- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി സുനക് കഴിഞ്ഞ വർഷം സമ്പാദിച്ചത് 22 കോടി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കഴിഞ്ഞ വർഷത്തെ വരുമാന വിവരങ്ങൾ പുറത്തു വിട്ട് ഡൗണിങ് സ്ട്രീറ്റ്. 2.2 മില്യൺ പൗണ്ട് അതായത് 22 കോടിയോളം രൂപയാണ് സുനക് സമ്പാദിച്ചത്. ഇതിൽ 508,308 ടാക്സായും അടച്ചിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ ലഭിച്ചത് 432,884 പൗണ്ടാണ്. ഇതിന് ടാക്സായി അടച്ചത് 163,364 പൗണ്ടും. യുഎസിലെ ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്നു 1.8 മില്യൺ പൗണ്ടാണ് ലഭിച്ചത്. ഇതിന് 359,240 പൗണ്ട് ടാക്സായും അടച്ചു. 2022 ഒക്ടോബറിൽ ഋഷി സുനക് പ്രധാനമന്ത്രി ആയതിനു ശേഷം ഇതു രണ്ടാം തവണയാണ് നമ്പർ 10 അദ്ദേഹത്തിന്റെ വരുമാന വിവരങ്ങൾ പുറത്തു വിടുന്നത്.
2023 മാർച്ചിലായിരുന്നു ആദ്യം കണക്കുകൾ പുറത്തു വിട്ടത്. പ്രധാനമന്ത്രി ആകുന്നതിനു മുമ്പുള്ള മൂന്നു വർഷത്തെ കണക്കുകൾ കൂടി കൂട്ടിച്ചേർത്തായിരുന്നു കഴിഞ്ഞ വർഷം പുറത്തുവിട്ടത്. ഈ രണ്ടു കണക്കുകളും വച്ച് നോക്കുമ്പോൾ കഴിഞ്ഞ വർഷത്തേതിൽ നിന്നും ഈ വർഷം അദ്ദേഹത്തിന്റെ വരുമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 1.9 മില്യൺ പൗണ്ട് വരുമാനത്തിൽ നിന്നും 432,493 പൗണ്ടാണ് ടാക്സായി അടച്ചത്.
പ്രധാനമന്ത്രിയാകും മുന്നേ ഫിനാൻസ് സെക്ടറിൽ അനലിസ്റ്റായും ഡയറക്ടറായുമെല്ലാം പ്രവർത്തിച്ച ഋഷി സുനക് പാർലമെന്റിലെ സമ്പന്നനായ എംപിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തെ കുറിച്ചും മറ്റും പ്രതിപക്ഷ പാർട്ടികൾ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് സുനക് മുന്നോട്ടു പോകുന്നത്. ഇന്ത്യൻ ഐടി രംഗത്തെ അതികായനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷി സുനകിന്റെ ഭാര്യ. ഇവർ ഇരുവരുടെയും സ്വത്തുക്കൾ ചേർത്താൽ 523 മില്യൻ പൗണ്ട് വരുമെന്നാണ് 2023ലെ സൺഡേ ടൈംസിന്റെ റിച്ച്ലിസ്റ്റ് പറയുന്നത്.
ബ്രിട്ടനിൽ വരുമാനം പ്രസിദ്ധീകരിച്ച ആദ്യ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ആണ്. പിതാവിന്റെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓഫ്ഷോർ ഫണ്ടിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷം 2016ലാണ് തന്റെ നികുതി റിട്ടേണുകളെ കുറിച്ച് കാമറൂൺ പ്രസിദ്ധീകരിച്ചത്. 2016ൽ ടോറി നേതാവാകാനുള്ള പ്രചാരണ വേളയിൽ തെരേസ മേയും തന്റെ നികുതി റിട്ടേൺ പുറത്തുവിട്ടു, എന്നാൽ പ്രധാനമന്ത്രിയായ ശേഷം അതു ചെയ്തിട്ടില്ല. സുനകിന് മുമ്പുള്ള രണ്ട് പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസണും ലിസ് ട്രസ്സും അവരുടെ നികുതി റിട്ടേൺ പ്രസിദ്ധീകരിച്ചിട്ടില്ല.