- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാർക്ക് സ്വാഗതമെന്നും ഞാൻ തന്നെ അതിന് ജീവിക്കുന്ന തെളിവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്; വരുന്നവർ ബ്രിട്ടീഷ് മൂല്യങ്ങളെ പിന്തുടരണമെന്നും ഇവിടുത്തെ സമൂഹവുമായി ഇടപഴകി ജീവിക്കണമെന്നും പ്രധാനമന്ത്രി
ലണ്ടൻ: ബ്രിട്ടൻ കുടിയേറ്റത്തിന്റെ കൊടുങ്കാറ്റിൽ ആടിയുലയുന്നു എന്ന ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്റെ പ്രസ്താവനക്ക് വിരുദ്ധമായി കുടിയേറ്റത്തിനെ സ്വാഗതം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കുടിയേറ്റക്കാർക്ക് സ്വാഗതമെന്നും, ബ്രിട്ടനിൽ നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കുടിയേറ്റം തികച്ചും നിയമവിധേയമായിരിക്കണമെന്നും, ഇവിടെയെത്തുന്നവർ ബ്രിട്ടീഷ് പാരമ്പര്യവും സംസ്‌കാരവുമായി ഒത്തിണങ്ങി പോകണമെന്നും അദ്ദേഹം നിർബന്ധം പിടിക്കുന്നു.
ദിസ് മോർണിങ്എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകരായ അലിസൺ ഹാമോണ്ടിനും ഡെർമോട് ഓ ലീറിക്കും ഒപ്പം പങ്കെടുത്തു കൊണ്ടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. ബ്രിട്ടൻ എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യമാണ് എന്നതിന് എറ്റവും വലിയ ഉദാഹരണം താൻ തന്നെയാണെന്ന് പറഞ്ഞ ഋഷി സുനക്, കുടിയേറ്റക്കാർക്ക് ഇവിടെ ഉയരങ്ങളിൽ എത്താമെന്നും തനിക്ക് തെളിയിക്കാനായി എന്നും പറഞ്ഞു.. ബ്രിട്ടീഷുകാരെ കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കുടിയേറി എത്തുന്നവർ ഇവിടത്തെ സമൂഹവുമായി ഇടപഴകിയും ഇടകലർന്നും ജീവിക്കണം . അവർ ബ്രിട്ടീഷ് മൂല്യങ്ങളെ ബഹുമാനിക്കുകയും നെഞ്ചിലേറ്റുകയും വേണം. അങ്ങനെ വരുമ്പോൾ, നമുക്ക് പരസ്പരം കൂടുതൽ അടുക്കാനും അടുത്തറിയാനും സാധിക്കും. അത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയാഴ്‌ച്ച ആദ്യം, മാഞ്ചസ്റ്ററിൽ നടന്ന കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ, ബ്രിട്ടീഷ് സമൂഹവുമായി ഇടകലരാതെ, ഒറ്റക്ക് നിൽക്കുന്ന ചില കുടിയേറ്റ വിഭാഗങ്ങൾക്ക് എതിരെ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ആഞ്ഞടിച്ചിരുന്നു.
ബ്രിട്ടീഷ് സമൂഹത്തിനുള്ളിൽ സമാന്തര ജീവിതം നയിക്കുന്ന വിഭാഗങ്ങൾക്ക് എതിരായിരുന്നു ബ്രേവർമാന്റെ വാക്കുകൾ. ''അവർ വിദേശത്തു നിന്നും വരുന്നു, അവർ നമ്മുടെ ഭാഷ പഠിക്കുന്നില്ല, അവർ നമ്മുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നില്ല, അവർ ബ്രിട്ടീഷ് ജീവിതത്തിന്റെ ഭാഗമായി മാറുന്നില്ല:, എന്നായിരുന്നു സുവെല്ല ബ്രേവർമാൻ പറഞ്ഞത്. അത്തരക്കാരെ തിരിച്ചറിയേണ്ടത് ആവശ്യമാണെന്നും, അവരെ ബഹിഷ്‌കൃതരാക്കേണ്ടത് ആവശ്യമാണെന്നും സുവെല്ല ബ്രേവർമാൻ പറഞ്ഞിരുന്നു.
അതേസമയം, ബ്രിട്ടീഷ് സമൂഹവുമായി ഒത്തുപോകാൻ വിസമ്മതിക്കുകയും, ബ്രിട്ടീഷ് സ്രോതസ്സുകൾ ചൂഷണം ചെയ്യുകയും ചെയ്യുന്ന, ബോട്ടുകളിൽ എത്തുന്ന അനധികൃത അഭയാർത്ഥികളെ തടയാൻ കടുത്ത നടപടികൾ തന്നെ സ്വീകരിക്കുമെന്നും ഋഷി ഉറപ്പിച്ചു പറഞ്ഞു.രാജ്യത്തേക്ക് ആരൊക്കെ വരണം ആരൊക്കെ വരണ്ട എന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്, അതല്ലാതെ ക്രിമിനൽ സംഘങ്ങളല്ല, അദ്ദേഹം ടെലിവിഷൻ പരിപാടിയിൽ പറഞ്ഞു.
നിയമവിരുദ്ധമായ കുടിയേറ്റം ഏറെ അപകടകരമാണ്, അതിൽ ഏർപ്പെടുന്നവരുടെ ജീവന് അത് ഭീഷണിയായേക്കാം എന്നതുകൊണ്ടു മാത്രമല്ല, ധാരാളം അനഭിമതരെ അത് രാജ്യത്ത് എത്തിക്കുന്നു എന്നതുകൊണ്ടു കൂടിയാണ്. ബ്രിട്ടൻ ഏവരെയും സ്വാഗതം ചെയ്യുന്ന രാജ്യമാണ്, എന്നാൽ, അനധികൃതമായി എത്തുന്നവർ പെരുകിയാൽ രാജ്യത്തിന് അപ്രകാരം പ്രവൃത്തിക്കാൻ കഴിയാതെ വരും എന്നും ഋഷി ചൂണ്ടിക്കാട്ടി.
വരുന്ന ഞായറാഴ്‌ച്ച ലിവർപൂളിൽ ലേബർ പാർട്ടിയുടെ സമ്മേളനം നടക്കാൻ ഇരിക്കെയാണ് ഋഷി സുനകിന്റെ ഈ അഭിപ്രായ പ്രകടനം പുറത്തു വരുന്നത്. ഇത് നിയമ വിരുദ്ധമായ കുടിയേറ്റം തടയുന്നതിലും, യാനങ്ങളിൽ ചാനൽ കടന്നെത്തുന്നവരെ തിരിച്ചയയ്ക്കുന്നതിലും ലേബർ പാർട്ടിയുടെ നയം എന്തെന്ന് വ്യക്തമാക്കാൻ നേതാവ് സർ കീർ സ്റ്റാർമറെ നിർബന്ധിതനാക്കും. വരുന്ന തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം കുടിയേറ്റം തന്നെയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.
മറുനാടന് ഡെസ്ക്