- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ ഋഷി സുനക് വീണ്ടും പ്രധാനമന്ത്രിയാകില്ലേ?
ലണ്ടൻ: ഭരണകക്ഷിക്കും ഋഷി സുനകിനും ഞെട്ടലുളവാക്കി കൊണ്ട് ബ്രിട്ടനിലെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തു വന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടു ചെയ്തവരിൽ ഏതാണ്ട് നാലിലൊന്ന് പേർ വരുന്ന പൊതു തെരഞ്ഞെടുപ്പിൽ റീഫോം യു കെ പാർട്ടിക്ക് വോട്ട് ചെയ്യുമെന്നാണ് പറയുന്നത്. റെഡ്ഫീൽഡ് ആൻഡ് വിൽട്ടൺ സർവ്വേ അനുസരിച്ച്, കഴിഞ്ഞ തവണ ഭരണകക്ഷിക്ക് വോട്ടു ചെയ്തവരിൽ 24 ശതമാനം പേരാണ് ഇത്തവണ നിഗൽ ഫരാജിന്റെ പാർട്ടിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. സമീപകാല സർവ്വേകളിൽ, റീഫോം പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ജനപിന്തുണയാണിത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടോറികൾക്ക് വോട്ടു ചെയ്തവരിൽ അഞ്ചിൽ രണ്ടുപേർ (42 ശതമാനം) മാത്രമാണ് ഇത്തവണയും പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നത്. ഋഷി സുനക് പ്രധാനമന്ത്രി ആയീതിനു ശേഷമുള്ള ഏറ്റവും കുറവ് പോയിന്റ് നിലയാണിത്. അതേസമയം, 18 ശതമാനം പേർ പറയുന്നത് ലേബർ പാർട്ടിയേയായിരിക്കും വരുന്ന തെരഞ്ഞെടുപ്പിൽ പിന്താങ്ങുക എന്നാണ്. 7 ശതമാനം പേർ മറ്റ് പാർട്ടികൾക്ക് ഒപ്പമാണ്.
ഇത് ഭരണകക്ഷിയെ വീണ്ടും പരാജയ ഭീതിയിലാഴ്‌ത്തുകയാണ്. ലേബർ പാർട്ടിക്ക് ലഭിക്കുന്ന പിന്തുണയും റീഫോം പാർട്ടിയുടെ ഉയർച്ചയും ടോറികളെ ഏറെ ഭയപ്പെടുത്തുന്നു. റെഡ്ഫീൽഡ് ആൻഡ് വിൽട്ടൺ സർവ്വേയിൽ പങ്കെടുത്ത മൊത്തം പേരുടെയും അഭിപ്രായം നോക്കിയാൽ കീർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 22 പോയിന്റുകൾക്ക് മുൻപിലാണ്. സർവ്വേയിൽ ലേബർ പാർട്ടി 44 പോയിന്റുകൾ നേടിയപ്പോൾ ഭരണകക്ഷിക്ക് നേടാനായത് വെറും 22 പോയിന്റുകൾ മാത്രം.
മുൻകാല വോട്ടർമാർ കൺസർവേറ്റീവ് പാർട്ടിയെ കൈവിടുമ്പോഴും, 2019- ൽ ലേബർ പാർട്ടിക്ക് വോട്ടു ചെയ്തവരിൽ പത്തിൽ എട്ടുപേർ (82 ശതമാനം) പറയുന്നത് അവർ ഇക്കുറിയും ലേബർ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യുമെന്നാണ്. പ്രധാനമന്ത്രിക്കും പാർട്ടിക്കും മറ്റൊരു തിരിച്ചടിയായി സർക്കാരിന്റെ റേറ്റിങ് വീണ്ടും ഇടിഞ്ഞ് മൈനസ് 36 ശതമാനത്തിലെത്തി. കഴിവുകെട്ട സർക്കാരാണ് ഭരിക്കുന്നത് എന്നായിരുന്നു സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയിലേറെ പേർ (52 ശതമാനം) പറഞ്ഞത്. വെറും 16 ശതമാനം പേർക്ക് മാത്രമാണ് ഇത് നല്ലൊരു സർക്കാരാണ് എന്ന അഭിപ്രായമുള്ളത്.
ഋഷി സുനകിന്റെ വ്യക്തിഗത റേറ്റിംഗിലും നാല് പോയിന്റിന്റെ ഇടിവുണ്ടായിടുണ്ട്. വെറും ഒരാഴ്ച കൊണ്ടാണ് നാല് പോയിന്റിന്റെ ഇടിവുണ്ടായത് എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്. 24 ശതമാനം പേർ പ്രധാനമന്ത്രി എന്ന നിലയിൽ ഋഷിയുടെ പ്രവർത്തനം തൃപ്തികരമാണെന്ന് പറഞ്ഞപ്പോൾ 48 ശതമാനം പേർ എതിർ അഭിപ്രായക്കാരായിരുന്നു. നല്ല പ്രധാനമന്ത്രി ആരായിരിക്കും എന്ന കാര്യത്തിൽ സർ കീർ സ്റ്റാർമർ (42 ശതമാനം) ഋഷി സുനകിനേക്കാൾ (29 ശതമാനം) 13 പോയിന്റുകൾക്കാണ് മുന്നിട്ടു നിന്നത്.
കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ നടന്ന മറ്റൊരു സർവ്വേയിൽ നിലവിലെ ക്യാബിനറ്റ് മന്ത്രിമാരിൽ മൂന്നിലൊന്നിലധികം പേരെ പാർട്ടിക്കാർ തന്നെ മോശമായാണ് വിലയിരുത്തിയത്. ഏറ്റവും കുറവ് പിന്തുണ ലഭിച്ച മൂന്ന് പേരിൽ പ്രധാനമന്ത്രി ഋഷി സുനകും ചാൻസലർ ജെറമി ഹണ്ടും ഉൾപ്പെടുന്നു. സുനകിന്റെ നെറ്റ് സാറ്റിസ്ഫാക്ഷൻ റേറ്റ് മൈനസ് 27.7 ആണെങ്കിൽ ജെറമി ഹണ്ടിന്റേത് മൈനസ് 22.7 ആണ്. ഇല്ലീഗൽ മൈഗ്രേഷൻ മന്ത്രി ആയ മൈക്കൽ ടോംലിസൺ മാത്രമാണ് ഇവർക്ക് താഴെയുള്ളത്. അദ്ദേഹത്തിന്റെ സാറ്റിസ്ഫാക്ഷൻ റേറ്റ് മൈനസ് 43.1 ആണ്.