ന്യൂയോർക്ക്: ഇന്ത്യ ആശങ്ക അറിയിച്ചതിന് പിന്നാലെ ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയ്ക്കാണ് ശ്രീലങ്ക പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

'കുറച്ചുകാലമായുള്ള ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം. ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്.' അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ ചൈനീസ് കപ്പലിനു ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങൾക്ക് പ്രധാനം.'' സാബ്രി അലി വ്യക്തമാക്കി.

വിദേശ കപ്പലുകൾ നങ്കൂരമിടുന്നതിൽ ചില മാർഗനിർദേശങ്ങളുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ6 ശ്രീലങ്കൻ തീരത്തെത്തുന്നതിൽ യുഎൻ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലന്റ് ശ്രീലങ്കൻ വിദേശകാര്യമന്ത്രി സാബ്രി അലിയെ നേരത്തെതന്നെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടതിനെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിമർശിച്ചിരുന്നു.

നാഷണൽ അക്വാറ്റിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഏജൻസിയുമായി ചേർന്ന് ഗവേഷണത്തിനായി ചൈനീസ് കപ്പൽ ഒക്ടോബറിൽ ശ്രീലങ്കയിൽ പ്രതീക്ഷിക്കുന്നതായി ശ്രീലങ്ക ആസ്ഥാനമായുള്ള ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലാൻഡ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രിയുമായുള്ള കൂടിക്കാഴ്ചയിൽ കപ്പലുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉന്നയിച്ചിരുന്നു.

ഷി യാൻ 6 ഒക്ടോബർ 26-ന് കൊളംബോ തുറമുഖത്ത് എത്തുമെന്നും നവംബർ 10 വരെ 17 ദിവസത്തേക്ക് ശ്രീലങ്കയുടെ തുറമുറങ്ങളിൽ പ്രവർത്തിക്കാനായരുന്നു നീക്കം. ചൈനയുടെ നീക്കത്തെ ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിച്ചത്. നേരത്തെയും ചൈനീസ് ചാരക്കപ്പലുകൾ ലങ്കൻ തീരങ്ങളിലെത്തിയിരുന്നു. അന്ന് ഇന്ത്യ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിവരങ്ങൾ ചോർത്തലടക്കം ചൈനീസ് കപ്പലുകളുടെ അജണ്ടയിലുണ്ടെന്നായിരുന്നു അഭ്യൂഹം.

2022 നവംബറിൽ, ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 6 ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കടക്കുന്നതിൽ ഇന്ത്യ എതിർപ്പറിയിച്ചു. 2022 ഓഗസ്റ്റിൽ, ഇന്ത്യൻ പ്രതിഷേധങ്ങളെ അവഗണിച്ച്, മറ്റൊരു കപ്പൽ, യുവാൻവാങ് 5 ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ഒരാഴ്ച നങ്കൂരമിട്ടു. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് പാർട്ട്ണർഷിപ്പുള്ള തന്ത്രപ്രധാനമായ തുറമുഖമാണ് ഹമ്പൻടോട്ട.