ലണ്ടൻ: ഒന്നരമാസം മാത്രം മുൻപ് മാത്രം അധികാരത്തിലേറിയ ലിസ് ട്രസ്സ് മന്ത്രിസഭയുടെ രണ്ടാമത്തെ വിക്കറ്റും വീണു. തമിഴ്-ഗോവൻ ദമ്പതികളുടെ മകളായ ഇന്ത്യൻ വംശജ, സുവെല്ല ബ്രേവർമാനാണ് ഇപ്പോൾ പുറത്തായത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പതിവില്ലാത്ത കാഴ്‌ച്ചകൾക്കായിരുന്നു ഇന്നലെ ബ്രിട്ടീഷ് ജനാധിപത്യം സാക്ഷ്യം വഹിച്ചത്.. ഉച്ചത്തിലുള്ള അലർച്ചകളും കണ്ണീരുമൊക്കെയായി ഒരു ദിവസം. പാറ തുരന്നുള്ള ഖനനത്തിനെതിരെലേബർ പാർട്ടി പ്രമേയം അവതരിപ്പിച്ചതോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കമായത്.

ഈ സംഭവങ്ങൾക്ക് മണിക്കൂറുകൾക്ക് മുൻപായിരുന്നു സുവെല്ലാ ബ്രേവർമാനെ പുറത്താക്കിയത്. ഇമിഗ്രേഷൻ പോളിസിയുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനത്തിന്റെ കോപ്പി തന്റെ വ്യക്തിഗത ഈമെയിൽ ഐഡിയിൽ നിന്നും, ഒരു സുഹൃത്തിന് അയച്ചു എന്ന പ്രോട്ടോക്കോൾ ലംഘനമായിരുന്നു ഇവരെ പുറത്താക്കാൻ കാരണമായത്. സുവെല്ല രാജിവയ്ക്കുന്നതിന് മുൻപായി 90 മിനിറ്റൊളം സുവെല്ലയും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ച സംഘർഷ ഭരിതമായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

സാങ്കേതിക കാരണങ്ങൾ ആണ് പുറത്താക്കലിന് കാരണമായി പറയുന്നുണ്ടെങ്കിലും, സുവെല്ല അടുത്തിടെ പ്രഖ്യാപിച്ച ചില കുടിയേറ്റ നയങ്ങൾ ആണ് ഇതിനു പുറകിലെ പ്രധാന കാരണം എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്‌ച്ചക്കിടെ ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ വാഗ്വാദങ്ങൾ നടന്നതായും പറയപ്പെടുന്നു. സമ്പത്തിക വളർച്ച കൈവരിക്കാൻ എന്ന പേരിൽ കുടിയേറ്റ നിയമത്തിൽ അയവ് വരുത്തുന്നത് ഭ്രാന്തൻ നടപടിയാണെന്ന് സുവെല്ല അവിടെ തെളിച്ചു പറഞ്ഞതായുംറിപ്പോർട്ടുകൾ പറയുന്നു.

നേരത്തേ, ലിസ് ട്രസ്സ് കൂടി പ്രധാന പങ്കു വഹിച്ച ഇൻഡോ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ അതിന്റെ അന്ത്യ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ, അതിന്റെ ഭാഗമായി കുടിയേറ്റ നിയമത്തിൽ അനുവദിക്കപ്പെട്ട ചില ഇളവുകൾ എടുത്തു കളയുന്നത് വിവാദമായിരുന്നു. ഇത് കരാറിന്റെ ഭവി തന്നെ അനിശ്ചിതത്വത്തിൽ ആക്കുമെന്നായപ്പോഴാണ് പ്രധാനമന്ത്രി ഇടപെട്ടതെന്ന് കരുതുന്നു.

