- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലേക്കുള്ള ഇസ്രയേൽ നീക്കം രണ്ടു കൽപ്പിച്ച്; ഭക്ഷണവും ഇന്ധനവും തടയും; വൈദ്യുതി ബന്ധം വിച്ഛേദിക്കും; ഗസ്സയിൽ സമ്പൂർണ ഉപരോധത്തിന് ഇസ്രയേൽ; 'മൃഗീയമായ ആളുകൾ'ക്കെതിരായ പോരാട്ടമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി
ടെൽ അവീവ്: ഗസ്സയെ ആളില്ലാ തുരുത്താക്കും എന്നു പറഞ്ഞു കൊണ്ടാണ് ഇസ്രയേൽ ഹമാസിനെ തിരിച്ചടിക്കുന്നത്. ഗസ്സയിൽ സമ്പൂർണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഗസ്സയിൽ സമ്പൂർണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേൽ. ഗസ്സയിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയം വിതരണം തടയുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
2007ൽ ഫലസ്തീനിൽ നിന്നും ഹമാസ് അധികാരം പിടിച്ചെടുത്തതിന് ശേഷം ഇസ്രയേലും ഈജിപ്തും പലതവണ ഗസ്സയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലേക്കുള്ള ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം തടയുമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇത് 'മൃഗീയമായ ആളുകൾ'ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ രക്തരൂക്ഷിതമായ വ്യോമാക്രമണം തുടരുന്നതിനിടെ കരയുദ്ധത്തിനും ഇസ്രയേൽ നീക്കം. ഗസ്സ അതിർത്തിയിൽ ലക്ഷത്തോളം റിസർവ് സൈനികരെ വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ യുദ്ധത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേലി സൈനിക വക്താവ് ജൊനാഥൻ കോൺറികസ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
ഇസ്രയേലി സിവിലിയന്മാരെ ഇനിയും ഭീഷണിപ്പെടുത്താനുള്ള സൈനികശേഷി ഹമാസിനില്ല. ഹമാസ് ഇനി ഗസ്സ മുനമ്പിനെ നിയന്ത്രിക്കില്ലെന്ന് ഞങ്ങൾ പൂർണമായും ഉറപ്പുവരുത്തും -അദ്ദേഹം പറഞ്ഞു. ഫലസ്തീനിയൻ അധികൃതരുടെ കണക്കനുസരിച്ച് ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ 450ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.
ഹമാസിന്റെ ആക്രമണത്തിൽ 700 ഇസ്രയേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാണാനില്ലെന്നുമാണ് ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, ഇസ്രയേൽ - ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ ഒഐസി രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് ഇറാൻ വക്താവ് നാസർ കനാനി പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്യാൻ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് നടപടി.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹമാസും ഇറാൻ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉൾപ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. പിന്നാലെയാണ് യോഗം വിളിച്ചിട്ടുള്ളത്. ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉദ്യോഗസ്ഥർ കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ പ്രതികരിച്ചു.
മറുനാടന് ഡെസ്ക്