- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ക്ഷമിക്കുന്നയാളാണോ... എന്ന് ചോദ്യം; വഞ്ചന ഒരിക്കലും പൊറുക്കില്ലെന്ന് പുടിന്റെ മറുപടിയും; പ്രിഗോഷിന്റെ മരണത്തിന് പിന്നാലെ വൈറലായി പുടിന്റെ പഴയ അഭിമുഖത്തിലെ വാക്കുകൾ; പുടിനെ അട്ടിമറിച്ച് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ മോഹിച്ചപ്പോൾ തന്നെ വാഗ്നർ തലന്റെ നാളുകൾ എണ്ണപ്പെട്ടിരുന്നുവെന്ന് അന്താരാഷ്ട്ര നിരീക്ഷകരും
മോസ്‌കോ: അധികം സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലല്ല റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മുൻ കെജിബിക്കാരൻ ആയതു കൊണ്ട് തന്നെ ശത്രു ആരാണ് എന്ന തിരിച്ചറിയാനുള്ള അസാധ്യമായ കഴിവും പുടിനുണ്ട്. അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾക്കൊന്നും അധികം ആയുസ്സ് ഇല്ലാത്തതും. ഏറ്റവും ഒടുവിൽ പുടിനെ അട്ടിമറിച്ച് പ്രസിഡന്റ് സ്ഥാനത്തിരിക്കാമെന്ന് മോഹിച്ചതോടെയാണ് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ യെവ്‌ഗെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.
ഇതിന്റെ പിന്നിൽ പുടിന്റെ കരങ്ങളാണെന്ന് അന്താരാഷ്ട്ര നിരീക്ഷകരെല്ലാം വിലയിരുത്തുന്നു. പുടിനെ അട്ടിമറിച്ച് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ മോഹിച്ചപ്പോൾ തന്നെ വാഗ്നർ തലന്റെ നാളുകൾ എണ്ണപ്പെട്ടിരുന്നുവെന്നാണ് നിരീക്ഷകരുടെ പക്ഷം. ഇപ്പോൾ പ്രിഗോഷിന്റെ മരണത്തിന് രിന്നാലെ വൈറലായി പ്രസിഡന്റ് വ്‌ലാദമിർ പുടിന്റെ വാക്കുകൾ. പ്രിഗോഷിന്റെ മരണം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മുമ്പ് ഒരു അഭിമുഖത്തിനിടെ പുടിൻ നടത്തിയ അഭിപ്രായപ്രകടനം വൈറലാവുന്നത്. ഇക്കഴിഞ്ഞ ജൂണിൽ പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള റഷ്യൻ കൂലിപ്പട്ടാളം പുടിനെതിരെ തിരിഞ്ഞിരുന്നു.
24 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബെലാറസ് പ്രസിഡന്റിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് വാഗ്‌നർ ഗ്രൂപ്പ് പിന്മാറിയത്. പ്രിഗോഷിന്റെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയെ രാജ്യദ്രോഹമെന്നാണ് പുടിൻ വിളിച്ചത്. ഒടുവിൽ 10 പേർ മരിച്ച വിമാനാപകടത്തിൽ പ്രിഗോഷിനും കൊല്ലപ്പെടുമ്പോൾ അത് നിരവധി ചോദ്യങ്ങൾ കൂടി ഉയർത്തുന്നുണ്ട്. പ്രിഗോഷിന്റെ മരണം കൊലപാതകമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിലാണ് പുടിന്റെ പഴയൊരു ഇന്റർവ്യു വൈറലാവുന്നത്.
2018ലെ ഇന്റർവ്യുവിലാണ് പുടിന്റെ പ്രസ്താവന. നിങ്ങൾ ക്ഷമിക്കുന്നയാളാണോയെന്നായിരുന്നു പുടിനോടുള്ള ചോദ്യം. എന്നാൽ, എല്ലാവരോടും ക്ഷമിക്കില്ലെന്നായിരുന്നു ചോദ്യത്തോടുള്ള പുടിന്റെ മറുപടി. എന്താണ് ക്ഷമിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്ന ചോദ്യത്തിന് വഞ്ചനയാണ് അതെന്നായിരുന്നു പുടിന്റെ മറുപടി. പുടിന്റെ ആ വാക്കുകളിൽ ഒളിഞ്ചിരിക്കുന്നത് വഞ്ചനയ്ക്ക് മറുപടി മരണം എന്നുതന്നെയാണ് വിലയിരുത്തൽ.
മോസ്‌കോയിൽ നിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ ഇന്നലെ രാത്രിയാണ് 10 പേരുമായി പോയ വിമാനം അപകടത്തിൽപെട്ടത്. ഈ അപകടത്തിലാണ് വാഗ്‌നർ ഗ്രൂപ്പു തലവൻ കൊല്ലപ്പെട്ടത്. എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സ്വന്തം താൽപര്യസംരക്ഷണത്തിനായി വളർത്തിയെടുത്ത വാഗ്നർ കൂലിപ്പടയുടെ തലവനാണ് ഇപ്പോൾ ദുരൂഹമായ വിമാനാപകടത്തിൽ മരിച്ചത്. വെറുമൊരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്നയാളാണ് യവ്ഗിനി പ്രിഗോഷിൻ. ജയിലിൽ കഴിഞ്ഞ ക്രിമിനലുകളെ കോർത്തിണക്കിയാണ് ഇയാൾ സ്വന്തം പടയാളികളെ കണ്ടെത്തിയത്.
വ്ലാദിമിർ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും മോഷണത്തിനിടെ പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ ആളായി മാറി.
The one thing I can't forgive is betrayal.#Prigozhin pic.twitter.com/qYPjxLlp3c
- Saif (@SaifAlThafir1) August 23, 2023
ബർഗർ വിൽക്കുന്ന കട തുടങ്ങി. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഈ വേളയിലാണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ.
2014-ൽ യുക്രൈനിലെ ക്രിമിന പെനിൻസുലയിൽ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്നർ സംഘത്തിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വർഷം കൊണ്ട് 50,000-ത്തിലേറെ പേർ ഉൾപ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാൻ വാഗ്നർ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിൽ 10,000 പേർ കോൺട്രാക്ടേഴ്‌സും 40,000 പേർ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലിൽനിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവർക്ക് ജയിൽ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉൾനാടൻ പ്രദേശമായ മോൾക്കിനിയിൽവച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
മറുനാടന് ഡെസ്ക്