തെൽ അവീവ്: ഗസ്സയിലെ പ്രതിസന്ധി തുടരുമ്പോൾ ഇസ്രയേലും കടുത്ത സമ്മർദ്ദത്തിൽ. ബന്ദികളുട മോചന വിഷയത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഇസ്രയേലിൽ ഉടലെടുക്കുന്നത്. നെതന്യാഹു വസതിക്ക് മുന്നിലെ പ്രതിഷേധം തുടരുകയാണ്. വെസ്റ്റ് ജറുസലേമിലും സിസേറിയയിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നിലുമാണ് പ്രതിഷേധം തുടരുന്നത്. എല്ലാദിവസവും പ്രതിഷേധിക്കുമെന്നും ഇസ്രയേലിൽ സർക്കാർ മാറുന്നത് വരെ ഇതിൽ നിന്നും ഒരടി പിന്നോട്ട് മാറില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.

വ്യാഴാഴ്ച ഇസ്രയേലിലെ പ്രധാന റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. ഇസ്രയേൽ സർക്കാറിൽ മാറ്റമുണ്ടാകണം. ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഹമാസുമായി കരാറിലൊപ്പിടാൻ നെതന്യാഹുവിന് ഒരു താൽപര്യവുമില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ശനിയാഴ്ച തെൽ അവീവ്, ജറുസലേം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിലൂടെ മാത്രമേ നെതന്യാഹുവിനെ സമ്മർദത്തിലാക്കാൻ കഴിയുവെന്നും പ്രതിഷേധം നടത്തുന്നവരുടെ പക്ഷം. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിരോധ മന്ത്രിയും തീവ്ര ദേശീയ പാർട്ടിയായ 'ഇസ്രയേൽ ബയ്തിനു' നേതാവുമായ അവിഗ്ഡോർ ലിബർമാനും രംഗത്തെത്തിയിരുന്നു. വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലും വിജയിക്കാൻ ഇസ്രയേലിനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഉത്തരവാദിത്തമുണ്ടെന്നും ലിബർമാൻ പറഞ്ഞു. യെദിയോത്ത് അഹ്റോനോത്ത് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫയിലെ നമ്മുടെ സൈനികർ കടുത്ത അമർഷത്തിലാണ്. എന്താണ് വേണ്ടതെന്ന് അവർക്ക് മനസ്സിലാകുന്നില്ല. തോക്കിൻ മുനയിൽ അലയുന്ന താറാവുകളെപോലെയാണ് അവർക്ക് തോന്നുന്നത്. നമ്മൾ തോറ്റു. ഇസ്രയേലി പ്രതിരോധം വട്ടപ്പൂജ്യമാണ് -അദ്ദേഹം പറഞ്ഞു.

അതിനിടെ ഗസ്സ സിറ്റിയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഷുജയ പരിസരത്തുനിന്ന് പലായനം ചെയ്യുകയാണ് ഫലസ്തീനി കുടുംബങ്ങൾ. ടാങ്കുകൾ ഉപയോഗിച്ചാണ് ആക്രമണം. ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ഉത്തരവിട്ടതിനെ തുടർന്ന് ഗസ്സ സിറ്റിയുടെ വടക്കൻ ഭാഗത്തേക്കാണ് ജനങ്ങൾ പോകുന്നത്. അപകടകരമായ പ്രദേശങ്ങളെ സൂചിപ്പിച്ചുള്ള മാപ്പും സേന പുറത്തിറക്കി. 24 മണിക്കൂറിനിടെ ഗസ്സയിൽ 47 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നും 52 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.