എന്നാൽ, രാജിവെച്ച് ഒഴിയാൻ നിർബന്ധിതയായ സുവെല്ല ഇപ്പോൾ ലിസ് ട്രസ്സിന് ഒരു കടുത്ത വെല്ലുവിളി ആയിരിക്കുകയാണ്. ഇമിഗ്രേഷൻ നയത്തിന്റെ കാര്യത്തിൽ രാജ്യത്തിനു നൽകിയ വാഗ്ദാനത്തിൽ നിന്നും പ്രധാനമന്ത്രി പുറകോട്ട് പോവുകയാണെന്ന് അവർ പരസ്യമായി ആരോപിച്ചു. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി രാജിവെച്ച് ഒഴിയുന്നത് നല്ലതാണെന്നും അവർ കത്തിൽ പരാമർശിച്ചു.

കൂടുതൽ എം പിമാർ എതിരായതോടെ ഈ മാസം അവസാനം അവതരിപ്പിക്കാൻ ഇരിക്കുന്ന ബജറ്റ് വരെ ലിസ് ട്രസ്സിന് പദവിയിൽ തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ പലരും സംശയം ഉന്നയിക്കുന്നുണ്ട്. ട്രസ്സിന്റെ ഉറ്റ അനുയായികൾ ആയിരുന്ന ചില എം പിമാർ കൂടി അവർ രാജിവെച്ച് ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി രംഗത്ത് എത്തുകയിരിക്കുകയാണ്.

ഈ സംഭവങ്ങൾക്കിടയിലാണ് പാറതുരന്നുള്ള പുതിയ ഖനന സംരംഭങ്ങൾ തടയുന്നതിനായുള്ള ഒരു ബിൽ ലേബർ പാർട്ടി പാർലമെന്റിൽ കൊണ്ടുവന്നത്. മന്ത്രിസഭയെ താഴെയിറക്കാനുള്ള ഒരു വിശ്വാസ പ്രമേയം കൂടിയാണ് ഇതെന്നായിരുന്നു ഭരണകക്ഷി വിപ്പുമാർ എം പിമാരോട് പറഞ്ഞത്. അതുകൊണ്ടു തന്നെ സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യാത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ആ ഭീഷണിക്കൊന്നും എം പിമാരെ സ്വാധീനിക്കാൻ ആയില്ല. ആരും സർക്കാരിനെതിരായി വോട്ട് ചെയ്തില്ലെങ്കിലും 40 പേർവോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇതോടെ ഇത് ഒരു വിശ്വസ പ്രമേയം കൂടിയാണെന്ന അഭിപ്രായം പിൻവലിച്ചുകൊണ്ട് മന്ത്രി ഗ്രഹാം സ്റ്റുവർട്ട് രംഗത്തെത്തി.ഈ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ ബലപ്രയോഗം വരെ നടന്നതായി ആരോപണം ഉയർന്നു. പല എം പിമാരെയും ശാരീരികമായി ഉപദ്രവിക്കുകവരെ ഉണ്ടായി എന്നാന് ആരോപണം.

ഉപ പ്രധാനമന്ത്രി തെരേസ കൊഫേയും റീസ് മോഗ്ഗും എം പി അലക്സ് സ്റ്റഫോർഡിനെ വോട്ടിങ് ലോബിയിൽ വെച്ച് കൈകാര്യം ചെയ്തതായി ചില റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ചൂടേറിയ വാഗ്വാദം നടക്കുക മാത്രമെ ഉണ്ടായിട്ടുള്ളു എന്നാണ് എം പി പറയുന്നത്. അതേസമയം, കൺസർവേറ്റീവ് എം പി കരയുന്നത് താൻ കണ്ടെന്ന് ഷാഡോ മിനിസ്റ്റർ അന്ന മെക് മോറിൻ തന്റെ ട്വിറ്ററിൽ കുറിച്ചു. ഏതായാലും, ബഹളങ്ങൾക്ക് ഒടുവിൽ നടന്ന് വോട്ടെടുപ്പിൽ സർക്കാരിന് വിജയിക്കാൻ ആയി. 230 ന് എതിരെ 326 വോട്ടുകൾക്കാണ് ലേബർ പാർട്ടി അവതരിപ്പിച്ച പ്രമേയം തള്ളിയത്.

