ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ന്യൂഡല്‍ഹിയിലെത്തി. ഏകദേശം രണ്ട് മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വവും എന്നാല്‍ നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതുമായ ഈ സന്ദര്‍ശനത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോള്‍ മാറ്റി വച്ച് നേരിട്ട് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ആലിംഗനം ചെയ്താണ് പ്രധാനമന്ത്രി അദ്ദേഹത്തെ വരവേറ്റത്.

സമീപ വര്‍ഷങ്ങളിലെ ശക്തമായ വ്യക്തിപരമായ സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുന്നതായി ഈ സ്വീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കാനും പ്രതിരോധം, വ്യാപാരം, ഊര്‍ജ്ജം, പ്രാദേശിക സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാനും ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തിയത്. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അഞ്ചാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. യുഎഇ പ്രസിഡന്റിനെ 'എന്റെ സഹോദരന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്സില്‍ (നേരത്തെ ട്വിറ്റര്‍) ഒരു സന്ദേശം പങ്കുവെച്ചിരുന്നു. 'യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്യാന്‍ വിമാനത്താവളത്തില്‍ പോയി. ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യം ഈ സന്ദര്‍ശനം വ്യക്തമാക്കുന്നു. ഞങ്ങളുടെ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു,' മോദി കുറിച്ചു.



അടുത്തിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ (2024 സെപ്റ്റംബറില്‍), യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (2025 ഏപ്രിലില്‍) എന്നിവര്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് ഈ കൂടിക്കാഴ്ച.


ഇന്ത്യയും യുഎഇയും തമ്മില്‍ ശക്തമായ രാഷ്ട്രീയ ധാരണ, സാംസ്‌കാരിക ബന്ധങ്ങള്‍, വളരുന്ന സാമ്പത്തിക സഹകരണം എന്നിവയിലധിഷ്ഠിതമായ ബഹുമുഖ ബന്ധമാണ് നിലവിലുള്ളത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA), ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനം, ഉഭയകക്ഷി നിക്ഷേപ കരാര്‍ തുടങ്ങിയ ചട്ടക്കൂടുകളിലൂടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഇന്ത്യയുടെ പ്രധാന വ്യാപാര, നിക്ഷേപ പങ്കാളികളില്‍ ഒന്നായി തുടരുന്നു