മോസ്‌കോ: ക്രിസ്മസ് ആഘോഷത്തിനായി യുക്രൈനിൽ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. അടുത്ത 36 മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ തീരുമാനം.

പാട്രിയാർക്ക് കിറിലിന്റെ അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയെന്ന് പുട്ടിൻ പറഞ്ഞു. അതിർത്തിയിൽ മുഴുവനും വെടിനിർത്തിൽ നടപ്പാക്കണം. അതിർത്തി പ്രദേശങ്ങളിൽ നിരവധി ഓർത്തഡോക്‌സ് വിഭാഗക്കാർ താമസിക്കുന്നതിനാൽ യുക്രൈൻ സൈന്യവും വെടിനിർത്തലിന് തയാറാകണം. ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു.

''2023 ജനുവരി 6-ന് 12:00 (0900 GMT) മുതൽ 2023 ജനുവരി 7-ന് 24:00 (2100 GMT) വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള മുഴുവൻ സമ്പർക്ക നിരയിലും വെടിനിർത്തൽ ഏർപ്പെടുത്താൻ ഞാൻ റഷ്യൻ ഫെഡറേഷന്റെ പ്രതിരോധ മന്ത്രിയോട് നിർദ്ദേശിക്കുന്നു;' പ്രസ്താവനയിൽ അറിയിച്ചു. യാഥാസ്ഥിതികത അവകാശപ്പെടുന്ന ധാരാളം പൗരന്മാർ യുദ്ധമേഖലകളിൽ താമസിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, വെടിനിർത്തൽ പ്രഖ്യാപിക്കാനും ക്രിസ്മസ് രാവിൽ പള്ളിയിൽ പങ്കെടുക്കാനുള്ള അവസരം നൽകാനും യുക്രൈനോട് ആവശ്യപ്പെടുന്നതായും റഷ്യ കൂട്ടിച്ചേർത്തു.

ജനുവരി 6 മുതൽ 7 വരെയാണ് റഷ്യൻ ഓർത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർധരാത്രിവരെ 36 മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ വെടിനിർത്തലിനോട് യുക്രൈൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം റഷ്യൻ ഓർത്തഡോക്‌സ് സഭാ മേധാവി യുക്രെയ്ൻ ഭരണാധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെടിനിർത്തൽ റഷ്യയുടെ ചതിയാണോ എന്ന് യുക്രൈൻ സംശയിക്കുന്നുണ്ട്. റഷ്യയിലേയും യുക്രെയ്‌നിലേയും ഓർത്തഡോക്‌സ് വിഭാഗം ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി 6 - 7 ദിവസങ്ങളിലാണ്.

അതേസമയം, യുക്രൈൻ തിരിച്ചടിക്കുന്നതുമൂലം റഷ്യൻ ൈസന്യത്തിന് വൻ നാശനഷ്ടമാണുണ്ടാകുന്നത്. പുതുവർഷപ്പുലരിയിൽ യുക്രൈൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 89 സൈനികർ കൊല്ലപ്പെട്ടത് റഷ്യ വെളിപ്പെടുത്തി. യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആൾനാശമാണു റഷ്യൻ സേനയ്ക്കുണ്ടായത്.

യുക്രൈൻ തൊടുത്ത 6 മിസൈലുകളിൽ 4 എണ്ണം പട്ടാളക്കാർ താമസിച്ചിരുന്ന കെട്ടിടത്തിനു സമീപമുള്ള ആയുധ ഡിപ്പോയിൽ പതിച്ചു. ആയുധങ്ങൾക്കു തീപിടിച്ചതാണ് സ്‌ഫോടനത്തിന്റെ ആഘാതം വർധിപ്പിച്ചത്.

അതേസമയം, ഡൊനെറ്റ്‌സ്‌കിലെ സൈനികകേന്ദ്രത്തിൽ കഴിഞ്ഞദിവസം യുക്രൈൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചിരുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള മാക് വ്ക നഗരത്തിലാണ് നഗരത്തിലായിരുന്നു റോക്കറ്റാക്രമണം നടന്നത്.റഷ്യൻ സൈനികർ താമസിക്കുന്ന കെട്ടിടത്തിന് നേരെ യുക്രേനിയൻ സേന ആറ് റോക്കറ്റുകൾ തൊടുത്തുവിട്ടതായി തിങ്കളാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇതിൽ രണ്ട് മിസൈലുകൾ വെടിവച്ച് വീഴ്‌ത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.വ്യോമപ്രതിരോധ സംവിധാനം യുക്രെയ്ൻ ആക്രമണത്തിൽ തകർന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യൻ പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

10 മാസത്തിന് മുമ്പ് യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഎസ് സാങ്കേതിക വിദ്യയോട് കൂടിയ ആയുധങ്ങൾ യുക്രൈന് ലഭ്യമായിട്ടുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് യുക്രൈൻ റഷ്യക്കെതിരെ തിരിച്ചടി തുടങ്ങിയത്. അതേസമയം,ആക്രമണത്തിൽ പ്രദേശവാസികൾക്കും പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.