അതിനിടയിൽ ടോറി ചീഫ് വിപ്പ് വെൻഡി മോർട്ടനും ഡെപ്യുട്ടി ക്രെയ്ഗും രാജി വെച്ചതായ വാർത്തകളും പുറത്തു വരുന്നുണ്ട്. ലേബർ പാർട്ടി അവതരിപ്പ്പിച്ച ബിൽ വിശ്വാസ പ്രമേയമായി കണക്കാക്കും എന്ന് പ്രഖ്യാപിച്ചതിനു ശേഷം അങ്ങനെയല്ല എന്ന് തീരുമാനിച്ചത് തങ്ങളോട് ആലോചിച്ചിട്ടല്ല എന്നാണ് അവ്വർ പറയുന്നത്.

ഭൂകമ്പം പോലുള്ള ദുരന്തങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയിൽ 2019- ൽ ആയിരുന്നു പാറ തുരന്നുള്ള പുതിയ ഖനന സംരംഭങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 2019-ൽ കൺസർവേറ്റീവ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ ഊർജ്ജ ക്ഷാമം കടുക്കാൻ തുടങ്ങിയതോടെ നിരോധനം നീക്കം ചെയ്യാൻ ലിസ് ട്രസ്സ് ആലോചിക്കുകയായിരുന്നു. പ്രകൃതി വാദികളായ നിരവധി ഭരണകക്ഷി എം പി മാർ പക്ഷെ ഈ നിക്കത്തിനെതിരാണ്.

കൂടുതൽ കൂടുതൽ എം പിമർ എതിരായതോടെ സമവായത്തിനൊരുങ്ങിയും കസേര കാത്തു സൂക്ഷിക്കുവാനാണ് ലിസ് ട്രസ്സ് നീക്കം നടത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഋഷി സുനാകിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഗ്രാന്റ് ഷാപ്സിനെ സുവെല്ലക്ക് പകരം ഹോം സെക്രട്ടറി ആക്കിയിരിക്കുന്നത്. മാത്രമല്ല, നികുതി ഇളവുകളുടെ കാര്യത്തിൽ മലക്കം മറിയാൻ ലിസ് ട്രസ്സിനെ നിർബന്ധിതയാക്കിയ തന്ത്രങ്ങളിൽ മൈക്കൽ ഗോവിനൊപ്പം തോളോടുതോൾ ചേർന്ന് ഗ്രാന്റ് ഷാപ്സും ഉണ്ടായിരുന്നു.

അധികാരത്തിൽ ഏറിയ ഉടനെ തന്റെ അനുയായികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ലിസ് ട്രസ്സ് മന്ത്രിസഭ രൂപീകരിച്ചത്. ഇത് ഏറെ വിവാദമായെങ്കിലും ലിസ് അത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ തന്റെ പിടിവാശിയെല്ലാം ഉപേക്ഷിക്കുകയാണ് അവർ. നേരത്തെ തന്റെ കടുത്ത എതിരാളിയായിരുന്ന് ജെറെമി ഹണ്ടിനെ ചാൻസലർ ആക്കിയിരുന്നു. ഇപ്പോൾ ഷാപ്സ് ഹോം സെക്രട്ടറി ആകുന്നു. മന്ത്രിഭയിൽ പ്രധാനമന്ത്രിക്ക് ശേഷമുള്ള രണ്ട് സ്ഥാനങ്ങളും അങ്ങനെ ലിസ് ട്രസ്സിന്റെ ഉറ്റ അനുയായികൾക്ക് നഷ്ടമാവുകയാണ്.

എത്രയൊക്കെ വിട്ടുവീഴ്‌ച്ച ചെയ്താലും ഇനി എത്രനാൾ കൂടി ലിസിന് അധികാരത്തിൽ തുടരാനാവും എന്ന കാര്യത്തിൽ അവരുടെ അടുത്ത വൃത്തങ്ങൾ തന്നെ സംശയങ്ങൽ പ്രകടിപ്പിക്കുന്നു. ഏതായാലും ഇന്നലത്തെ സംഭവങ്ങൾ ഭരണകഷിയിൽ വലിയ വിഭാഗീയതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസം അവസാനം അവതരിപ്പിക്കുന്ന ബജറ്റിൽ അത് മൂർദ്ധന്യത്തിൽ എത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.