- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിഗോഷിൻ കൊല്ലപ്പെട്ട വിമാന അപകടത്തിന് കാരണം, മനപ്പൂർവ്വമുണ്ടാക്കിയ പിഴവാകാം; റഷ്യൻ അന്വേഷണ കമ്മിറ്റി അന്വേഷണം പൂർത്തിയാക്കുന്നതുവരെ മാധ്യമങ്ങൾ കാത്തിരിക്കൂ; വിമാനാപകടത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം സാധ്യമല്ല: വാഗ്നർ മേധാവിയുടെ മരണത്തിൽ റഷ്യയുടെ പ്രതികരണം
മോസ്കോ: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗ്നി പ്രിഗോഷിൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി റഷ്യ രംഗത്തെത്തി. വിമാന അപകടത്തിന് കാരണം, മനപ്പൂർവ്വമുണ്ടാക്കിയ പിഴവാകാമെന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഖഞ്ഞു.
'അപകടത്തെ കുറിച്ച് പല അഭിപ്രായങ്ങൾ നിലനിൽക്കുന്നു ണ്ടെങ്കിലും നമുക്ക് മനപ്പൂർവ്വമായ പിഴവമാണ് കാരണം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം'-ദിമിത്രി പറഞ്ഞു. വിമാനാപകടത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം സാധ്യമല്ലെന്നും റഷ്യൻ അന്വേഷണ കമ്മിറ്റി അന്വേഷണം പൂർത്തിയാക്കുന്നതുവരെ മാധ്യമങ്ങൾ ക്ഷമ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനയാത്രക്കിടെ സുരക്ഷാ ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അമ്പേഷിക്കുന്നതായും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തുന്നതെന്നും കമ്മിറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാനുള്ള വിഭാഗമുണ്ടെങ്കിലും ഈ അപകടത്തെ കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തുന്നില്ലെന്ന് മോസ്കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർസ്റ്റേറ്റ് ഏവിയേഷൻ കമ്മിറ്റി പ്രസ്തായനവിൽ വ്യക്തമാക്കി.
റഷ്യയിൽ സൈനിക അട്ടിമറിക്ക് ശ്രമിച്ച് രണ്ടുമാസം തികഞ്ഞതിന് പിന്നാലെയാണ് പ്രിഗോഷിൻ വിമാനപാകടത്തിൽ കൊല്ലപ്പെട്ടത്. മരണത്തിന് പിന്നിൽ പുടിൻ ഭരണകൂടമാണ് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത് റഷ്യ നിഷേധിച്ചു. സെന്റ് പീറ്റേഴ്സബർഗിലാണ് പ്രിഗോഷിന്റെ സംസ്കാരം നടത്തിയത്. സംസ്കാര ചടങ്ങുകൾ അതീവ രഹസ്യമായിട്ടാണ് നടത്തിയത്. ചൊവ്വാഴ്ചയാണ് എവിടെയാണ് മൃതദേഹം സംസ്കരിച്ചത് എന്നത് സംബന്ധിച്ച് വാഗ്നർ ഗ്രൂപ്പിന്റെ വക്താവ് വെളിപ്പെടുത്തിയത്.
നേരത്തെ വിമാന അപകടത്തിൽ മരിച്ച 10 പേരിൽ ഒരാൾ യെവ്ഗനി പ്രിഗ്രോഷിനെന്നാണ് റഷ്യ സ്ഥിരീകരിച്ചിരുന്നു. റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി (എസ്കെ)യാണ് മരിച്ചത് പ്രിഗോഷിൻ തന്നെയാണെന്ന് വ്യക്തമാക്കിയത്. മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ജനിതക പരിശോധനയിലാണു സ്ഥിരീകരണം.
മോസ്കോയ്ക്കും സെന്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്നുവീണ സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന 10 പേരുടെ പേരുകൾ റഷ്യയുടെ ഏവിയേഷൻ ഏജൻസി നേരത്തെ പുറത്തുവിട്ടിരുന്നു. അതിൽ പ്രിഗ്രോഷിന്റെയും അദ്ദേഹത്തിന്റെ വലംകൈ ദിമിത്രി ഉത്കിന്റെയും പേരുമുണ്ടായിരുന്നു. ഇതിനു പിന്നാലെ മൃതദേഹങ്ങളിൽ നടത്തിയ മോളിക്യുലർ ജനിതക പരിശോധനയിൽ മരിച്ച പത്തുപേരും ആരെല്ലാമെന്നു സ്ഥിരീകരിച്ചു. വിമാനത്തിലെ പത്തുപേരുടെ പട്ടികയുമായി യോജിക്കുന്നതാണ് പരിശോധനാ ഫലം.
ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിൻ, പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. പുട്ടിനെതിരെ തിരിഞ്ഞതിനാൽ പ്രിഗോഷിനെ കൊലപ്പെടുത്തിയെന്ന് തന്നെയുള്ള ആരോപണമാണ് ശക്തം. അതേസമം ഈ ആരോപണം റഷ്യ തള്ളുകയാണ്. വിമാന അപകടത്തിന് പിന്നാലെ 'പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിൻ' എന്ന് മാത്രമായിരുന്നു പുട്ടിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങളെ അനുശോചനം അറിയിച്ച പുട്ടിൻ, എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും സമയമെടുക്കുമെന്നുമാണ് ടിവി പ്രസംഗത്തിൽ പറഞ്ഞത്.
പ്രിഗോഷിൻ പോയതോടെ ഇനി വാഗ്നർ ഗ്രൂപ്പിന് എന്തുസംഭവിക്കും എന്ന സംശയമാണ് നിലനിൽക്കുന്നത്. പ്രിഗോഷിന്റെയും വാഗ്നർ ഗ്രൂപ്പിന്റെയും നാശം യുക്രെയ്ൻ സൈന്യത്തിനും, യുക്രെയ്നിലെ റഷ്യൻ പ്രതിരോധ സേന ഉൾപ്പെടെയുള്ള 'ശത്രുക്കളുടെ സേനയ്ക്കും' ഉപകാരപ്പെടുമെന്നാണ് നിഗമനം. വിമാന അപകടത്തിന് പിന്നിൽ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാണെന്നാണ് റഷ്യൻ പൗരന്മാരും വിദേശ രാജ്യങ്ങളും സംശയിക്കുന്നത്. ഇതിനിടെ, ഉയരുന്ന ആരോപണങ്ങൾ കള്ളമാണെന്ന് വ്യക്തമാക്കി ക്രെംലിൻ രംഗത്തെത്തി. പ്രിഗോഷിന്റെ അപകടമരണത്തിലെ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിന് സമയമെടുക്കുമെന്നുമാണ് ക്രെംലിന്റെ നേരത്തെയുള്ള മറുപടി.
മോസ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബർഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ അറിയിച്ചത്. വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ സഞ്ചരിച്ച വിമാനം മോസ്കോയിൽനിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ തകർന്നുവീഴുകയായിരുന്നു. സ്വകാര്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെയും വാഗ്നർ ഗ്രൂപ്പിന്റെ ഏറ്റവും മുതിർന്ന കമാൻഡർ ദിമിത്ര ഉത്കിനിന്റെയും പേരുകളുണ്ടെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസിയാണ് അറിയിച്ചത്.
വ്ളാഡിമിർ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയതിന്റെ പ്രതികാരമായി പ്രിഗോഷിനെയും കൂട്ടരെയും ഇല്ലായ്മ ചെയ്തെന്ന നിഗമനമാണു പാശ്ചാത്യരാജ്യങ്ങൾക്കുള്ളത്. വെറുമൊരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്നയാളാണ് യവ്ഗിനി പ്രിഗോഷിൻ. ജയിലിൽ കഴിഞ്ഞ ക്രിമിനലുകളെ കോർത്തിണക്കിയാണ് ഇയാൾ സ്വന്തം പടയാളികളെ കണ്ടെത്തിയത്.
വ്ലാദിമിർ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും മോഷണത്തിനിടെ പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ ആളായി മാറി.
ബർഗർ വിൽക്കുന്ന കട തുടങ്ങി. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഈ വേളയിലാണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ.
2014-ൽ യുക്രൈനിലെ ക്രിമിന പെനിൻസുലയിൽ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്നർ സംഘത്തിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വർഷം കൊണ്ട് 50,000-ത്തിലേറെ പേർ ഉൾപ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാൻ വാഗ്നർ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിൽ 10,000 പേർ കോൺട്രാക്ടേഴ്സും 40,000 പേർ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലിൽനിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവർക്ക് ജയിൽ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉൾനാടൻ പ്രദേശമായ മോൾക്കിനിയിൽവച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
പുടിൻസ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യൻ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനികനേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യവിമർശനം ഉയർത്തുന്നുണ്ടായിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്