കറാച്ചി: തൊഷാഖാന അഥവ സമ്മാന ശേഖരം കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം.കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നീക്കം.സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൻപൊലീസ് സംഘം ഇമ്രാൻഖാന്റെ വസതിക്കുമുന്നിലേക്കെത്തിയത്.

അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്.പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തിയതോടെ ലഹോറിലെ സമാൻ പാർക്കിലെ ഇമ്രാന്റെ വസതിക്ക് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.അറസ്റ്റ് തടയാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ വസതിയിൽ എത്തണമെന്ന് പ്രവർത്തകരോട് പാർട്ടി ആവശ്യപ്പെട്ടു.ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു.

 

ഒന്നര വർഷം മുമ്പാണ് ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തൊഷാഖാന എന്ന ട്രഷറിയിൽ സൂക്ഷിച്ച വില കൂടിയ സമ്മാനങ്ങൾ വിൽപന നടത്തിയത് വഴി അളവിൽ കവിഞ്ഞ സ്വത്ത് ഇംറാൻ ആർജിച്ചെന്നാണ് കേസ്.ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവിൽ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തെ സമ്മാന ശേഖരത്തിലേക്ക് (തൊഷാഖാന) നൽകണമെന്നാണ് പാക് നിയമം.സമ്മാനങ്ങളോ, അതിന്റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കി നടപടി സ്വീകരിക്കാനും നിയമം അധികാരം നൽകുന്നു.

നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി വാങ്ങാനാകും.എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് ആരോപണം.കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷൻ, പദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു.

2018 മുതൽ 4 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ 14 കോടി പാക്ക് രൂപ (ഏകദേശം 5.25 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും വിൽക്കുകയും ചെയ്‌തെന്നാണ് ആരോപണം.സ്വർണ വ്യാപാരിക്ക് വിൽപന നടത്തിയെന്ന ആരോപണത്തിലാണ് രാജ്യത്തെ അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) അന്വേഷണം നടത്തിയിരുന്നു.നെക്ലേസ് മുൻ സ്‌പെഷ്യൽ അസിസ്റ്റന്റ് സുൽഫീക്കർ ബുഖാരിക്ക് കൈമാറുകയും അദ്ദേഹം ലാഹോറിലെ സ്വർണ വ്യാപാരിക്ക് 18 കോടി രൂപക്ക് വിൽപന നടത്തിയെന്നുമാണ് ആരോപണം.

നെക്ലേസ് വിൽപന നടത്തിയത് പകരമായി ഇംറാൻ ചെറിയ തുക മാത്രമാണ് ഖജനാവിൽ നിക്ഷേപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.വിവിധ ആരോപണങ്ങളിൽ ഇംറാൻ ഖാനെതിരെ 74 കേസുകൾ ഭരണകൂടം എടുത്തിട്ടുണ്ടെന്നും ഇതിൽ 34 എണ്ണം ക്രിമിനൽ കേസുകളാണെന്നും മാധ്യമപ്രവർത്തകനായ ഫവാദ് പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.