- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 വർഷങ്ങൾക്ക് ശേഷം വ്‌ലാദിമിർ പുടിൻ ഉത്തര കൊറിയയിൽ
സോൾ: അമേരിക്കയും നാറ്റോയും അടക്കമുള്ള സഖ്യങ്ങളുമായുള്ള സംഘർഷത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉത്തര കൊറിയയിൽ എത്തി. യുക്രെയ്‌നിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണക്ക് റഷ്യൻ പ്രസിഡന്റ് നന്ദി അറിയിച്ചു.
അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും സന്ദർശനത്തിന് മുന്നോടിയായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പുടിൻ പറഞ്ഞു. 24 വർഷത്തിനിടെ ആദ്യമായാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. പാശ്ചാത്യ നിയന്ത്രണത്തിലല്ലാത്ത വ്യാപാര, പേമെന്റ് സംവിധാനം റഷ്യയും ഉത്തര കൊറിയയും ചേർന്ന് വികസിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു.
റഷ്യക്കും ഉത്തര കൊറിയക്കും എതിരായ പാശ്ചാത്യ ഉപരോധം ഏകപക്ഷീയവും നിയമവിരുദ്ധ നിയന്ത്രണ നടപടികളുമാണ്. വിനോദ സഞ്ചാരം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും പങ്കാളിത്തം വർധിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യയുടെ ഫാർ ഈസ്റ്റ് സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് പുടിൻ എത്തിയത്. 2000 ജൂലൈയിലാണ് പുടിൻ അവസാനമായി പ്യോങ്യാങ് സന്ദർശിച്ചത്.
റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, പുടിന്റെ ഊർജ മേഖലയുടെ പോയിന്റ് മാൻ, ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് എന്നിവർ പ്രതിനിധി സംഘത്തിന്റെ ഭാഗമാണ്. യുക്രെയ്നിലെ യുദ്ധം ആരംഭിച്ചതുമുതൽ ഉത്തരകൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയരുന്നു. ഇത് അമേരിക്കയ്ക്കും യൂറോപ്പിലെയും ഏഷ്യയിലെയും സഖ്യകക്ഷികൾക്കും ഇടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
പ്യോങ്യാങ്ങും മോസ്‌കോയും ഇത് ആവർത്തിച്ച് നിഷേധിച്ചുവെങ്കിലും യുക്രെയിനിൽ യുദ്ധം ചെയ്യാൻ സഹായിക്കുന്നതിനായി ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങൾ നൽകിയിണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രെയിനിൽ ഉപയോഗിക്കുന്നതിനായി ഉത്തര കൊറിയ 'ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും 11,000 ലധികം യുദ്ധോപകരണങ്ങളും റഷ്യയ്ക്ക് നൽകിയിട്ടുണ്ടെന്ന്' യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ സന്ദർശനം സൗഹൃദപരമായ സന്ദർശനം മാത്രമെന്നാണ് ക്രെംലിൻ പ്രതികരിക്കുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ വിഷയങ്ങളിൽ അടക്കം ധാരണകളിൽ ഒപ്പിടുമെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്യോങ്‌യാങിലെ ഓർത്തഡോക്‌സ് ദേവാലയം പുടിൻ സന്ദർശിക്കും.
ഉത്തര കൊറിയയിലെ ഏക ഓർത്തഡോക്‌സ് ദേവാലയമാണ് ഇത്. ഇരു നേതാക്കളും പങ്കെടുക്കുന്ന പ്രത്യേക പരേഡും പ്യോങ്‌യാങിൽ നടക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ കൊറിയൻ സന്ദർശനത്തിന് പിന്നാലെ പുടിൻ വിയറ്റ്‌നാമിലെ ഹാനോയി സന്ദർശിക്കും.