ജിദ്ദ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാവുന്ന സ്ഥിതിയാണ്. സുഡാൻ സൈനിക മേധാവി ജനറൽ അബ്ദേൽ ഫത്താ അൽബുർഹാനും, അർദ്ധസൈനിക വിഭാഗം മേധാവി ജനറൽ മൊഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിലാണ് പോര്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഖർത്തോമിന്റെ പല ഭാഗങ്ങളിലും ഏറ്റുമുട്ടൽ തുടരുകയാണ്. ഇരുപക്ഷത്തുനിന്നും പരസ്പര വിരുദ്ധമായ അവകാശവാദങ്ങൾ വരുന്നതുകൊണ്ട് തന്നെ അവിടെയുള്ള ഇന്ത്യാക്കാരെ എത്രയും വേഗം ഒഴിപ്പിക്കുന്നതിനാണ് വിദേശകാര്യ മന്ത്രാലയം പ്രാധാന്യം നൽകുന്നത്.

3400 ഇന്ത്യാക്കാർ ഇതിനകം നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തു. 1700 പേരെ സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റി. അപകടസാധ്യത ഉള്ള മേഖലകളിൽ നിന്ന് ഇന്ത്യാക്കാരെ എത്രയും വേഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുന്നതെന്ന് വിദേശ കാര്യ സെക്രട്ടറി വിനയ് ഖത്ര പറഞ്ഞു. 600 ലേറെ ഇന്ത്യാക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി മൂന്നാമതൊരു കപ്പൽ കൂടി പുറപ്പെടും. ഐഎൻഎസ് തർകാഷാണ് രക്ഷാദൗത്യവുമായി സുഡാനിലേക്ക് പോകുന്നതെന്ന് വിനയ് മോഹൻ ഖത്ര അറിയിച്ചു.

ആഭ്യന്തരയുദ്ധം ഉണ്ടായ ദിവസം മുതലുള്ള സാഹചര്യങ്ങൾ വിദേശകാര്യമന്ത്രാലയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 3500 ഓളം ഇന്ത്യാക്കാരും ആയിരത്തോളം ഇന്ത്യൻ വംശജരും സുഡാനിൽ ഉണ്ടെന്നാണ് കണക്ക്. സുഡാനിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും വളരെയേറെ ആശങ്കാജനകവുമാണ്.

246 ഇന്ത്യാക്കാരുമായി വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനം പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലേക്ക് പോയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. നാവികസേന കപ്പലായ ഐഎൻഎസ് തേജ് 297 പേരുമായി സുഡാനിൽ നിന്നും തിരിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. ആറു ബാച്ചുകളിലായി 1100 പേരെ ജിദ്ദയിലെത്തിച്ചതായും കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ചിലരെല്ലാം വലിയ സംഘർഷം നടക്കുന്ന മേഖലകളിൽ പെട്ടുപോയിട്ടുണ്ട്. ഇവരെ കഴിവതും വേഗം റോഡ് മാർഗ്ഗം പോർട്ട് സുഡാനിലേക്ക് മാറ്റാനാണ് ശ്രമം. അവിടെ നിന്ന് യുദ്ധകപ്പലുകളിലും, സൈനിക വിമാന്തിലും ജിദ്ദയിലെത്തിക്കുകയാണ് പോംവഴി. 72 മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം.

ബുധനാഴ്ച രാത്രി ചാർട്ടേഡ് വിമാനത്തിൽ 360 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു. മറ്റൊരു 246 പേരെ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ മഹാരാഷ്ട്രയിലും. 495 ഇന്ത്യാക്കാർ ഇപ്പോൾ ജിദ്ദയിലുണ്ട്. മറ്റൊരു 320 പേർ പോർട്ട് സുഡാനിലും. ഖർത്തോമിൽ നിന്നും ബസുകളിൽ പോർട്ട് ഓഫ് സുഡാനിലേക്ക് ഇന്ത്യാക്കാരെ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. തലസ്ഥാനമായ ഖർത്തോമിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് പോർട്ട് ഓഫ് സുഡാൻ.