- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷേയ്ക്ക് നയീം കാസിം ഹിസ്ബുള്ളയുടെ പുതിയ തലവന്‍; ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി എത്തുന്നത് 30 വര്‍ഷമായി സംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്ന നേതാവ്; ഹിസ്ബുള്ളയെ കുറിച്ചു പുസ്തകം രചിച്ചയാള്‍; നേതൃനിരയെ ഇസ്രായേല്‍ തീര്‍ത്തതോടെ തലവന്‍ പദവി നയിം കാസിമിന്
ഷേയ്ക്ക് നയീം കാസിം ഹിസ്ബുള്ളയുടെ പുതിയ തലവന്‍
ബെയ്റൂത്ത്: തങ്ങള്‍ക്കെതിരെ കൈ ഉയര്‍ത്തുന്നവരെ തീര്‍ത്തു കൊണ്ടാണ് ഇസ്രായേല്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതൃനിരയെ ഇസ്രായേല്‍ ഇതിനോടകം ഇല്ലാതാക്കി കഴിഞ്ഞു. ഇതോടെ പുതിയ ഹമാസ് തലവന്‍ ആരെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഹിസ്ബുള്ളയും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. ഇപ്പോള്‍, പുറത്തുവരുന്നത് ഹിസ്ബുള്ളക്ക് പുതിയ തലവന്‍ എത്തിയിരിക്കുന്നു എന്നാണ്.
ഹിസ്ബുള്ളയുടെ തലവനായി ഷേയ്ക്ക് നയീം കാസിമിനെ തിരഞ്ഞെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഇസ്രായേലിന്റെ നോട്ടപ്പുള്ളി ആയതിനാല്‍ ഇദ്ദേഹത്തെ കുറിച്ചുള്ള കാര്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, 30 വര്‍ഷത്തിലേറെയായി ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ചുവരുന്ന മുതിര്‍ന്ന നേതാവാണ് നയീം കാസിം. ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഷേയ്ക്ക് നയീം കാസിം എത്തുന്നത്.
സെപ്റ്റംബര്‍ 28-ന് ബയ്‌റുത്തില്‍ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്രല്ലയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബയ്റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്രല്ല കൊല്ലപ്പെട്ടത്. 1982-ലെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹിസ്ബുള്ള സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ഹസന്‍ നസറുള്ള.
അതേസമയം ഹിസ്ബുള്ളയുടെ മേധാവിയായ നയീം കാസിം ഇറാനിലേക്ക് കടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുമുണ്ട്. ഒരാഴ്ച മുമ്പ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘാച്ചിയ്‌ക്കൊപ്പമാണ് കാസിം ഇറാനിലേക്ക് പോയതെന്ന് അറബ് മാദ്ധ്യമങ്ങള്‍ പറയുന്നു. നസറുള്ളയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു എഴുപത്തിയൊന്നുകാരനായ ഷെയ്ഖ് നയീം കാസിം. അതിനു മുന്‍പ് 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലിന്റെ റോളിലായിരുന്നു ഇദ്ദേഹം.
ശൂറാ കൗണ്‍സില്‍ ചേര്‍ന്ന് നയീം ഖാസിമിനെ സെക്രട്ടറി ജനറലായി തിരഞ്ഞടുത്തതായി ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. ഹിസ്ബുള്ളയിലെ ഉയര്‍ന്ന തീരുമാനമെടുക്കല്‍ സമിതിയാണു ശൂറാ കൗണ്‍സില്‍. നസറുള്ളയ്ക്കു പകരക്കാരനായി നയീം കാസിമിനു പുറമെ ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവന്‍ ഹാഷിം സഫീദ്ദീന്റെ പേരും പരിഗണിക്കപ്പെടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിക്കുന്ന നയീം കാസിം നബാത്തി ഗവര്‍ണറേറ്റിലെ ക്ഫാര്‍ കില എന്ന തെക്കന്‍ ലെബനീസ് ഗ്രാമത്തില്‍നിന്നുള്ള കുടംബത്തിലെ അംഗമാണ്. 1953ല്‍ ബെയ്റൂട്ടിലായിരുന്നു ജനനം. ഷിയാ രാഷ്ട്രീയത്തില്‍ ഒരു നീണ്ട ചരിത്രമുണ്ട് കാസമിന്.
ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്മെന്റിന്റെ ഭാഗമായാണു കാസിമിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1970-കളില്‍, അന്തരിച്ച ഇമാം മൂസ അല്‍-സദറിന്റെ ഡിസ്പോസസ്ഡ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു കാസിം. അത് പിന്നീട് ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. ഷിയാപ്രവര്‍ത്തകരിലെ പുതിയ തലമുറയെ പ്രചോദിപ്പിച്ച ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് 1976ല്‍ അമാല്‍ വിട്ടു. തുടര്‍ന്ന, 1982 ലെ ഇസ്രായേല്‍ ലെബനന്‍ അധിനിവേശത്തിന് മറുപടിയായി സ്ഥാപിതമായ ഹിസ്ബുള്ളയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നുമാണ് അറബ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
ഹിസ്ബുള്ളയുടെ അടിസ്ഥാന മതപണ്ഡിതന്മാരില്‍ ഒരാളായ ഖാസിം പ്രമുഖ ലെബനീസ് - ഇറാഖി മതനേതാവായിരുന്ന അയത്തുള്ള മുഹമ്മദ് ഹുസൈന്‍ ഫദ്‌ലല്ലയുടെ ശിഷ്യനാണ്. പതിറ്റാണ്ടുകളായി ബെയ്‌റൂട്ടില്‍ മതക്ലാസുകള്‍ നടത്തുന്നുണ്ട്. ഹിസ്ബുള്ള വളരെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സംഘടനയായതിനാല്‍, അതില്‍ കാസിമിന്റെ ചുമതലകള്‍ എന്തൊക്കെയാണെന്നുള്ളത് പൊതുവിടങ്ങളില്‍ പരസ്യമല്ല. എന്നിരുന്നാലും, ഒരു ഘട്ടത്തില്‍, ഹിസ്ബുള്ളയുടെ വിദ്യാഭ്യാസശൃംഖലയുടെ ഒരുഭാഗം അദ്ദേഹം നിയന്ത്രിക്കുകയും 1992 മുതല്‍ ഗ്രൂപ്പിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്റററായി പ്രവര്‍ത്തിക്കുകയും ചെയ്തു.
2005-ല്‍ 'ഹിസ്ബുള്ള, ദി സ്റ്റോറി ഫ്രം വിത്ത്' എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1991-ല്‍ അന്നത്തെ സെക്രട്ടറി ജനറല്‍ അബ്ബാസ് അല്‍-മുസാവിയുടെ കീഴിലാണ് കാസിം ഡെപ്യൂട്ടി സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ അതിക്രമങ്ങളില്‍ ഹിസ്ബുള്ള നേതൃനിരയുടെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഹിസ്ബുള്ളയുടെ സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരുന്നു.