ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനം ജൂൺ 21 മുതൽ 24 വരെ നടക്കും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും.

വ്യാഴ്‌ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുക.ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 21 ന് ന്യൂയോർക്കിൽ നടക്കുന്ന യോഗദിന പരിപാടികൾക്കും മോദി നേതൃത്വം നൽകും.

അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ മോദി ഈജിപ്തിലേക്ക് പോകും. യുഎസിൽനിന്നു യാത്രതിരിക്കുന്ന മോദി ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദെൽ ഫത്തേ എൽസിസിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്.

ജൂൺ 20ന് ന്യൂയോർക്കിലെത്തുന്ന മോദിയെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘം സ്വീകരിക്കും. ജൂൺ 21ന് യുഎൻ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദിയാണ്. അന്നു വൈകുന്നേരം അദ്ദേഹം വാഷിങ്ടൻ ഡിസിയിലേക്ക് യാത്ര ചെയ്യും.

ജൂൺ 22ന് മോദിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകും. അന്നുതന്നെയായിരുന്നു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി രണ്ടാംവട്ടവും അഭിസംബോധന ചെയ്യുക. 2016ൽ ഒബാമ ഭരണകൂടത്തിന്റെ സമയത്തും മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.

ജൂൺ 23ന് വാഷിങ്ടൻ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിങ് ആൻഡ് ഇന്റർനാഷനൽ ട്രേഡ് സെന്ററിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ വളർച്ചയിൽ വിദേശത്തെ ഇന്ത്യക്കാർക്കുള്ള പങ്ക് എന്നതാണ് പരിപാടിയുടെ അജൻഡ. പ്രാദേശിക സമയം രാത്രി ഏഴു മുതൽ ഒൻപതു വരെയാണ് മോദിയുടെ പരിപാടി. ആയിരത്തോളം പേർക്കാണ് ക്ഷണം.

യുഎസ് ഇന്ത്യൻ കമ്യൂണിറ്റി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ രാജ്യാന്തര ഗായിക മേരി മിൽബെന്റെ പ്രകടനവും ഉണ്ടാകും. ജൂൺ 21ന് യുഎൻ ആസ്ഥാനത്ത് നടത്തുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിലും മോദിക്കൊപ്പം മിൽബെൻ പങ്കെടുക്കും.

23ന് ഉച്ചഭക്ഷണത്തിന് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് ആഥിതേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുക്കും. 2014ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി ആദ്യം അധികാരത്തിലെത്തിയതുമുതൽ ഇതുവരെ ആറു തവണ മോദി യുഎസ് സന്ദർശിച്ചിട്ടുണ്ട്. പ്രസിഡന്റുമാരായ ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസി ഇന്ത്യക്കാർ. ഇതിന്റെ ഭാഗമായി അമേരിക്കയിലെ 20 നഗരങ്ങളിൽ 'ഇന്ത്യ യൂണിറ്റി മാർച്ച്' സംഘടിപ്പിച്ചു. നരേന്ദ്ര മോദിയുടെ കട്ടൗട്ടുകളും ഇന്ത്യ, അമേരിക്ക ദേശീയ പതാകകൾ വഹിച്ചുകൊണ്ടുമായിരുന്നു ഇന്ത്യ യൂണിറ്റി മാർച്ച്. അമേരിക്കയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രമുഖരാണ് ഓരോ റാലിയിലും പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം വളരെ ശ്രദ്ധയോടെയാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. നിരവധി സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആഘോഷമാക്കി മാറ്റാനാണ് അമേരിക്കയിലെ ഇന്ത്യക്കാർ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ കോൺഗ്രസിലെ അഭിസംബോധന ചരിത്ര മുഹൂർത്തമായിരിക്കും എന്നാണ് പ്രവാസി ഇന്ത്യക്കാർ പറയുന്നത്. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ലോക സമാധാനം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം നിർണായകമാണെന്നും അവർ പറയുന്നു.