- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയ്ൻ നഗരമായ ബഖ്മൂത്തിൽനിന്ന് പിന്മാറുന്നതായി റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നർ സേന; നഗരത്തിന്റെ നിയന്ത്രണം ജൂൺ ഒന്നിനകം റഷ്യൻ സൈന്യത്തിന് കൈമാറും; നഗരത്തന്റെ പ്രധാന ഭാഗങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലെന്ന് യുക്രൈനും
മോസ്‌കോ: യുക്രെയ്ൻ നഗരമായ ബഖ്മൂത്തിൽ നിന്ന് തങ്ങളുടെ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ അറിയിച്ചു. ജൂൺ ഒന്നിനകം നഗരത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന് കൈമാറുമെന്ന് യെവ്‌ജെനി പ്രിഗോഷിൻ പറഞ്ഞു. അതേസമയം, എന്നാൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് യുക്രെയ്ൻ പറയുന്നത്.
റഷ്യൻ സൈന്യത്തിന് സാഹചര്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ തന്റെ പടയാളികൾ നഗരത്തിലേക്ക് മടങ്ങിയെത്താൻ തയാറാണെന്നും യെവ്‌ജെനി പ്രിഗോഷിൻ പറഞ്ഞു. യുക്രെയ്ൻ അധിനിവേശത്തിലെ ഏറ്റവും ദൈർഘ്യമേറിയതും രക്തരൂഷിതമായതുമാണ് ബഖ്മൂത്ത് നഗരത്തിനായുള്ള യുദ്ധം. ബഖ്മൂത്തിൽ തങ്ങളുടെ 20,000ഓളം പടയാളികൾ കൊല്ലപ്പെട്ടതായി യെവ്‌ജെനി പ്രിഗോഷിൻ ഈ ആഴ്ച പറഞ്ഞിരുന്നു.
'ബഖ്മൂത്തിൽനിന്ന് ഇന്ന് പിൻവാങ്ങുകയാണ്' എന്ന് നഗരത്തിന് സമീപത്തുനിന്ന് ടെലഗ്രാമിൽ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പ്രിഗോഷിൻ പറഞ്ഞു. ആയുധങ്ങൾ റഷ്യൻ സേനക്ക് കൈമാറാൻ അദ്ദേഹം തന്റെ സൈനികർക്ക് നിർദ്ദേശം നൽകുന്നതും വിഡിയോയിൽ കാണാം. റഷ്യൻ സൈന്യത്തെ സഹായിക്കാൻ വാഗ്‌നർ പടയാളികളിൽ ചിലർ ബഖ്മൂത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഖ്മൂത്ത് നഗരം പിടിച്ചെടുത്തതായി ശനിയാഴ്ചയാണ് പ്രിഗോഷിൻ പ്രഖ്യാപിച്ചത്.
അതേസമയം, നഗരത്തിലെ ലിതാക് ജില്ലയുടെ നിയന്ത്രണം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന് യുക്രെയ്ൻ ഉപപ്രതിരോധ മന്ത്രി ഹന്ന മലിയർ പറഞ്ഞു. അതിനിടെ സംഘർഷം കനത്തുനിൽക്കുന്നതിനിടെ യുക്രെയ്ൻ സേനയിലെ 'അട്ടിമറി വിഭാഗം' റഷ്യൻ അതിർത്തി കടന്നുകയറിയതായി റിപ്പോർട്ടുകൾ പറയുന്നു. ബെൽഗോറോഡ് മേഖലയിലാണ് കടന്നുകയറ്റം. യുക്രെയ്‌നാണ് പിന്നിലെന്ന് റഷ്യ ആരോപിക്കുന്നുവെങ്കിലും തങ്ങൾക്ക് പങ്കിലെന്ന് സെലൻസ്‌കിയുടെ പ്രതിനിധി അറിയിച്ചു.
അതിനിടെ, യുക്രെയ്‌ന് എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന ജി-7 പ്രഖ്യാപനത്തിനെതിരെ റഷ്യ ശക്തമായി രംഗത്തെത്തിയിരുന്നു. യുദ്ധത്തിൽ നാറ്റോ നേരിട്ട് ഇടപെടുന്നതിന് തുല്യമാണ് എഫ്-16 വിമാന കൈമാറ്റമെന്നും പ്രത്യാഘാതം അതിഗുരുതരമാകുമെന്നും യു.എസിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റണോവ് പറഞ്ഞു. ഈ യുദ്ധവിമാനം പറത്താനും സൂക്ഷിക്കാനും ആവശ്യമായ സംവിധാനങ്ങൾ മാത്രമല്ല, വൈമാനികരും മറ്റു ജീവനക്കാരും യുക്രെയ്‌നിലില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിനൊപ്പം അമേരിക്കൻ വൈമാനികരും എത്തുമ്പോൾ എന്താകും സംഭവിക്കുകയെന്ന് അമേരിക്ക ഓർക്കണമെന്ന് ആന്റണോവ് പറഞ്ഞു.
എന്നാൽ, അമേരിക്ക എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവ റഷ്യൻ മണ്ണിൽ ആക്രമണം നടത്തില്ലെന്ന് ഉറപ്പുനൽകുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. ജപ്പാനിലെ ഹിരോഷിമയിൽ സമാപിച്ച ജി-7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഡച്ച് പ്രധാനമന്ത്രി മാർക് റൂട്ടും ചേർന്നാണ് എഫ്-16 യുദ്ധവിമാനം കൈമാറുമെന്ന് പ്രഖ്യാപിച്ചത്. തൊട്ടുപിറകെ, യുക്രെയ്ൻ പൈലറ്റുമാർക്ക് ഈ വിമാനം പറത്താൻ പരിശീലനം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രഖ്യാപിച്ചു.
മറുനാടന്‍ ഡെസ്‌ക്