- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറകുവിരിച്ച് പറക്കാൻ ഇനി 'റിയാദ് എയർ'; സ്വന്തം വിമാന കമ്പനിയുമായി സൗദി അറേബ്യ; 2030 ഓടെ 100 ഇടങ്ങളിലേയ്ക്ക് സർവീസ് തുടങ്ങുക ലക്ഷ്യം; എമിറേറ്റ്സിനും ഇത്തിഹാദിനും ഖത്തർ എയർവേയ്സിനും വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ
റിയാദ്: ഗൾഫ് മേഖലയിൽ ചിറകുവിരിച്ച് പറന്നുയരാൻ സ്വന്തം വിമാന കമ്പനിയുമായി സൗദി അറേബ്യ. റിയാദ് എയർ എന്ന പേരിൽ പുതിയ വിമാനക്കമ്പനി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യവസായ പ്രമുഖൻ ടോണി ഡഗ്ലസിന്റെ നേതൃത്വത്തിലാണ് വിമാനക്കമ്പനി ആരംഭിക്കുന്നത്.
സൗദി അറേബ്യൻ എയർലൈൻസ് കമ്പനിയെ കൂടാതെയാണ് പൊതുനിക്ഷേപ നിധിയുടെ വൻ മുതൽമുടക്കിൽ റിയാദ് ആസ്ഥാനമായാണ് കമ്പനി ആരംഭിക്കാനൊരുങ്ങുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള സൗദി അറേബ്യയുടെ തന്ത്രപ്രധാനവും ഭൂമിശാസ്ത്രപരവുമായ സ്ഥാനം പ്രയോജനപ്പെടുത്താനും 2030 ഓടെ 100 ഇടങ്ങളിലേയ്ക്ക് സർവീസ് ആരംഭിക്കാനുമാണ് പുതിയ എയർലൈൻ ലക്ഷ്യമിടുന്നത്.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എയർലൈനിൽ പിഐഎഫ് ഗവർണർ യാസിർ അൽ-റുമയ്യൻ അധ്യക്ഷനാകും. ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ മുൻ മേധാവി ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചു. സൗദിയുടെ എണ്ണ ഇതര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും എയർലൈൻ 20 ബില്യൺ ഡോളർ വാഗ്ദാനം ചെയ്യുമെന്നും പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
റിയാദ് എയർ എന്നായിരിക്കും എയർലൈനിന്റെ പേര്. സൗദി തലസ്ഥാനത്തിന് പുറത്തായിരിക്കും റിയാദ് എയറിന്റെ ആസ്ഥാനം. ഇതിന്റെ സീനിയർ മാനേജ്മെന്റിൽ സൗദിയും അന്താരാഷ്ട്ര വിദഗ്ധരും ഉൾപ്പെടും.
സൗദി അറേബ്യയുടെ ഈ പുതിയ പദ്ധതി നിലവിൽ മേഖലയിലെ മുൻനിര എയർലൈനുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തിയേക്കാം. പുതുതായി രൂപീകരിച്ച ഏവിയേഷൻ കമ്പനി എണ്ണ ഇതര ജിഡിപി വളർച്ചയിലേക്ക് 20 ബില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ.
ഏകദേശം 80 ജെറ്റുകൾക്കുള്ള ഓർഡറുകൾ സംബന്ധിച്ച് PIF (പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) ബോയിങ് കമ്പനിയുമായും എയർബസ് SEയുമായും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പുതിയ ദേശീയ എയർലൈൻ അതിന്റെ ആദ്യത്തെ വിമാനം ഉടൻ വാങ്ങുമെന്ന് 2022 ഒക്ടോബറിൽ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. 35 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഓർഡർ ബോയിങ് കമ്പനിക്ക് കിട്ടിയെന്ന് വാൾ സ്ട്രീറ്റ് ജേണൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
റിയാദ് എയർ ''ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ആധുനിക വിമാനങ്ങൾ വാങ്ങുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2030 ഓടെ എയർലൈൻ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നാണ് സൗദി അറേബ്യാ പ്രതീക്ഷിക്കുന്നത്. ലോകോത്തരനിലവാരമുള്ള സേവനം നൽകുമെന്ന വാഗ്ദാനവും മുന്നോട്ട് വയ്ക്കുന്നുണ്ട്.
10,000 കോടി റിയാൽ വ്യോമയാന രംഗത്ത് മുതൽമുടക്കാനാണ് സൗദി അറേബ്യ പദ്ധതിയിട്ടിട്ടുള്ളത്. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടൂറിസം രംഗത്തെ ദ്രുത മുന്നേറ്റത്തിന് ഇത് സഹായകമാകുമെന്നും രാഷ്ട്ര നേതൃത്വം കണക്ക് കൂട്ടുന്നു. കമ്പനി നിലവിൽ വരുന്നതോടെ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും റിയാദ് എയർ. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' ജിദ്ദ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വ്യോമയാന രംഗത്ത് 100 ബില്യൻ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭൂരിഭാഗവും തുകയും പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനാവും നീക്കിവെയ്ക്കുക. 'എമിറേറ്റ്സ്' കൈവരിച്ച ലക്ഷ്യം അതിന്റെ നാലിലൊന്ന് സമയം കൊണ്ട് പൂർത്തീകരിക്കാനാണ് പുതിയ കമ്പനിയുടെ ലക്ഷ്യമെന്നും അന്താരാഷ്ട്ര കണക്ഷൻ സർവീസുകൾക്കായിരിക്കും പ്രധാന പരിഗണനയെന്നും 'അറേബ്യൻ ബിസിനസ്' ചൂണ്ടിക്കാട്ടുന്നു. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമാണെന്നും റിപ്പോർട്ട് പറയുന്നു.
2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 40 ലക്ഷത്തിൽ താഴെയാണ്. പുതിയ വിമാനക്കമ്പനി യൂറോപ്പ്, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 100 ലേറെ റൂട്ടുകളിലായിരിക്കും ഓപ്പറേറ്റ് ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് 30 ബില്യൻ ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരും. നിലവിൽ 85 രാജ്യങ്ങളിലെ 158 റൂട്ടുകളിലാണ് എമിറേറ്റ്‌സിന്റെ സർവീസ്.
മറുനാടന് മലയാളി ബ്യൂറോ