- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിം ജോങ് ഉന്നിന് ലിമോസിൻ സമ്മാനിച്ച് പുടിൻ, ഒപ്പമൊരു വാളും
മോസ്‌കോ: യുക്രൈനെ റഷ്യ ആക്രമിച്ചതോടെ ലോകത്തെ ശാക്തിക ചേരികളുടെ ക്രമം തന്നെ മാറുകയായിരുന്നു. റഷ്യക്കെതിരെ പലവിധത്തിലുള്ള ഉപരോധങ്ങൾ അമേരിക്ക ഏർപ്പെടുത്തിയെങ്കിലും അതൊന്നും പൂർണമായും വിജയിച്ചിട്ടില്ല. ഇതിനിടെയാണ് ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങിനെ പുടിൻ കാണാൻ എത്തിയത്. ഈ യാത്ര ലോകം ശ്രദ്ധിച്ചതായിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി പുടിൻ ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന് നൽകിയ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റഷ്യൻ വാർത്ത ഏജൻസി ടാസ്സ്.
റഷ്യൻ നിർമ്മിത ഓറസ് ലിമോസിൻ കാർ, ടീ സെറ്റ്, വാൾ എന്നിവയാണ് പുടിന്റെ സമ്മാനം. പ്യോങ്യാങ്ങിലുള്ള പുടിന് കൊറിയൻ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന വിവിധ കലാസൃഷ്ടികളാണ് കിങ് ജോങ് ഉൻ സമ്മാനമായി നൽകിയത്. കാറുകളോ മറ്റ് ആഡംബര വസ്തുക്കളോ ഇറക്കുമതി ചെയ്യുന്നതിന് കർശന നിയന്ത്രണമുള്ള രാജ്യമാണ് ഉത്തര കൊറിയ. കഴിഞ്ഞ വർഷം പ്രസിഡന്റ് പുടിന്റെ ക്ഷണം സ്വീകരിച്ച് കിം ജോങ് ഉൻ റഷ്യ സന്ദർശിച്ചിരുന്നു.
അന്ന് ഓറസ് സെനറ്റ് ലിമോസിൻ കാറിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. അന്നു തന്നെ കിം ജോങ് ഉന്നിന് വാഹനം ഇഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ലിമോസിൻ കാർ പുടിൻ കിം ജോങ് ഉന്നിന് സമ്മാനിച്ചിരുന്നു. തന്റെ ഉത്തര കൊറിയൻ സന്ദർശനത്തിൽ രണ്ടാമത്തെ ലിമോസിൻ കാർ സമ്മാനമായി നൽകാൻ പുടിൻ തീരുമാനിക്കുകയായിരുന്നു. കിമ്മിനൊപ്പം പുടിൻ കാറിൽ ടെസ്റ്റ് ഡ്രൈവ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സോവിയറ്റ് കാലത്തെ ഓർമ്മിപ്പിക്കുന്ന റെട്രോ സ്‌റ്റൈൽ ലിമോസിനാണ് കിമ്മിന് സമ്മാനിച്ച ഓറസ് സെനറ്റ്. പുടിൻ ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നാണ് ഈ ഓറസ് സെനറ്റ്. കിം വാഹനപ്രേമിയാണെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. ആഡംബര വിദേശ വാഹനങ്ങളുടെ വലിയ ശേഖരം കിമ്മിനുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ്ബാക്ക് ലിമോസിൻ, മേസിഡസിന്റെ വിവിധ മോഡലുകൾ, റോൾസ് റോയ്‌സ് ഫാന്റം, ലെക്‌സസ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നിങ്ങനെ കിമ്മിന്റെ കൈയിൽ വാഹനങ്ങളേറെയാണ്.
ഈ വർഷം സെന്റ് പീറ്റേഴ്‌സ്ബർഗിലെ പഴയ ടൊയോട്ട ഫാക്ടറിയിൽ റഷ്യ ഓറസ് ആഡംബര കാറുകളുടെ നിർമ്മാണം ആരംഭിച്ചതായി റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം 40 ഓറസ് ബ്രാന്റ് കാറുകൾ റഷ്യയിൽ വിറ്റുപോയെന്നാണ് റഷ്യൻ അനലിറ്റിക്കൽ ഏജൻസി ഓട്ടോസ്റ്റാറ്റ് വ്യക്തമാക്കുന്നത്.
പുറത്തുനിന്ന് ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുന്നതിന് കരാറിലെത്താൻ സന്ദർശനത്തിനിടെ പുടിനും കിങ് ജോങ് ഉന്നും ധാരണയായിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പൂർണമായി പിന്തുണക്കുന്നുവെന്ന് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞു. 24 വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ സന്ദർശിച്ച പുടിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടുത്ത ഘട്ടം മോസ്‌കോയിൽ നടക്കുമെന്നും പുടിൻ പറഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ ഉത്തര കൊറിയ പിന്തുണ അറിയിച്ചിരുന്നു. യുക്രെയ്നെതിരായ ആക്രമണത്തിൽ റഷ്യ ഉത്തര കൊറിയൻ ആയുധങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ 7000 കണ്ടെയ്നർ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി ഷിൻ വോൺ സിക് ആരോപിക്കുന്നത്.
ഇതിന് പകരമായി ഭക്ഷണവും സാമ്പത്തിക സഹായവും ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നുണ്ട്. മിസൈൽ നിർമ്മാണത്തിലും ചാര സാറ്റലൈറ്റുകളുടെ നിർമ്മാണത്തിലുമുള്ള സാങ്കേതിക വിദ്യാ സഹായമാണ് കിം പുടിനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുടിന് ആയുധങ്ങളും കിമ്മിന് സാങ്കേതിക വിദ്യയും വേണ്ട സാഹചര്യത്തിലാണ് ഇരു നേതാക്കളും ഒന്നിച്ചതും.
യുഎസിന് മുന്നറിയിപ്പ് നൽകാനായി റഷ്യ, ഉത്തര കൊറിയയുമായുള്ള ബന്ധം ഉപയോഗിച്ചിരുന്നു. മറുവശത്ത് കനത്ത ഉപരോധം ഏർപ്പെടുത്തിയ ഉത്തരകൊറിയ മോസ്‌കോയിൽ നിന്ന് രാഷ്ട്രീയ പിന്തുണയും സാമ്പത്തിക പിന്തുണയും വ്യാപാരവും ആണ് തേടുന്നത്. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളാൽ നിരോധിച്ച ഉത്തര കൊറിയയുടെ മിസൈൽ, ആണവ പദ്ധതികൾക്ക് റഷ്യ സഹായം നൽകുമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ഭയപ്പെടുന്നത്.