- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മന്ത്രിസഭയുടെ തീരുമാനം വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ അതിവേഗ ഫയല്‍ നീക്കങ്ങള്‍; അമിത് ഷാ 'യെസ്' മൂളിയതോടെ വിശ്വസ്തന് അതിവേഗം ഡല്‍ഹിയില്‍ നിന്നും മടങ്ങാനായി; രാത്രിയില്‍ തിരുവനന്തപുരത്ത്; രാവിലെ ചുമതലയേല്‍ക്കല്‍; ഇനി കണ്ണൂരിലേക്ക്; കൂത്തുപറമ്പിലെ 'പഴയ വില്ലന്‍' കേരളത്തിന്റെ പോലീസ് മേധാവി; റവാഡ ചന്ദ്രശേഖര്‍ തലപ്പത്ത്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താല്‍ക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ കൈമാറി. അതിന് ശേഷം ഗാര്‍ഡ് ഓര്‍ ഓണറും സ്വീകരിച്ചു. ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായിരുന്ന റവാഡ ചന്ദ്രശേഖര്‍ പുതിയ ചുമതലയില്‍ നിയോഗിതനായതിന് പിന്നാലെ ഡെപ്യൂട്ടേഷനില്‍ നിന്നും വിടുതല്‍ നേടി. നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ അദ്ദേഹം കേരളത്തില്‍ എത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തേയ്ക്ക് എത്തിയ എത്തിച്ചേര്‍ന്ന പുതിയ പൊലീസ് മേധാവിയ്ക്ക് പൊലീസ് സേന ആദരവോടെയുള്ള വരവേല്‍പ്പാണ് ഒരുക്കിയത്. താല്‍ക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷില്‍ നിന്നും ചുമതല ഏറ്റെടുത്ത റവാഡ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇതിന് പിന്നാലെ പൊലീസ് സേന ഒരുക്കിയ ഗാര്‍ഡ് ഓഫ് ഓണറില്‍ സല്യൂട്ട് സ്വീകരിച്ചു. അതിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇനി കണ്ണൂരിലേക്ക് പോകും. അവിടെ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കാണും.
തിങ്കാളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്നും 3 പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയില്‍ നിന്നാണ് മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. നേരത്തെ റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. അന്ന് എ എസ് പിയായിരുന്നു. ഐപിഎസുകാരനായ ശേഷമുള്ള ആദ്യ ചുമതല. ഇതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ കിട്ടി. കേസില്‍ പ്രതിയായി. പിന്നീട് കുറ്റ വിമുക്തനുമായി. ഇതെല്ലാം കാരണമാണ് 2008ല്‍ റവാഡ കേന്ദ്ര ഡെപ്യുട്ടേഷനില്‍ പോയത്. പിന്നീട് തിരിച്ചെത്തിയത് പോലീസ് മേധാവിയായണ്. അപ്പോഴും ആദ്യ ഔദ്യോഗിക ചടങ്ങ് കണ്ണൂരിലാകുന്നു.
ഇന്നലെ രാവിലെയാണ് മന്ത്രിസഭാ യോഗം റവാഡയെ പോലീസ് മേധാവിയായി നിശ്ചയിച്ചത്. ഇതിന് പിന്നാലെ ഉത്തരവ് ഇറങ്ങി. ഇതിന് ശേഷം റവാഡ കേന്ദ്രത്തില്‍ നിന്നും വിടുതലിന് അപേക്ഷിച്ചു. അതിവേഗ ഫയല്‍ നീക്കങ്ങളിലൂടെ വൈകുന്നേരത്തോടെ റവാഡയെ കേരളത്തിലേക്ക് മടക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനായിരുന്നു റവാഡ. അതുകൊണ്ട് തന്നെ അമിത് ഷായുടെ പ്രത്യേക താല്‍പ്പര്യവും ഈ വിടുതലിന് പിന്നിലുണ്ട്. അങ്ങനെയാണ് വിടുതല്‍ വാങ്ങി രാത്രിയോടെ തിരുവനന്തപുരത്ത് റവാഡയ്ക്ക് എത്താനായത്. രാവിലെ ചുമതല ഏല്‍ക്കലും സംഭവിച്ചു.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. റവാഡയെന്ന കര്‍ഷക കുടുംബത്തില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്കെത്തിയ അദ്ദേഹം തലശ്ശേരി എഎസ്പിയായിട്ടാണ് സര്‍വ്വീസ് ജീവിതം ആരംഭിച്ചത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയായി എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു. ഔദ്യോഗിക ഐപിഎസ് ജീവിതം തുടങ്ങിയതിന് തൊട്ടു പിന്നാലെ കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ സസ്പെന്‍ഷനിലായി. പിന്നീട് കെഎപി കമാന്‍ഡറായാണ് മടങ്ങിയെത്തിയത്.
തുടര്‍ന്ന് വയനാട്, മലപ്പുറം, എറണാകുളം റൂറല്‍, പാലക്കാട് എസ്പിയായും തൃശ്ശൂര്‍, കൊച്ചി റെയ്ഞ്ച് ഡിഐജിയായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. രണ്ട് വര്‍ഷം യുഎന്‍ ഡെപ്യൂട്ടേഷനിലും ഐബിയില്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ചു. ഐബി സ്പെഷ്യല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.