- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ സൗകര്യം നോക്കിയാകരുത് ഭീകരവാദത്തോടും, മൗലികവാദത്തോടും, അക്രമത്തിനോടും ഉള്ള പ്രതികരണം; ആഭ്യന്തരകാര്യങ്ങളിൽ, മറ്റുരാജ്യങ്ങൾ ഇടപെടാതിരിക്കുകയും വേണം; യുഎന്നിൽ, കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: ഭീകരവാദത്തോടും, മൗലികവാദത്തോടും, അക്രമത്തിനോടും ഉള്ള പ്രതികരണം രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് ആകരുതെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ 78മത് പൊതുസഭാ സമ്മേളനത്തിൽ, കാനഡയ്ക്ക് പരോക്ഷ മുന്നറിയിപ്പാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നൽകിയത്. രാജ്യങ്ങളുടെ അതിർത്തികളെ മാനിക്കുകയും, ആഭ്യന്തരകാര്യങ്ങളിൽ, മറ്റുരാജ്യങ്ങൾ ഇടപെടാതിരിക്കുകയും വേണം. ഇതിന് വിരുദ്ധമായ പ്രവർത്തികൾ ഉണ്ടായാൽ അത് വിളിച്ചുപറയാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാകണം.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക പശ്ചാത്തലത്തിൽ, ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിന്റെയും, പാക് അതിർത്തിയിൽ തുടരുന്ന സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ ജയശങ്കറിന്റെ വാക്കുകൾ ഇരുരാജ്യങ്ങൾക്കും ഉള്ള മുന്നറിയിപ്പായി കണക്കാക്കാം.
യുഎൻ രക്ഷാസമിതി വിപൂലികരിക്കണം. ചുരുക്കം ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും, മറ്റുള്ളവർ അതുപിന്തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞെന്നും ജയശങ്കർ പറഞ്ഞു. ആഗോള തലത്തിൽ രാഷ്ട്രങ്ങൾ തമ്മിൽ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചേരിചേരാ നയത്തിന്റെ കാലത്തുനിന്ന് ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്‌സിൻ വിവേചനം പോലുള്ള അനീതി ആവർത്തിക്കാൻ ലോകം അനുവദിക്കരുതെന്നും ജയശങ്കർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ശക്തമായ നടപടികൾ വേണമെന്നും എസ് ജയശങ്കർ പറഞ്ഞു.
അതേസമയം, ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ- കാനഡ തർക്കം തുടരുന്നതിനിടെ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ പ്രതിഷേധവുമായി ഖലിസ്ഥാൻ വാദികൾ. ഇന്ത്യയുടെ ദേശീയ പതാക കത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടുകൾക്ക് നേരേ ചെരുപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ കൂടുതൽ ജാഗ്രത പാലിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ കൂട്ടി.
അതേസമയം ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം വഷളാകുന്നതിനിടെയും ഡൽഹിയിൽ നടക്കുന്ന സൈനിക മേധാവികലുടെ യോഗത്തിൽ കാനഡയും പങ്കെടുക്കുന്നുണ്ട്. സൈനിക സഹകരണത്തെ നയതന്ത്ര പ്രതിസന്ധി ബാധിക്കില്ലെന്ന് കാനഡ ഡെപ്യൂട്ടി ആർമി ചീഫ് മേജർ ജനറൽ പീറ്റർ സ്‌കോട്ട് പ്രതികരിച്ചു.




