- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്റ്റോം ഷാഡോസോ തങ്ങള്‍ക്ക് നേരേ യുക്രെയിന് തൊടുത്തുവിട്ടാല്‍ വിവരമറിയും; ആണവായുധം പ്രയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പുടിന്‍; ആണവ നയത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ്
ആണവായുധം പ്രയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പുടിന്‍
മോസ്‌കോ: ദീര്‍ഘദൂര മിസൈലുകള്‍ തങ്ങള്‍ക്ക് നേരേ പ്രയോഗിച്ചാല്‍ റഷ്യ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഏതെങ്കിലും ആണവ ശക്തിയുടെ പിന്തുണയോടെയുള്ള യുക്രെയിന്റെ മിസൈലാക്രമണം സംയുക്താക്രമണമായി കണക്കാക്കും.
പരമ്പരാഗത പാശ്ചാത്യ മിസൈലുകള്‍ റഷ്യക്കെതിരെ പ്രയോഗിക്കാന്‍ യുക്രെയിന് അനുമതി നല്‍കണമോ എന്ന് അമേരിക്കയും ബ്രിട്ടനും കൂടിയാലോചിക്കുന്നതിനിടെയാണ് പുടിന്റെ മുന്നറിയിപ്പ്. 500 കിലോമീറ്ററിലേറ ദൂരമുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ ആണവേതര ആയുധങ്ങള്‍ ഘടപ്പിച്ച മിസൈലുകളാണ് പരമ്പരാഗത മിസൈലുകള്‍.
ആണവായുധശേഷിയില്ലാത്ത യുക്രെയ്‌ന് ആണവായുധങ്ങളുടെ ശേഖരമുള്ള യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ട്. നേരത്തെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച നടത്തിയ യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സെലന്‍സ്‌കി ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വര്‍ഷം നിരവധി തവണ റഷ്യയിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ മിസൈലുകള്‍ അയച്ചിരുന്നു.
ആക്രമണം ഉണ്ടായാല്‍ റഷ്യയുടെയോ സഖ്യകക്ഷിയായ ബെലാറസിന്റെയോ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. തങ്ങളുടെ സ്റ്റോം ഷാഡോ എന്ന മിസൈല്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ കഴിഞ്ഞയാഴ്ച യു.കെ. അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. യു.കെ. പ്രധാനമന്ത്രി കെയ് ര്‍ സ്റ്റാര്‍മര്‍ വാഷിങ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റഷ്യയുടെ നേര്‍ക്ക് യുക്രെയിന്‍ ആയുധം പ്രയോഗിക്കുന്നതായിരുന്നു ചര്‍ച്ചാവിഷയം.
തങ്ങളുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകും വിധം ഏതെങ്കിലും ശത്രു ആണവായുധാക്രമണമോ പരമ്പരാഗത ആക്രമണമോ നടത്തിയാല്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് റഷ്യായുടെ 2020 ല്‍ പ്രസിദ്ധീകരിച്ച ആണവ നയത്തില്‍ പറയുന്നത്. എന്നാല്‍, എതിരാളിയായ ആണവ ശക്തിയുടെ പിന്തുണയോടെ റഷ്യക്കോ ബെലാറസിനോ നേരേ യുക്രെയിന്‍ പരമ്പരാഗത മിസൈലുകള്‍ പ്രയോഗിച്ചാലും അത് സംയുക്ത ആക്രമണമായി കണക്കാക്കി ആണവായുധം പ്രയോഗിക്കുമെന്നതാണ് പുടിന്‍ വരുത്തുന്നമാറ്റം.
അതേസമയം ദീര്‍ഘദൂര മിസൈലുകളായ ബ്രിട്ടീഷ് സ്റ്റോം ഷാഡോസും യുഎസിന്റെ ATACMS ഉം പ്രയോഗിച്ച് റഷ്യയുടെ പ്രഹര ശേഷിയെ തളര്‍ത്താന്‍ അനുവദിക്കണമെന്ന് സെലന്‍സ്‌കി മാസങ്ങളായി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു വരികയാണ്.