റിയാദ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തിന് കൂടുതല്‍ പിന്തുണകള്‍ ലഭിക്കുന്നു. ഫ്രാന്‍സും, യുകെയും, കാനഡയും ഈ ആശയത്തെ പിന്തുണച്ചു രംഗത്തുവന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സൗദി അറേബ്യയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ചു കൊണ്ട് രംഗത്തത്തി. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ഗസ്സയെ മറ്റു ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്ന് വേര്‍പെടുത്താനുള്ള ഏതൊരു ശ്രമത്തെയും സൗദി നിരാകരിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

'ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കല്‍' എന്ന വിഷയത്തില്‍ സൗദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനം സമാപിച്ച ശേഷം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്. എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, മാനുഷിക സഹായങ്ങള്‍ക്ക് അനിയന്ത്രിതമായ പ്രവേശനം ഉറപ്പാക്കുക എന്നിവയുള്‍പ്പെടെ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും സജീവമാക്കുന്നതിനുള്ള ഈജിപ്ത്, ഖത്തര്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.

എല്ലാവരും സുരക്ഷ ആസ്വദിക്കുകയും സഹകരണത്തിനും സംയോജനത്തിനും പങ്കിട്ട അഭിവൃദ്ധിക്കും വഴികള്‍ തുറക്കുകയും ചെയ്യുന്ന സമഗ്രമായ പ്രാദേശിക സമാധാനം കൈവരിക്കുന്നതിനുള്ള അടിസ്ഥാന കവാടമാണ് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സമാധാനം. സംഘര്‍ഷം അവസാനിപ്പിക്കാനും ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും മേഖലയിലെ എല്ലാ ജനങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുമുള്ള സമയമാണിതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ നിരവധി രാജ്യങ്ങള്‍ ആഗ്രഹിക്കുകയും പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ടു വരുകയും ചെയ്യുന്നത് ആഹ്ലാദകരമാണെന്നും സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നത് ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശമാണെന്ന് ഊന്നിപ്പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍, അറബ് സമാധാന സംരംഭങ്ങള്‍, സമാധാനത്തിനായുള്ള ഭൂമി എന്ന തത്വം എന്നിവയുടെ അടിസ്ഥാനങ്ങളില്‍, ഫലസ്തീനിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്ന വിശാലമായ അന്താരാഷ്ട്ര ധാരണയാണ് ദ്വിരാഷ്ട്ര പരിഹാര സമ്മേളനം പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

ഫ്രാന്‍സുമായി സഹകരിച്ച് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അംഗീകാരം നേടുന്നതിനുള്ള അന്താരാഷ്ട്ര സമവായത്തെ ഒരു പ്രായോഗിക യാഥാര്‍ഥ്യമാക്കി മാറ്റാന്‍ തന്റെ രാജ്യം ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വെളിപ്പെടുത്തി. സംഘര്‍ഷം അവസാനിപ്പിക്കാനും ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും മേഖലയിലെ എല്ലാ ജനങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുമുള്ള ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.

ഫലസ്തീന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ അന്തിമ രേഖ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമുള്ള 'സമഗ്രവും നടപ്പാക്കാവുന്നതുമായ ഒരു ചട്ടക്കൂട്' അന്തിമ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.