കീവ്: യുക്രെയ്‌ന് നേരെ വീണ്ടും റഷ്യന്‍ വ്യോമാക്രമണം. യുക്രെയ്നിലെ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 11 വയസ്സുള്ള കുട്ടി മരിച്ചു. 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു. തലക്ക് ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ലെന്ന് ഖാര്‍കിവ് മേഖലാ ഗവര്‍ണര്‍ ഒലെഹ് സിനീഹുബോവ് പറഞ്ഞു. മൂന്നു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍നിന്ന് പുക ഉയരുന്നതിന്റെയും അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണിച്ചു.

അതേസമയം റഷ്യ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ പാശ്ചാത്യ സഖ്യകക്ഷികളില്‍നിന്ന് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ട് യുക്രെന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയും രംഗത്തുവന്നു. 'എല്ലാ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്ക് കാണാന്‍ കഴിയും. മാറ്റിവെക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കുമിടെ ഡസന്‍ കണക്കിന് ജീവനുകള്‍ക്കുമേല്‍ നൂറുകണക്കിന് ബോംബുകള്‍ റഷ്യ പ്രയോഗിക്കുന്നുവെന്ന്' സെലന്‍സ്‌കി ടെലഗ്രാമില്‍ എഴുതി.

2022 ഫെബ്രുവരിയില്‍ അധിനിവേശത്തിന്റെ ആദ്യ ദിവസങ്ങളില്‍ തലസ്ഥാനമായ കീവിലേക്കുള്ള റഷ്യന്‍ സേനയുടെ മുന്നേറ്റം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഖാര്‍കിവ് യുക്രെയ്‌നിന്റെ കൈകളില്‍ തന്നെയായിരുന്നു. അതിനുശേഷം നഗരം റഷ്യന്‍ വ്യോമാക്രമണത്തിന്റെ പതിവ് ലക്ഷ്യമായി മാറി.

യുക്രെയ്നെതിരെ യുദ്ധം ചെയ്യാനും സായുധ പരിശീലനത്തിനും 10,000ത്തോളം ഉത്തര കൊറിയന്‍ സൈനികരെ റഷ്യയിലേക്ക് അയച്ചതായി പെന്റഗണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സൈനികരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതോടെ റഷ്യയുടെ യുക്രെയ്ന്‍ യുദ്ധം വ്യാപകമാകുമെന്ന ആശങ്കയും യു.എസ് ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് പുതിയ വ്യോമാക്രമണം.

അതിനിടെ, ഖാര്‍കിവ് മേഖലയിലെ പ്രധാന പട്ടണമായ കുപിയാന്‍സ്‌കിന് സമീപമുള്ള ക്രുഹ്ലിയാകിവ്കയുടെ സെറ്റില്‍മെന്റിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് യുക്രെയ്‌നിന്റെ സൈന്യം ഇത് അംഗീകരിച്ചിട്ടില്ല. 15 റഷ്യന്‍ ആക്രമണങ്ങള്‍ ചെറുത്തതായും ഒമ്പത് ഏറ്റുമുട്ടലുകള്‍ ഇപ്പോഴും തുടരുന്നതായും പ്രദേശത്തെ ഒമ്പത് ഗ്രാമങ്ങള്‍ യുദ്ധത്തിന്റെ പിടിയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റഷ്യ ഈ മാസം കീവില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തിരുന്നു. റഷ്യ ഒറ്റരാത്രികൊണ്ട് 62 ഡ്രോണുകള്‍ വിക്ഷേപിച്ചതായും എന്നാല്‍, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ അവയില്‍ 33 എണ്ണം നശിപ്പിച്ചയതായും യുക്രെയ്ന്‍ വ്യോമസേന പുറത്തുവിട്ടു.