്യക്തമാക്കി.

''ചിലർ പറയുന്നു ഞങ്ങൾ നിഷ്പക്ഷമാണെന്ന്. പക്ഷേ, ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ സമാധാനത്തിന്റെ ഭാഗത്താണ്. രാജ്യാന്തര നിയമങ്ങളും രാഷ്ട്രങ്ങളുടെ പരമാധികാരവും എല്ലാ രാജ്യങ്ങളും ബഹുമാനിക്കണം. തർക്കങ്ങൾ യുദ്ധങ്ങളിലൂടെയല്ല, നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണു പരിഹരിക്കേണ്ടത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ, ഇരുരാജ്യങ്ങളിലെയും നേതാക്കൾക്കിടയിൽ അഭൂതപൂർവമായ വിശ്വാസമുണ്ട്.'' മോദി വിശദീകരിച്ചു.

''യുഎസും ഇന്ത്യയും തമ്മിൽ വർധിക്കുന്ന പ്രതിരോധ സഹകരണം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന തൂണാണ്. ആയിരക്കണക്കിനു വർഷങ്ങളായി പലതരം വിശ്വാസങ്ങളുള്ള മനുഷ്യർ സഹകരിച്ചും സമാധാനത്തിലും അഭിവൃദ്ധിയിലും ജീവിക്കുന്ന നാടാണ് ഇന്ത്യ. നിയമത്തെ ബഹുമാനിക്കുമ്പോൾത്തന്നെ, രാജ്യത്തിന്റെ പരമാധികാരവും അഭിമാനവും സംരക്ഷിക്കാൻ ഇന്ത്യ പൂർണ സജ്ജമാണെന്നും ചൈനയോടുള്ള സമീപനത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി മോദി പറഞ്ഞു

മാറുന്ന ലോകത്തിന്റെ ബഹുതലക്രമത്തെ ഉൾക്കൊള്ളാവുന്ന തരത്തിൽ ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങൾ മാറേണ്ടതുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. യുഎസ്, ഈജിപ്ത് സന്ദർശനങ്ങൾക്കായി മോദി രാവിലെയാണു പുറപ്പെട്ടത്. പ്രധാനമന്ത്രിയെന്ന നിലയിൽ 6 തവണ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും മോദിയുടെ ഇത്തവണത്തെ യാത്ര സ്റ്റേറ്റ് സന്ദർശനമാണ്