ദമാസ്‌ക്കസ്: സിറിയയിലെ പുതിയ നിയമകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് സ്ത്രീകളെ വധശിക്ഷക്ക് വിധേയമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോഴത്തെ നിയമ മന്ത്രിയായ ഷാദി മുഹമ്മദ് അല്‍ വൈസി വധശിക്ഷ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഈ സ്ത്രീകളെ വധശിക്ഷക്ക് വിധേയരാക്കിയത്.

വീഡിയോ ദൃശ്യങ്ങള്‍ക്ക് ക്വാളിറ്റി കുറവാണെങ്കിലും അതില്‍ കാണുന്നത് ഷാദി മുഹമ്മദ് തന്നെയാണെന്ന് ശബ്ദത്തില്‍ നിന്ന് പോലും വ്യക്തമാണ്. 2015 ല്‍ സിറിയയിലെ ഇഡ്ലിബ് നഗരത്തിലാണ് ഈ സംഭവം നടന്നത്. അല്‍ഖൈ്വദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജബാത്ത് അല്‍ നുസ്ര എന്ന പ്രസ്ഥാനമാണ് ഈ കാലഘട്ടത്തില്‍ മേഖലയില്‍ ഭരണം നടത്തിയിരുന്നത്. ശരിയത്ത് നിയമപ്രകാരമാണ് വ്യഭിചാരക്കുറ്റത്തിന് ഈ സ്ത്രീകളെ വധശിക്ഷക്ക് വിധേയരാക്കിയത്.

ദൃശ്യങ്ങളില്‍ ഷാദി മുഹമ്മദ് അല്‍ വൈസിക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു സ്ത്രീയെയാണ് കാണുന്നത്. വിശ്വാസ വഞ്ചനക്കും വ്യഭിചാരക്കുറ്റത്തിനും ഈ സ്ത്രീയെ വധശിക്ഷക്ക് വിധിക്കുന്നതായി അല്‍വൈസി പ്രഖ്യാപിക്കുകയാണ്. മറ്റൊരു ദൃശ്യത്തില്‍ വേറൊരു സ്ത്രീയും അല്‍വൈസിക്ക് മുന്നില്‍ തൊഴുതു നില്‍ക്കുകയാണ്. അവരേയും വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് തന്റെ മക്കളെ കാണണമെന്ന് പറഞ്ഞ് ഈ സ്ത്രീ യാചിക്കുകയാണ്.

രണ്ട് സ്ത്രീകളേയും തലയ്ക്ക് വെടിവെച്ച് കൊല്ലുന്നതായും കാണാന്‍ കഴിയും. കൊല നടക്കുന്ന സമയത്ത് ഇവര്‍ക്ക് ചുറ്റും നില്‍ക്കുന്ന പുരുഷന്‍മാര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു പറയുന്നുണ്ട്. 2015 ല്‍ ഈ സംഭവം നടക്കുന്ന സമയത്ത് അല്‍വൈസി ജഡ്ജിയായി സേവനം

അനുഷ്ഠിക്കുകയായിരുന്നു. അക്കാലത്ത് ഇത്തരം ശിക്ഷാവിധികള്‍ സിറിയയില്‍ സര്‍വ്വ സാധാരണമായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ പറയുന്നത് ഇത്തരം പ്രാകൃതമായ ശിക്ഷാവിധികളൊക്കെ റദ്ദാക്കുമെന്നാണ്. എന്നാല്‍ അല്‍ വൈസി നിയമകാര്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ സിറിയയിലെ വനിതാ ജഡ്ജിമാരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണ് ചെയ്തത്.

കൂടാതെ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സംഭവവും സിറിയയും താലിബന്‍ രീതിയിലേക്ക് മാറുന്നതിന്റെ സൂചനയായി കണക്കാക്കാം. ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയായ വനിതക്ക് ഹസ്തദാനം ചെയ്യാന്‍ പുതിയ സിറിയന്‍ നേതാവായ ജൊലാനി വിസമ്മതിച്ചിരുന്നു. സിറിയയിലെ ഡമാസ്‌ക്കസില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിയായ അനലേന ബെയര്‍ബോക്ക്. അവിടെയത്തിയ സിറിയയിലെ വിമതമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അബു മുഹമ്മദ് അല്‍ ജൊലാനി അവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മിക്കുകയായിരുന്നു.

അനലേന ഒരു സ്ത്രീയായത് കൊണ്ടാണ് ജോലാനി ഇതിന് വിസമ്മതിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തൊട്ടടുത്ത് നിന്ന പുരുഷനായ ഫ്രഞ്ച് വിദേശകാര്യമന്ത്രിയായ ജീന്‍ നോയല്‍ ബാരോക്ക്് ഹസ്തദാനം ചെയ്തിരുന്നു. ഈ നടപടിയെ ജര്‍മ്മന്‍ മാധ്യമങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പല ഇസ്ലാമിക രാജ്യങ്ങളിലും സ്വന്തം കുടുംബത്തില്‍ പെട്ടവരോ അതല്ലെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രമേ മറ്റൊരാളിന്റെ ശരീരത്തില്‍ തൊടാന്‍ അനുമതിയുള്ളൂ.

അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത വിമതര്‍ രാജ്യത്ത് കൂടുതല്‍ സ്വാതന്ത്യവും സഹിഷ്ണുതയും എല്ലാം തിരികെ കൊണ്ട് വരും എന്ന് വാഗ്ദാനം ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് അവരുടെ പരമോന്നത നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിരിക്കുന്നത്. തീവ്രവാദ പശ്ചാത്തലമുളള വ്യക്തിയാണെങ്കിലും ജൊലാനി പൊതുവേ പുരോഗമന ചിന്താഗതിക്കാരനായിട്ടാണ് അറിയപ്പെടുന്നത്. അത്തരം ഒരു വ്യക്തിയില്‍ നിന്നാണ് ഈ രീതിയില്‍ ഒരു പെരുമാറ്റം ഉണ്ടായി എന്നതാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍ ജൊലാനി ഹസ്തദാനം ചെയ്യാത്തതില്‍ അത്ഭുതമില്ലെന്നാണ് അനലേന ബെയര്‍ബോക്ക് പറയുന്നത്.

ഇക്കാര്യം താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അവര്‍ വ്യക്തമാക്കി. ഇറാഖില്‍ അല്‍-ഖൈ്വദ പ്രവര്‍ത്തകനായിരുന്ന ജൊലാനി അഞ്ച് വര്‍ഷത്തോളം അമേരിക്കന്‍ തടവറയിലും കഴിഞ്ഞിട്ടുണ്ട്. അറബ് വസന്തത്തിന്റെ കാലത്താണ് ഇയാള്‍ സിറിയയിലേക്ക് തിരിച്ചെത്തിയത്. 2013 ല്‍ ഇയാളെ അമേരിക്ക ആഗോള തീവവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. സിറിയയെ ശരിയത്ത് നിയമത്തിലേക്ക് തിരികെ കൊണ്ട് പോകുമെന്ന് ജോലാനി പലവട്ടം പ്രഖ്യാപിച്ചിരുന്നു.