ഡമാസ്‌കസ്: ബഷാര്‍ അല്‍ അസദ് ഭരണകൂടത്തില്‍ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് വിമതര്‍. ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമില്‍ കൂടി പ്രഖ്യാപിച്ചു. അസദ് ഭരണത്തില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ക്കും ജയിലിലടക്കപ്പെട്ടവര്‍ക്കും ഇനി തിരികെ വീടുകളിലേക്ക് വരാമെന്നും വിമതര്‍ പ്രഖ്യാപിച്ചു. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയിയാരിക്കുമെന്നും നീതി ലഭിക്കുമെന്നും എച്ച്.ടി.സി. പറഞ്ഞു. ഡമാസ്‌കസില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഡമാസ്‌കസിലേക്ക് വിമത സേന കടന്നതോടെ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തില്‍ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് വിമതര്‍ പ്രഖ്യാപനം നടത്തിയത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്ന് വിമാനത്തില്‍ കൂടി അജ്ഞാതയിടത്തേക്ക് ബഷര്‍ അല്‍ അസദ് രക്ഷപ്പെട്ടുവെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോംസ് നഗരം പൂര്‍ണ്ണമായും പിടിച്ചടക്കിയതിന് പിന്നാലെയാണ് വിമതര്‍ തലസ്ഥാനത്തേക്ക് കടന്നത്.




ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡമാസ്‌കസിലേക്ക് വിമതസേന പ്രവേശിച്ചെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്നാണ് രണ്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം വിമതര്‍ക്ക് അധികാരം കൈമാറാന്‍ തയാറെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസാദ് പലായനം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ജലാലിയുടെ പ്രഖ്യാപനം. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏത് നേതൃത്വവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി വ്യക്തമാക്കിയിട്ടുള്ളത്.




സിറിയയ്ക്ക് അയല്‍ക്കാര്‍ ഉള്‍പ്പെടെ ലോകവുമായി നല്ല ബന്ധം സ്ഥാപിക്കുന്ന ഒരു സാധാരണ രാജ്യമാകാന്‍ കഴിയും. എന്നാല്‍ ഈ വിഷയം സിറിയന്‍ ജനത തെരഞ്ഞെടുക്കുന്ന ഏതൊരു നേതൃത്വത്തെയും ആശ്രയിച്ചാണുള്ളത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നേതൃത്വവുമായി സഹകരിക്കാനും സാധ്യമായതെല്ലാം വാഗ്ദാനം ചെയ്യാനും തയ്യാറാണ്. ഫേസ്ബുക്ക് അക്കൗണ്ടില്‍ സംപ്രേക്ഷണം ചെയ്ത ഒരു പ്രസംഗത്തില്‍ ജലാലി പറഞ്ഞു.

'സര്‍ക്കാരിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. ഞാന്‍ എന്റെ വീട്ടില്‍ ഉണ്ട്, എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് എന്റെ വിധേയത്വം. രാവിലെ ഓഫീസിലേക്ക് പോകും, ജോലി ചെയ്യും' - ജലാലി വീഡിയോ സന്ദേശത്തില്‍ കൂടി പറഞ്ഞു. രാജ്യത്തെ പൊതുസമ്പത്ത് നശിപ്പിക്കരുതെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

അധികാര കൈമാറ്റത്തില്‍ സഹകരിക്കാന്‍ പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചതോടെ ഔദ്യോഗിക കൈമാറ്റം വരെ രാജ്യത്തെ സ്ഥാപനങ്ങള്‍ പ്രധാനമന്ത്രിയുടെ അധികാര പരിധിയില്‍ തന്നെയുണ്ടാകുമെന്ന് വിമത നേതാവ് പറഞ്ഞു. സിറിയ സ്വാതന്ത്രം ആയെന്നാണ് വിമതരുടെ പ്രതികരണം. ഏകാധിപതി അസദ് രാജ്യം വിട്ടെന്നും വിമതര്‍ അവകാശപ്പെട്ടു. അസദില്‍ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന വിമതരുടെ പ്രഖ്യാപനത്തിനു പിന്നാലെ ഡമാസ്‌കസില്‍ ജനങ്ങള്‍ ആഘോഷം ആരംഭിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.




സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചുപോയതായി യുദ്ധവിവരങ്ങള്‍ നിരീക്ഷിക്കുന്ന സംഘത്തെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു. അസദിനെ പിന്തുണയ്ക്കുന്ന തങ്ങളുടെ സേന സിറിയന്‍ തലസ്ഥാനനഗരത്തിലെ പ്രദേശങ്ങള്‍ ഉപേക്ഷിച്ചുപോയെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനയായിരുന്നു ഹിസ്ബുല്ല. സിറിയയിലെ ലറ്റാകിയ, ലെബനനിലെ ഹെര്‍മല്‍ മേഖല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഹിസ്ബുല്ലയുടെ സൈനികര്‍ പിന്മാറിയത്.

ഡമാസ്‌കസിലേക്ക് പ്രവേശിക്കുകയാണെന്ന് വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷംസ് നേരത്തേ അറിയിച്ചിരുനു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര്‍ അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കന്‍ പ്രദേശങ്ങളും കയ്യടക്കി.

ഡമാസ്‌കസില്‍ ആകെ സംഘര്‍ഷാവസ്ഥയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പണം പിന്‍വലിക്കാനായി എടിഎമ്മിനു മുന്നില്‍ നീണ്ട ക്യൂ ആണ്. സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയും കൂടുന്നു. നിരത്തുകളില്‍ ഗതാഗതക്കുരുക്ക് ശക്തമായി അനുഭവപ്പെടുന്നു. എല്ലാവരും പേടിച്ചിരിക്കുകയാണെന്നാണു വിവരം. അസദിന്റെ പിതാവ് അന്തരിച്ച ഹാഫിസ് അല്‍ അസദിന്റെ പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തു. നൂറുകണക്കിന് സിറിയന്‍ സൈനികര്‍ക്ക് അഭയം കൊടുത്തതായി ഇറാഖ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 2000ത്തില്‍ പരം സൈനികരുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

സിറിയയിലെ അല്‍ ഖായിദയുടെ ഉപ സംഘടനയാണ് ഹയാത്ത് തഹ്രീര്‍ അല്‍ ഷംസ്. പാശ്ചാത്യ രാജ്യങ്ങള്‍ ഭീകര സംഘടനായായി മുദ്രകുത്തിയിട്ടുള്ള സംഘടനയുമാണിത്. അതിനിടെ ഇതുവരെ 3.70 ലക്ഷം ജനങ്ങള്‍ അഭയാര്‍ഥികളായിട്ടുണ്ടെന്ന യുഎന്നിന്റെ കണക്കും പുറത്തുവന്നിരുന്നു. സിറിയന്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഒരു ഭീകരസംഘടനയെ അനുവദിക്കില്ലെന്ന് നിയുക്ത യുഎസ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

ഡമാസ്‌കസ് അടക്കം പലയിടത്തും ജനം തെരുവിലാണ്. പ്രസിഡന്റിന്റെ പ്രതിമകള്‍ പലയിടത്തും തകര്‍ക്കപ്പെടുന്നുണ്ട്. വിദേശത്ത് താമസിക്കുന്ന രാജ്യത്തെ പൗരന്മാരോട് സ്വതന്ത്ര സിറിയയിലേക്ക് മടങ്ങാന്‍ വിമതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സിറിയയില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു, അസാദ് രാജ്യം വിടുകയും ഭരണവിരുദ്ധ സേന തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ബൈഡനും സംഘവും സിറിയയിലെ അസാധാരണ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രാദേശിക പങ്കാളികളുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.