- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂത്തി ആക്രമണം ആഗോള വിലക്കയറ്റത്തിന് കാരണമാകും
ലണ്ടൻ: കോവിഡിന്റ് ആക്രമണത്തിൽ നട്ടെല്ല് ഒടിഞ്ഞു പോയതാണ് ആഗോള വിതരണ ശൃംഖലയുടെ. പിന്നീട് ഒരുവിധം പഴയ നിലയിലേക്ക് തിരിച്ചെത്താൻ ഏറെ ക്ലേശിക്കേണ്ടതായും വന്നു. ഈ മേഖലയിൽ ഉള്ളവരുടെ സ്ഥിരോത്സാഹവും കട്ഘിനാദ്ധ്വാനവും തന്നെയായിരുന്നു തകർന്നടിഞ്ഞ ആഗോള വിതരണ ശൃംഖലയെ പഴയ നിലയിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ, വീണ്ടും ഈ രംഗത്ത് വൻ തിരിച്ചടി ഉണ്ടാക്കുകയാണ് ഒരു കൂട്ടം തീവ്രവാദി ആക്രമണങ്ങൾ.
യമനിലെ ഹൂത്തി വിമതർ, ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കാൻ തുടർന്നതോടെ പല ഷിപ്പിങ് കമ്പനികലും ഈ വഴി ഉപേക്ഷിക്കുകയാണ്. ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കും, തിരിച്ചുമുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ പാതയായ ഈ വഴിക്ക് അന്താരാഷ്ട്ര വ്യാപാരത്തിൽ പ്രാധാന്യം ഏറെയാണുള്ളത്.
ഹമാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഹൂത്തികൾ, ഇസ്രയിലിലേക്ക് പോകുന്ന കപ്പലുകളാണ് ആക്രമിക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ, ഇതുവരെ ആക്രമിക്കപ്പെട്ട കപ്പലുകൾ എല്ലാം തന്നെ ഇസ്രയേലിലേക്ക് പോകുന്നവയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ ഡ്രോണുകളും റോക്കറ്റുകലുമായാണ് ആക്രമണം തുടരുന്നത്.
അറേബ്യൻ ഉപദ്വീപിലെ യമനെയും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എരിത്രിയ, ജിബൂട്ടി എന്നീ രാജ്യങ്ങളെയും തമ്മിൽ വേർതിരിക്കുന്ന, ഏതാണ്ട് 20 മൈൽ വീതിയുള്ള ബാബ് അൽ-മണ്രാബ് കടലിടുക്കിലാണ് വിമതർ ആക്രമണം നടത്തുന്നത്. ഇതുവഴി പോകുന്ന വിദേശ ചരക്കു കപ്പലുകൾക്ക് നേരെയാണ് ആക്രമണം. ദക്ഷിണാർദ്ധ ഗോളത്തിൽ നിന്നുള്ള കപ്പലുകൾക്ക് ഏറ്റവും വേഗത്തിൽ സൂയസ് കനാലിൽ എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്.
എന്നാൽ, ആക്രമണം കനത്തതോടെ ലോകത്തിലെ തന്നെ പ്രമുഖ ഷിപ്പിങ് കമ്പനികളായ മയേഴ്സ്ക്, മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി എന്നിവയുൾപ്പടെ പല കമ്പനികളും തങ്ങളുടെ കപ്പലുകൾ ദൈർഘ്യമേറിയ, കേപ്പ് ഓഫ് ഗുഡ്ഹോപ്പ് വഴി തിരിച്ചു വിടുകയാണ്. ഏതാണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തെ ചുറ്റിവളഞ്ഞ് പോകുന്ന ഒരു വഴിയാണിത്. ഉദാഹരണത്തിന് തായ്വാനിൽ നിന്നും നെതർലൻഡ്സിലേ3ക്ക് ചെങ്കടൽ- സൂയസ് കനാൽ വഴി പോകുന്ന ഒരു കപ്പൽ 10,000 നോട്ടിക്കൽ മൈൽ സഞ്ചരിക്കും. 25 ദിവസത്തെ യാത്രയാണിത്.
അതേസമയം കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയാണെങ്കിൽ 13,500 നോട്ടിക്കൽ മൈൽ സഞ്ചരിക്കേണ്ടി വരും എന്നു മാത്രമല്ല, യാത്ര പൂർത്തിയാക്കുവാൻ 34 ദിവസങ്ങൾ എടുക്കുകയും ചെയ്യും. അതായത്, ചരക്കു നീക്കം താമസിക്കും എന്നു മാത്രമല്ല, കൂടുതൽ ചെലവേറിയതാവുകയും ചെയ്യും. ചരക്കു കപ്പലുകൾക്ക് പുറമെ ബി പി ഓയിൽ ടാങ്കറുകളും ഈ മാർഗ്ഗം ഉപേക്ഷിച്ചിരിക്കുകയാണ്.
ഏതായാലും വിതരണ ശൃംഖലയിൽ ഉണ്ടായ ഈ പുതിയ പ്രതിസന്ധി ഉപഭോക്താക്കളെ കാര്യമായി തന്നെ ബാധിക്കും എന്നാണ് ഈ രംഗത്തുള്ള പ്രമുഖർ പറയുന്നത്. പ്രതീക്ഷിച്ചതിലും 10 ദിവസം കൂടുതൽ കപ്പലുകൾക്ക് യാത്ര ചെയ്യേണ്ടി വരും എന്നതിനാൽ, ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കുന്നതിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. പ്രമുഖ ഫർണീച്ചർ നിർമ്മാതാക്കളായ ഐക്കിയ, യു കെ റീടെയ്ലർ നെക്സ്റ്റ് എന്നിവർ ഇക്കാര്യം ഇതിനോടകം തന്നെ ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു.
അതിനുപുറമെ, അധിക ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഷിപ്പിങ് നിരക്കിൽ 4 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഇത് അന്തിമമായി പ്രതിഫലിക്കുക ചില്ലറ വിൽപന വിലയിലായിരിക്കും. അതായത് ഒരു വിലക്കയറ്റവും ഏത് സമയവും പ്രതീക്ഷാം എന്ന് ചുരുക്കം.