- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ട് നിർത്താതെ പോയ പതിനേഴുകാരനായ ഡെലിവെറി ബോയിയെ വെടിവെച്ചു വീഴ്ത്തി പൊലീസ്; തോക്കു ചൂണ്ടി 'നിന്റെ തലയിൽ ബുള്ളറ്റ് കയറാൻ പോവുകയാണ്' എന്ന് പൊലീസുകാരൻ പറയുന്ന വീഡിയോയും എരിതീയിൽ എണ്ണയൊഴിച്ചു; പ്രതിഷേധത്തീയിൽ ഫ്രാൻസ്; 1000 പ്രക്ഷോഭകാരികൾ അറസ്റ്റിൽ
പാരിസ്: ഫ്രാൻസിൽ കൗമാരക്കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധത്തീ അണയുന്നില്ല. ഇതേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം വീണ്ടും വ്യാപിക്കുകയാണ്. കൊല്ലപ്പെട്ട നഹേലിന്റെ സംസ്‌കാര ചടങ്ങുകൾക്ക് മുൻപ് ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ നേരിടാനായി പാരിസിൽ 45,000 പൊലീസുകാരെ നിയോഗിച്ചു.
ശനിയാഴ്ച രാവിലെയാണ് നഹേലിന്റെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 79പേർക്ക് പരിക്കേറ്റിട്ടുണ്ട്. 1,350 വാഹനങ്ങളും 234 കെട്ടിടങ്ങളും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാലു ദിവസമായി ഫ്രാൻസിൽ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. പ്രതിഷേധത്തിന്റെ മറവിൽ വ്യാപകമായ മോഷണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ട് നിർത്താതെ പോയ പതിനേഴുകാരനായ ഡെലിവെറി ബോയിയെ പൊലീസ് വെടിവെച്ചു വീഴ്‌ത്തുകയായിരുന്നു. പതിനേഴുകാരൻ പൊലീസുകാർക്ക് നേരെ കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിയുതിർത്തത് എന്നാണ് പൊലീസ് വിശദീകരണം.
നിർത്തിയിട്ട കാറിന് നേർക്ക് ചൂണ്ടി ' നിന്റെ തലയിൽ ബുള്ളറ്റ് കയാറൻ പോവുകയാണ്' എന്ന് പൊലീസുകാരൻ പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാർ പെട്ടേന്ന് മുന്നോട്ടെടുക്കയും പൊലീസുകാരൻ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. വിഷയം പുറത്തറിഞ്ഞതിന് പിന്നാലെ, പാരീസ് നഗരത്തിൽ പ്രതിഷേധം കത്തി പടരുകയായിരുന്നു.
കൗമാരക്കാരനെ പൊലീസ് വെടിവെച്ച് കൊന്നത് അംഗീകരിക്കാനാവാത്തതും പൊറുക്കാൻ കഴിയാത്തതുമായ തെറ്റാണെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാർ അക്രമത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഫ്രാൻസിലെ ഏറ്റവും വലിയ ലൈബ്രറിക്ക് തീയിട്ടു കൊണ്ടാണ് കലാപകാരികളുടെ പ്രതികരണം.
നിരവധി പുസ്തകങ്ങൾ കത്തിയമർന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിൽ നടക്കുന്ന അക്രമത്തിന്റെ ഭാഗമായാണ് ലൈബ്രറി കത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാഴ്‌സെയിൽ നഗരത്തിലെ പബ്ലിക് ലൈബ്രറിക്കാണ് കലാപകാരികൾ തീയിട്ടത്. പൊലീസ് വാഹനങ്ങൾ കൊള്ളയടിക്കൽ, കടകൾ തകർക്കൽ, തീയിടൽ തുടങ്ങി വലിയ അക്രമങ്ങളാണ് ഫ്രാൻസിൽ നടക്കുന്നത്.
മറുനാടന് ഡെസ്ക്