സ്റ്റോക്ക്‌ഹോം: ഈ വർഷം സ്വീഡന് നാറ്റോയിൽ അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ, ഏതൊരു നിമിഷവും ഒരു യുദ്ധം പ്രതീക്ഷിക്കാൻ സ്വീഡിഷ് പ്രതിരോധ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നാറ്റോ അംഗത്വമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തി റഷ്യ യുക്രെയിനെ ആക്രമിച്ച പശ്ചാത്തലത്തിലാണിത്. സ്വീഡന്റെ സിവിൽ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുന്നറീയിപ്പ് നൽകിയ സ്വീഡിഷ് സിവിൽ പ്രതിരോധ അമന്ത്രി കാൾ ഓസ്‌കാർ ബോളിൻ പറഞ്ഞു.

തനിക്ക് മുൻപ് പലരുംഇക്കാര്യം പറഞ്ഞിട്ടുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി പക്ഷെ, താൻ ഇത് പറയുന്നത് ഒരു പ്രതിരോധ മന്ത്രി എന്ന നിലയിൽ തനിക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പറഞ്ഞു. യുക്രെയിനുമായുള്ള പല സമാനതകളും വിവരിച്ചുകൊണ്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. യുക്രെയിനെ പോലെ സ്വീഡനും റഷ്യയുമായി അതിർത്തി പങ്കിടുന്നുണ്ട്. തങ്ങളുടെ അതിർത്തി വരെ നാറ്റോ അതിർത്തി നീളുന്നത് റഷ്യ ആശങ്കയോടെ മാത്രമെ എന്നും കണ്ടിട്ടുള്ളു. അതുകൊണ്ടു തന്നെയാണ് നാറ്റോയിൽ അംഗത്വമെടുക്കാൻ തുനിഞ്ഞ യുക്രെയിനെ റഷ്യ ആക്രമിച്ചത്.

സമാനമായ സമീപനം സ്വീഡന്റെ കാര്യത്തിലും റഷ്യ കൈക്കൊണ്ടേക്കാമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളോട് യോജിച്ചുകൊണ്ട് സ്വീഡൻ കമാൻഡർ -- ഇൻ - ചീഫ് മൈക്കൽ ബൈഡനും പൗരന്മാരോട് കരുതിയിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വളരെയേറെ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ അടുത്ത കാലത്ത് നടത്തിയ അധിക നിക്ഷേപങ്ങളെ പരാമർശിച്ച ബൈഡൻ, നാറ്റോ സഖ്യം രാജ്യത്തിന്റെ ഭാവിക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും പറഞ്ഞു.

നയങ്ങൾ രൂപീകരിക്കാനുള്ള അടിസ്ഥാന ശിലയല്ല പ്രത്യാശ, എന്നിരുന്നാലും അംഗത്വം ലഭിക്കുമെന്ന പ്രത്യാശ നല്ലതാണെന്നും കമാൻഡർ - ഇൻ- ചീഫ് പറഞ്ഞു. പ്രത്യാശയുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിനിലെ ജനങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും സമാനമായ രീതിയിൽ പ്രതിരോധം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം സ്വീഡിഷ് ജനതയോട് ആവശ്യപ്പെട്ടു.