- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത് എന്തിനെന്ന് ആർക്കും അറിയില്ല; ജയിലിലായവരെ ഇന്ത്യൻ അംബാസിഡർ കണ്ടത് 2022 ഒക്ടോബറിൽ; മാസങ്ങൾക്ക് മുമ്പ് ഏകാന്ത തടവ് മാറ്റിയപ്പോൾ പ്രതീക്ഷയായി; അപ്രതീക്ഷിതമായി വധ ശിക്ഷാ തീരുമാനം; ഖത്തറിന്റെ പ്രകോപനം ഹമാസിന് വേണ്ടിയോ?
ന്യൂഡൽഹി: ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ വിശദീകരിച്ച് നയതന്ത്ര നീക്കം ശക്തമാക്കുമ്പോഴും ഉയരുന്നത് ആശങ്ക മാത്രം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറുമായി ഇക്കാര്യം സംസാരിക്കും. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്.
ഇവർ അൽദഹ്‌റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലിചെയ്യാൻ പോയത്. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്‌റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം. ഒക്ടോബറിൽ ഇന്ത്യ ഇക്കാര്യം ഖത്തറുമായി ചർച്ച ചെയ്തിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കാത്ത ഗൾഫ് രാജ്യമാണ് ഖത്തർ. ഹമാസിന് വേരുകളുള്ള രാജ്യം. ഹമാസിന്റേത് തീവ്രവാദ ആക്രമണമെന്ന് പ്രതികരിച്ച പ്രധാന ലോക നേതാക്കളിൽ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്. ഇത് ഇസ്രയേലിന് കരുത്താകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണോ ഖത്തർ നടത്തുന്നതെന്ന ആശങ്കയും ഉണ്ട്. ഏതായാലും കരുതലോടെ മുമ്പോട്ട് പോകാനാണ് ഇന്ത്യൻ തീരുമാനം. ആവശ്യം വന്നാൽ അന്താരാഷ്ട്ര കോടതിയേയും ഇന്ത്യ സമീപിക്കും.
ഇന്ത്യാക്കാർക്കെതിരെ എന്തൊക്കെയാണ് ചുമത്തിയ വകുപ്പുകൾ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാലിപ്പോഴും ഇവർക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇന്ത്യക്കാരെ അറിയിച്ചിട്ടില്ല. വിചാരണ വളരെ രഹസ്യമായതിനാൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ചച്ചകൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്.
ശിക്ഷയ്ക്ക് വിധേയമായവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവർക്ക് വധശിക്ഷ നൽകിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലാകുന്നത്. ഒക്ടോബർ ഒന്നിന് ദോഹയിലെ ഇന്ത്യൻ അംബാസിഡർ തടവിലായവരെ കണ്ടു. പിന്നീട് നിയമ പോരാട്ടമായി. നാവികരുടെ ജാമ്യാപേക്ഷ മാർച്ചിൽ കോടതി തള്ളി. തുടർന്ന് കുറ്റപത്രം നൽകി. മാർച്ച് 29നാണ് വിചാരണ തുടങ്ങിയത്. ഇതിനിടെ കപ്പൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു.
ഏകാന്ത തടവിലായിരുന്നു എല്ലാവരും തുടക്കത്തിൽ. ഈ വർഷം ഓഗസ്റ്റിൽ അതിന് മാറ്റം വരുത്തി. ഇതോടെ പ്രതീക്ഷയിലായി തടവിലുള്ളവർ. ഇതിനിടെയാണ് വധശിക്ഷ വന്നത്.
മറുനാടന് മലയാളി ബ്യൂറോ