- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പാനിഷ് നഗരം; തീരുമാനം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയ പശ്ചാത്തലത്തില്‍; ഇസ്ലാമിക പാരമ്പര്യത്തിന് എതിരെയുള്ള നീക്കം സ്പാനിഷ് ഭരണഘടന ഉറപ്പു വരുത്തുന്ന വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുന്നതെന്ന് വിമര്‍ശനം
ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പാനിഷ് നഗരം
ജുമില്ല: സ്പെയിനിലെ മ്യൂര്‍സിയ മേഖലയിലുള്ള ജുമില്ല പട്ടണത്തില്‍, ഈദ് പോലുള്ള ഇസ്ലാമിക ആഘോഷങ്ങള്‍ നടത്തുന്നതിന് പൊതുയിടങ്ങള്‍ ഉപയോഗിക്കുന്നത് തടാഞ്ഞുകൊണ്ടുള്ള ഉത്തരവ് വന്നു. രാജ്യത്ത് ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യ പട്ടണമാണ് ജുമില്ല. അടുത്തിടെ ഇവിടെയുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയ പശ്ചാത്തലത്തിലാണിത്. ഈ പട്ടണത്തിലെ മൊത്തം ജനസംഖ്യ 27,000 ആണ്. അതില്‍ 7.5 ശതമാനം പേര്‍, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സ്പെയിനിലെ യാഥാസ്ഥിതിക രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്സ് പാര്‍ട്ടി അതിനെ അനുകൂലിക്കുകയും ചെയ്തു.
സ്പെയിനിന്റെ സ്വത്വവുമായി യോജിച്ചു പോകാത്ത, മതപരവും, സാംസ്‌കാരികവും, സാമൂഹികവുമായ പരിപാടികള്‍ക്കായി സ്പോര്‍ട്‌സ് ഹോളുകളും മറ്റ് സിവിക് സെന്ററുകളും ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. ലോക്കല്‍ കൗണ്‍സില്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാത്രം ഈ വിലക്ക് ബാധകമാവില്ല. ജുമില്ലയില്‍ നിന്നും 70 മൈല്‍ അകലെയുള്ള ടൊറേ പഷേക്കൊയി, ഒരു വൃദ്ധനെ മൂന്ന് മൊറോക്കന്‍ വംശജര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭണം കലാപമായി മാറിയിരുന്നു. നിരവധി പേര്‍ക്ക് അതില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം
ഇസ്ലാമിക പാരമ്പര്യത്തിന് എതിരെയുള്ള നീക്കമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. മാത്രമല്ല, സ്പാനിഷ് ഭരണഘടന ഉറപ്പ് നല്‍കുന്ന മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ നടപടിയെന്നും അവര്‍ പറയുന്നു. ഈ തീരുമാനത്തെ വോക്സ് പാര്‍ട്ടി പരസ്യമായി തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. സ്പെയിന്‍ എക്കാലവും ക്രിസ്ത്യാനികളുടെ ഭൂമിയായിരുന്നെന്നും, ഇനിയും അങ്ങനെ തന്നെ തുടരുമെന്നും പാര്‍ട്ടി എക്സില്‍ കുറിച്ചു.പുതിയ നിയമം, ഈദുല്‍ ഫിത്തര്‍ പോലുള്ള ആഘോഷങ്ങള്‍ക്കായി പൊതുയിടങ്ങളില്‍ ഒത്തുചേരുന്നതില്‍ നിന്നും മുസ്ലീങ്ങളെ വിലക്കുന്നുണ്ട്. ഇസ്ലാമത നേതാക്കളും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.
ഇത് ഇസ്ലാമിക സമൂഹത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നായിരുന്നു സ്പാനിഷ് ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍സ് പ്രസിഡണ്ട് കുനീര്‍ ബെഞ്ചെലം അസാരി പറഞ്ഞത്. മറ്റ് മതങ്ങള്‍ക്ക് നേരെയൊന്നും തിരിയാതെ ഭരണകൂടം തങ്ങളെ മാത്രം ഉന്നം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വംശീയ ചിന്ത സ്പെയിനില്‍ വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഈ നിരോധനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. സ്പാനിഷ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. ക്രമസമാധാനം തകര്‍ക്കുന്ന നിലയിലേക്ക് ആ വിശ്വാസം കടക്കരുത് എന്ന് മാത്രമെ ഭരണഘടന അനുശാസിക്കുന്നുള്ളു. സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.