പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന നിക്കോള സ്റ്റർജൻ, പാർട്ടി ഫണ്ട് തിരിമറി കേസിൽ അറസ്റ്റിലായതോടെ അണികൾ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി ഉപേക്ഷിച്ചു പോകുന്നതായി സമീപകാല അഭിപ്രായ സർവേകൾ തെളിയിക്കുന്നു. ഈ അവസരം മുതലെടുത്ത് ലേബർ പാർട്ടി വളരുകയാണെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സൺഡേ ടൈംസിന് വേണ്ടി നടത്തിയ ഒരു പാനല്ബേസ് സർവേയിൽ പറയുന്നത് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 26 സീറ്റുകൾ ലഭിക്കുമെന്നാണ്.

നിലവിൽ, ദേശീയ പാർലമെന്റിൽ സ്‌കോട്ട്ലാൻഡിൽ നിന്നും ഒരു സീറ്റു മാത്രമാണ് ലേബർ പാർട്ടിക്കുള്ളത്. അതേസമയം, സ്‌കോട്ട്ലാൻഡ് നാഷണലിസ്റ്റ് പാർട്ടിയുടെ നില, നിലവിലെ 45 സീറ്റുകൾ എന്നതിൽ നിന്നും 21 ആയി കുറയുമെന്നും സർവേ ഫലം പറയുന്നു. ഇത് യാഥാർത്ഥ്യമായാൽ, 2010 ന് ശേഷം ഇതാദ്യമായിട്ടായിരിക്കും സർ കീർ സ്റ്റാർമറുടെപാർട്ടി വെസ്റ്റ് മിനിസ്റ്ററിലെ ഏറ്റവും വലിയ സ്‌കോട്ടിഷ് ഗ്രൂപ്പ് ആകുന്നത്. അത് നമ്പർ 10 ലേക്കുള്ള യാത്രയിൽ സ്റ്റാർമറിന് കൂടുതൽ കരുത്ത് പകരുകയും ചെയ്യും.

സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കായി സംഭാവനയായി ലഭിച്ച 6 ലക്ഷം പൗണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ കഴിഞ്ഞയാഴ്‌ച്ച ഏഴ് മണിക്കൂറോളമായിരുന്നു സ്റ്റർജനെ അന്വേഷണോദ്യോഗസ്ഥർ ചോദ്യം ചെയ്തത്. എന്നാൽ, കേസുകളൊന്നും ചാർജ്ജ് ചെയ്യാതെ അവരെ വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണം തുടരുകയുമാണ്. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടാണ് സ്റ്റർജന്റെത്.

മാത്രമല്ല, എസ് എൻ പി ക്കുള്ള ജന പിന്തുണയുംകാര്യമായി കുറഞ്ഞിട്ടുണ്ട്. ഇത്തവണ നടന്ന അഭിപ്രായ സർവേയിൽ 34 ശതമാനം പേരാണ് എസ് എൻ പി ക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞത്. മാർച്ചിൽ പാനലെബേസ് നടത്തിയ പോളിൽ 39 ശതമാനം പേർ എസ് എൻ പിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞിരുന്നു. അതേസമയം 3 പോയിന്റ് വർദ്ധിച്ച് ലേബർ പാർട്ടിയും ഇതേ നിലവാരത്തിൽ എത്തിയിട്ടുണ്ട്. 18 ശതമാനം പേർ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ 7 ശതമാനം പേർ മാത്രമാണ് ലിബറൽ ഡെമോക്രാറ്റുകൾക്ക് ഒപ്പമുള്ളത്.

അതേസമയം, സ്റ്റർജന്റെ ജനപ്രീതി 38 പോയിന്റുകൾ കുറഞ്ഞ് മൈനസ് 18 ൽ എത്തി. നിലവിലെ സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർക്കും നെഗറ്റീവ് പോയിന്റാണ് ലഭിച്ചത്. മൈനസ് 12 ആണ് ഹംസ യൂസഫിന് ലഭിച്ചത്. സ്‌കോട്ടിഷ് ലേബർ നേതാവിന് മൈനസ് 2 പോയിന്റ് ലഭിച്ചപ്പോൾ സ്‌കോട്ടിഷ് കൺസർവേറ്റീവ് ലീഡർ ഡഗ്ലസ്സ് റോസ്സിന് ലഭിച്ചത് മൈനസ് 34 പോയിന്റുകളായിരുന്നു.