ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. തനിക്ക് പകരം വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനെ അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, റഷ്യ നൽകുന്ന പിന്തുണയ്ക്ക് മോദി പുടിനെ നന്ദി അറിയിച്ചു. ഇരുനേതാക്കളും ഇടയ്ക്കിടെ വിളിച്ച് ബന്ധപ്പെടാനും ധാരണയായി.

യുക്രെയിൻ യുദ്ധ കുറ്റങ്ങളുടെ പേരിൽ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യുദ്ധകുറ്റങ്ങൾ റഷ്യ നിഷേധിക്കുന്നുമുണ്ട്. അറസ്റ്റ് ഭയന്നാണ് ദക്ഷിണാഫ്രിക്കയിൽ ബ്രിക്‌സ് ഉച്ചകോടിയിലും പുടിൻ പങ്കെടുക്കാതിരുന്നത്. വീഡിയോ ലിങ്ക് വഴി ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു റഷ്യൻ പ്രസിഡന്റ്.

സെപ്റ്റംബർ ഒൻപത്, പത്ത് തീയതികളിൽ ഡൽഹിയിൽവച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്.