- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുവാണ്ടൻ പദ്ധതി ഫലപ്രദമെന്ന് ഋഷി സുനക്
ലണ്ടൻ: ചക്കിന് വച്ചതുകൊക്കിന് കൊണ്ട അവസ്ഥയിലാണ് അയർലൻഡ്. അനധികൃത കുടിയേറ്റ വിഷയത്തിൽ ഋഷി സർക്കാർ കർശന നിലപാട് എടുക്കുകയും, റുവാണ്ടൻ പദ്ധതി എന്തു വിലകൊടുത്തും നടപ്പിലാക്കും എന്ന നിശ്ചയത്തിൽ മുൻപോട്ട് പോവുകയും ചെയ്യുമ്പോൾ അത് തിരിച്ചടിയാകുന്നത് അയർലൻഡിനാണെന്ന്, അയർലൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി മിഷേൽ മാർട്ടിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ബ്രിട്ടനിൽ ഇനി ഭാവിയില്ലെന്ന് കണ്ട് അനധികൃത അഭയാർത്ഥികൾ നോർത്തേൺ അയർലൻഡ് വഴി അയർലൻഡിലേക്ക് കടക്കുന്നുവെന്നാണ് ഉപ പ്രധാനമന്ത്രി പറഞ്ഞത്.
ഇതിന് അടിവരയിട്ടുകൊണ്ട്, ടീസഫ് എന്നറിയപ്പെടുന്ന ഐറിഷ് പ്രധാനമന്ത്രി ഇപ്പോൾ പുതിയ നിയമം കൊണ്ടു വരുന്നതിനുള്ള കരട് തയ്യാറാക്കാൻ നീതിന്യായ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നെത്തുന്ന അഭയാർത്ഥികളെ തിരികെ ബ്രിട്ടനിലേക്ക് അയയ്ക്കുന്നതിനുള്ള നിയമം രൂപീകരിക്കുവാനാണ് ടീസെഫ് സൈമൺ ഹാരിസ് നീതിന്യായ വകുപ്പ് മന്ത്രി ഹെലെൻ മെക്എന്റീയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അയർലൻഡ് കുടിയേറ്റ സിസ്റ്റത്തിന്റെ സത്യസന്ധത കാത്തുസൂക്ഷിക്കുവാൻ ടീസെഫ് അതീവ പ്രാധാന്യം നൽകുന്നു എന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്.
ഇത്, ബ്രിട്ടന്റെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങി എന്നതിന്റെ തെളിവാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. എന്നാൽ, അയർലൻഡിൽ നിയമാടിസ്ഥിത വ്യവസ്ഥയാണ് നിലനിൽക്കുന്നതെന്നും നിയമങ്ങൾ കർശനമായും സുതാര്യമായും നടപ്പാക്കേണ്ടതുണ്ട് എന്നുമായിരുന്നു അയർലൻഡ് വക്താവ് പ്രതികരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർമ്മാണത്തിനായി ടീസെഫ് മുൻകൈ എടുക്കുന്നതെന്നും വക്താവ് പറഞ്ഞു.
സുരക്ഷിതമായ മൂന്നാം രാജ്യങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അതുപോലെ, രാജ്യത്ത് പ്രവേശിപ്പിക്കാൻ കഴിയാത്ത, യു കെയിൽ നിന്നുമെത്തുന്നവരെ തിരികെ യു കെയിലേക്ക് അയയ്ക്കുവാനുള്ള നിർദ്ദേശവും പുതിയ നിയമത്തിൽ ഉണ്ടാകും. തങ്ങളുടെ കുടിയേറ്റ സിസ്റ്റത്തെ ശക്തവും, കാര്യക്ഷമവും ആക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും വക്താവ് കൂട്ടിച്ചേർത്തു. ഒപ്പം സിസ്റ്റത്തിന്റെ സത്യസന്ധതയും സുതാര്യതയും ഉറപ്പു വരുത്തും.
സർക്കാർ നയങ്ങളുടെ വിജയമാണിതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടത്. നിയമവിരുദ്ധമായ കുടിയേറ്റം അന്താരാഷ്ട്ര തലത്തിൽ തന്നെ വെല്ലുവിളി ഉയർത്തുകയാണെന്നും, അതുകൊണ്ടു തന്നെയാണ് പല രാജ്യങ്ങളും അഭയാർത്ഥി പ്രശ്നത്തെ നേരിടാൻ സുരക്ഷിതമായ മൂന്നാം രാജ്യങ്ങൾ അന്വേഷിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. യു കെ ആരംഭിച്ച ഈ പുതിയ നയം ഇനി പല വികസിത രാജ്യങ്ങളും പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.