- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്വായുധ ശേഷിയുള്ള മിസ്സൈലുകളുടെ ഉത്പാദനം കൂട്ടി റഷ്യ; മിനിറ്റുകള്‍ കൊണ്ട് യൂറോപ്പിനെ ചാരമാക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ റെഡി; ചൈനയും ഇറാനും ഉത്തരകൊറിയയും റഷ്യക്ക് മുന്പില് അണിനിരന്നു; യുക്രൈന്- റഷ്യ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഏത് നിമിഷവും മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടും
അണ്വായുധ ശേഷിയുള്ള മിസ്സൈലുകളുടെ ഉത്പാദനം കൂട്ടി റഷ്യ
മോസ്‌കോ: യുക്രെയിനിലെ ലക്ഷ്യങ്ങളിലേക്ക് ഇനിയും കൂടുതല്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ തൊടുത്തുവിടുമെന്ന പുടിന്റെ പ്രസ്താവന വീണ്ടും ലോകത്തെ മുള്‍മുനയിലാക്കിയിരിക്കുകയാണ്.ആണവശേഷിയുള്ള മിസൈലുകളുടെ വന്‍ തോതിലുള്ള ഉദ്പാദനം രാജ്യം വീണ്ടും ആരംഭിച്ചതായും വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. ഹൈപ്പര്‍സോണിക് ഓറേഷിങ്ക് ബാലിസ്റ്റിക് മിസൈലുകള്‍ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ കൂടുതലായി പരീക്ഷിക്കുമെന്നും പുടിന്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു മിസൈല്‍ യുക്രെയിന് നേരെ തൊടുത്തു വിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് പുടിന്‍ ഇക്കാര്യം പറയുന്നത്.
ഇത് ഒരു ഭൂഖണ്ഡാന്തര മിസൈല്‍ അല്ലെങ്കിലും അതിശക്തമാണ് ഈ മിസൈലുകള്‍ എന്നും അതുപോലെ പരമ്പരാഗത പോര്‍മുനകളും ആണവ പോര്‍മുനകളും ഇതില്‍ ഘടിപ്പിക്കാന്‍ ആകുമെന്നും പുടിന്‍ അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുക്രെയിന്‍ നഗരമായ നിപ്രോ ലക്ഷ്യമാക്കി പുതിയ തലമുറ മിസൈല്‍ തൊടുത്തുവിട്ടത്. സമാനമായ രീതിയില്‍ ശബ്ദത്തിന്റെ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് മിസൈലുകളും വന്‍ തോതില്‍ സജ്ജമാക്കാന്‍ പുടിന്‍ ഉത്തരവിട്ടു കഴിഞ്ഞു. ഇതോടെ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നടന്നടുക്കുകയാണെന്ന തോന്നല്‍ ബലപ്പെട്ടു കഴിഞ്ഞു.
യൂറോപ്പിനെ ആകെ കത്തിയെരിക്കാന്‍ കെല്‍പുള്ള റഷ്യന്‍ മിസൈലുകള്‍
പരീക്ഷണാര്‍ത്ഥം ഇക്കഴിഞ്ഞ വ്യാഴാഴ്ച യുക്രെയിന് നേരെ പ്രയോഗിച്ച പുതിയ ഹൈപ്പര്‍സോണിക് റോക്കറ്റ് വെറും 20 മിനിറ്റുകള്‍ക്കുള്ളില്‍ യൂറോപ്പിലെ ഏത് നഗരത്തെയും ഭസ്മമാക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന വാര്‍ത്ത ഒരു ഭീതിയായി യൂറോപ്പിലാകെ പടരുകയാണ്. യുക്രെയിനിലെ നിപ്രോ നഗരത്തിന്റെ മേല്‍ ഒരു അഗ്‌നിവര്‍ഷമായി നിരവധി പോര്‍മുനകള്‍ പായിച്ചത് റഷ്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ ആയിരുന്നു എന്ന് യുക്രെയിന്‍ എയര്‍ ഫോഴ്സ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഈ ആക്രമണം നടത്തിയത്, ഇതിനു മുന്‍പ് ലോകം കാണാത്ത തരം ഇടത്തരം റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ കൊണ്ടാണെന്ന് പുടിന്‍ പിന്നീട് സ്ഥിരീകരിച്ചിരുന്നു. അമേരിക്ക നല്‍കിയ സ്റ്റോം ഷാഡോ റോക്കറ്റുകള്‍ റഷ്യയെ ആക്രമിക്കാന്‍ യുക്രെയിന്‍ ഉപയോഗിച്ചതിന്റെ പ്രതികാര നടപടിയായിരുന്നു ഇതെന്നാണ് പുടിന്‍ പറഞ്ഞത്. റഷ്യയുടെ ഏറ്റവും ശക്തമായ ആര്‍ എസ് 24 യാര്‍സ് പോലുള്ള, അമേരിക്കയില്‍ എവിടെയും വ്യത്യസ്ത ആണവ പോര്‍മുനകള്‍ വര്‍ഷിക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര മിസൈലുകളുടേത് പോലെ ശക്തമല്ലെങ്കിലും ഇവയും അതിശക്തമാണ്. മണിക്കൂറില്‍ 19,0000 മൈല്‍ വേഗതയില്‍ ബഹിരാകാശത്തു കൂടി പറന്നതിനു ശേഷം ഭൗമാന്തരീക്ഷത്തിലേക്ക് ഇറങ്ങിയാണ് ഭൂഖണ്ഡാന്തര മിസൈലുകള്‍ ആക്രമണം നടത്തുക.
അത്രയും വരില്ലെങ്കിലും ശബ്ദത്തിന്റെ പത്തിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ് ഓറെഷിങ്ക്. മണിക്കൂറില്‍ 7600 മൈല്‍ വേഗതയില്‍ 5000 കിലോ മീറ്റര്‍ അല്ലെങ്കില്‍ 3,100 മൈല്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയും. റഷ്യയുടെ തെക്കെ അസ്ട്രാഖാന്‍ മേഖലയിലെ കാപുസ്റ്റിന്‍ യാര്‍ റേഞ്ചില്‍ നിന്നും വിക്ഷേപിച്ചാല്‍ പുടിന് വളരെ എളുപ്പത്തില്‍ യൂറോപ്പിലെയോ യു കെയിലെയോ ഏതൊരു നഗരത്തിന് മേലെയും പോര്‍മുനകള്‍ വര്‍ഷിക്കാന്‍ കഴിയും. ലണ്ടനിലെ ലക്ഷ്യസ്ഥലങ്ങള്‍ 20 മിനിറ്റില്‍ കത്തിച്ചാമ്പലാകാന്‍ തുടങ്ങുമ്പോള്‍, കുറേക്കൂടി കിഴക്കു മാറിയുള്ള ബെര്‍ലിന്‍ ചാമ്പലാകാന്‍ 15 മിനിറ്റ് മതിയാകും.
നാറ്റോ സഖ്യത്തിന്റെ സഹായമില്ലാതെ അമേരിക്കന്‍- ബ്രിട്ടീഷ് നിര്‍മ്മിത ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ യുക്രെയിന്‍ സൈന്യത്തിന് കഴിയില്ലെന്നാണ് റഷ്യ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ, അമേരിക്കന്‍ - ബ്രിട്ടീഷ് നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചാല്‍ അത് പാശ്ചാത്യ സഖ്യം റഷ്യക്ക് നേരെ നടത്തുന്ന ആക്രമണമാണെന്ന് കരുതുമെന്ന് പുടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ആണവ ശേഷിയില്ലാത്ത ഒരു രാജ്യം, ആണവശേഷിയുള്ള ഒരു രാജ്യത്തിന്റെ സഹായത്തോടെ ആക്രമിച്ചാല്‍ അണുവായുധം പ്രയോഗിക്കാന്‍ അനുവാദം നല്‍കുന്ന രീതിയില്‍ റഷ്യയുടെ ആണവ നയം മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങള്‍ തന്നെയാണ് ലോകത്തെ ഭയപ്പാടിലാക്കുന്നത്.
മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചെന്ന് മുന്‍ യുക്രെയിന്‍ സൈനിക മേധാവി
റഷ്യയുടെ സഖ്യകക്ഷികളായ ഉത്തര കൊറിയ, ഇറാന്‍, ചൈന എന്നീ ഏകാധിപത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയതോടെ മൂന്നാം ലോക മഹായുദ്ധത്തിന് ആരംഭം കുറിച്ചതായി മുന്‍ യുക്രെയിന്‍ സൈനിക മേധാവി വലേറി സലുഷ്ണി പറയുന്നു. അതിര്‍ത്തിയില്‍ ഇപ്പോള്‍ യുക്രെയിന്‍ നേരിടുന്നത് ഉത്തര കൊറിയയില്‍ നിന്നുള്ള സൈനികരെയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യത്തോടൊപ്പം, കര്‍സ്‌ക് മേഖലയില്‍ യുദ്ധം ചെയ്യാന്‍ 10,000 ഉത്തര കൊറിയന്‍ സൈനികരെ അയച്ചു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഈ അഭിപ്രായ പ്രകടനം ഉണ്ടാകുന്നത്.
ഡ്രോണുകള്‍ നല്‍കി ഇറാനും റഷ്യയ്ക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ നല്‍കിയ ഡ്രോണുകളാണ് സൈനിക കേന്ദ്രങ്ങള്‍ക്കൊപ്പം സാധാരണക്കാരുടെ വാസ മേഖലകളെയും ലക്ഷ്യം വച്ച് നിരവധി പേരെ കൊന്ന് തള്ളിയത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഇവയ്ക്കൊപ്പം ചൈനീസ് ആയുധങ്ങളും യുക്രെയിനെതിരായി റഷ്യ പ്രയോഗിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. സ്റ്റോം ഷാഡോ മിസൈല്‍ ഉപയോഗിച്ച് യുക്രെയിന്‍ റഷ്യയെ ആക്രമിച്ചതിന് പിന്നാലെ, ഇത് ബ്രിട്ടന്‍ റഷ്യയോട് നേര്‍ട്ട് നടത്തുന്ന യുദ്ധമാണെന്ന് ലണ്ടനിലെ റഷ്യന്‍ അമ്പാസിഡര്‍ പറഞ്ഞിരുന്നു.
മൂന്നാം ലോക മഹായുദ്ധം ആസന്നമായെന്ന് ലോക നേതാക്കളൂം
ആണവായുധ പ്രയോഗത്തിനെ പറ്റി പുടിന്‍ പറഞ്ഞത് വെറും വീണ്‍വാക്കുകളല്ലെന്ന് സെര്‍ബിയ പ്രസിഡണ്ട്. പുടിന്റെ ഉറ്റ സുഹൃത്തായി അറിയപ്പെടുനന്‍ സെര്‍ബിയന്‍ പ്രസിഡണ്ട് അലക്‌സാണ്ഡാര്‍ വുസിക് മാധ്യമങ്ങളോട് പറഞ്ഞത്, പുടിന്‍ വീമ്പിളക്കുന്നതായി കരുതരുത് എന്നാണ്. ലോകം ഒരുപക്ഷെ ഒരു സര്‍വ്വനാശത്തിലേക്ക് നടന്നടുത്തേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ നിര്‍മ്മിത റോക്കറ്റുകള്‍ ഉപയോഗിച്ഛ് റഷ്യക്ക് നേരെ യുക്രെയിന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അഭിപ്രായ പ്രകടനം വന്നത്.
അതേസമയം,റഷ ഹൈപ്പര്‍സോണിക് ബലിസ്റ്റിക് മിസൈലുകള്‍ യുക്രെയിന് നേരെ പ്രയോഗിച്ചതോടെ ഒരു ആഗോള സംഘര്‍ഷത്തിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരിക്കുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന് യുദ്ധകാര്യ വിദഗ്ധരും പറയുന്നു. ഏത് സമയത്തും ഇത് ലോകം മുഴുവന്‍ വ്യാപിച്ചേക്കാം.