ലണ്ടന്‍: റിഫോം യു കെ നിയന്ത്രിക്കുന്ന കൗണ്‍സിലുകളുടെ പരിധിയില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാതിരിക്കാന്‍ ലഭ്യമായ എല്ലാ നിയമാധികാരങ്ങളും ഉപയോഗിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സിയ യൂസഫ് പറഞ്ഞു. ഇംഗ്ലണ്ടിലെ, തങ്ങള്‍ അധികാരത്തിലുള്ള ഭാഗങ്ങളില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് തടയാന്‍ ജുഡീഷ്യല്‍ റീവ്യൂ, ഇഞ്ചക്ഷന്‍ തുടങ്ങിയ സാധ്യതകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇക്കാര്യത്തിനായി നിയമനിര്‍മ്മാണം നടത്താനും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നെയ്ജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള റിഫോം യു കെ പാര്‍ട്ടി 600 ല്‍ അധികം കൗണ്‍സില്‍ സീറ്റുകള്‍ നേടിയിരുന്നു. മാത്രമല്ല, 10 കൗണ്‍സിലുകളുടെ നിയന്ത്രണവും ഇപ്പോള്‍ അവര്‍ക്കാണ്. അതിനു പുറമെ റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി ഉപതെരഞ്ഞെടുപ്പില്‍ അവര്‍ ഒരു എം പി സ്ഥാനം കരസ്ഥമാക്കുകയും ഗ്രെയ്റ്റര്‍ ലിങ്കണ്‍ഷയര്‍, ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്ഷയര്‍ മേയര്‍ പദവികളും അവര്‍ നേടുകയും ചെയ്തിരുന്നു.

ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡി ഇ ഐ) പദ്ധതികളുടെ ചെലവുകല്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലുകളുടെ ചെലവുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി പ്രത്യേക ടാസ്‌ക്‌ഫോഴ്സുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടാനാകുമെന്ന് അവകാശപ്പെട്ട യൂസഫ്, ഇപ്പോള്‍ തന്നെ പാര്‍ട്ടി 350 നും 400 നും ഇടയില്‍ എം പിമാരെ ജയിപ്പിക്കാവുന്നത്ര ശക്തമാണെന്നും അവകാശപ്പെട്ടു. നെയ്ജല്‍ ആയിരിക്കും പ്രധാനമന്ത്രി എന്നും അദ്ദേഹം പ്രസ്താവിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയം അറിഞ്ഞയുടന്‍ തന്നെ തങ്ങളുടെ നിയന്ത്രണത്തിലുള്ള കൗണ്‍സിലുകളുടെ പരിധിയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുകയില്ല എന്ന് ഫരാജ് വ്യക്തമാക്കിയിരുന്നു. എല്ലാം സൗജന്യമായി നല്‍കി വടക്കന്‍ ഇംഗ്ലണ്ടില്‍ അവരെ കുടിയിരുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അന്യായവും ഉത്തരവാദിത്തബോധമില്ലാത്ത പ്രവര്‍ത്തിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം, കുടിയേറ്റം ഹോം ഓഫീസിന്റെ കീഴിലുള്ള വിഷയമായതിനാല്‍ റിഫോം യു കെയുടെ നിയന്ത്രണത്തിലുള്ള കൗണ്‍സിലുകളുടെ അധികാരപരിധിയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നത് വിലക്കാന്‍ കൗണ്‍സിലുകള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, അതിനായി നിയമപരമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും എന്നാണ് യൂസഫ് പറഞ്ഞത്. അഭയാര്‍ത്ഥികളെ ടെന്റുകളില്‍ പാര്‍പ്പിക്കണമെന്ന പുതിയ ലിങ്കണ്‍ഷയര്‍ മേയര്‍ ഡെയിം ആന്‍ഡ്രിയ ജെന്‍കിന്‍സിന്റെ നിര്‍ദ്ദേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഫ്രാന്‍സില്‍ അങ്ങനെയാണ് ചെയ്യുന്നത് എന്നായിരുന്നു യൂസഫിന്റെ പ്രതികരണം.