- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയ്ഖ് ഹസീന വീണ്ടും ഭരണം തുടരുമ്പോൾ
ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാമതും പ്രസിഡന്റ് പദവിയിലേക്ക് എത്തുമ്പോൾ ഇന്ത്യൻ നയതന്ത്രത്തിനും തുണയാകും. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ഷെയ്ഖ് ഹസീന. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച ഞായറാഴ്ചത്തെ പൊതുതിരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി ഭൂരിപക്ഷം സീറ്റുകളും നേടി.
പ്രധാന പ്രതിപക്ഷ കക്ഷിയായ ബി.എൻ.പി.യും മറ്റു 15 പാർട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ബി.എൻ.പി. ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും 1971-ലെ വിമോചനയുദ്ധത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച ഇന്ത്യ വിശ്വസ്ത സുഹൃത്താണെന്നും ഹസീന വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയുമായി ചേർന്ന് പോകുമെന്ന സൂചനയാണ് ഇത് നൽകുന്നത്. ബംഗ്ലാദേശിൽ ഇന്ത്യയെ അനുകൂലിക്കുന്നവരുടെ ഭരണം തീവ്രവാദത്തിന് എതിരായ പോരാട്ടത്തിലും അതിനിർണ്ണായകമാണ്.
തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. 40 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. തടവിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണ് പോളിങ് കുറച്ചത്.
പോളിങ് സ്റ്റേഷനുകളിലൊരിടത്തും തിരക്കില്ലായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. രാജ്യത്തെ 300 പാർലമെന്റ് മണ്ഡലങ്ങളിൽ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. അതേസമയം, വിജയാഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് ഹസീന പ്രവർത്തകരോട് പറഞ്ഞു. രാജ്യം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ വിജയാഹ്ലാദം വേണ്ടെന്നാണ് ഹസീനയുടെ നിർദ്ദേശം.
ഗോപാൽഗഞ്ച്-3 മണ്ഡലത്തിൽ മത്സരിച്ച ഹസീന 2,49,965 വോട്ടോടെ ജയിച്ചു. തൊട്ടടുത്ത എതിരാളി ബംഗ്ലാദേശ് സുപ്രീം പാർട്ടിയിലെ എം. നിസാമുദ്ദീൻ ലഷ്കർക്ക് 469 വോട്ടേ ലഭിച്ചുള്ളൂ. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതോടെയാണ് ഭരണത്തിൽ തുടരാൻ ഷെയ്ക് ഹസീനയ്ക്ക് വഴി തെളിഞ്ഞത്. ഇന്ത്യയും ചൈനയും തിരഞ്ഞെടുപ്പിന് പിന്തുണ നൽകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് വിശ്വാസ്യത പോരെന്ന നിലപാടിലാണ് പാശ്ചാത്യ രാജ്യങ്ങൾ.
കാവൽ സർക്കാരിന്റെ ചുമതലയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് പ്രധാന പ്രതിപക്ഷമായ ബിഎൻപി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഹസീന രാജിവച്ച് കാവൽ സർക്കാർ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയതിനെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ഖാലിദ വീട്ടുതടങ്കലിലാണ്.
വോട്ടെടുപ്പ് വിലയിരുത്താൻ 127 വിദേശ നിരീക്ഷകർ എത്തിയിരുന്നു, ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സാരമായി ബാധിക്കുന്നതിനാലായിരുന്നു അത്. ഹസീനയുടെ വിജയം ഇന്ത്യ അംഗീകരിക്കുമെന്നാണ് സൂചന.